കൊച്ചി: എറണാകുളം മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി കൂടി മരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മരട് ജനത റോഡ് പാടത്ത് ലെയിനില്‍ വന്‍പുള്ളി വീട്ടില്‍ കരോള്‍ (5) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ മരണ സംഖ്യ നാലായി.
Also Read : സ്കൂള്‍ വാന്‍ അപകടത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്
അപകടത്തില്‍ വിദ്യാലക്ഷ്മി (4), ആദിത്യന്‍ (4) എന്നീ കുട്ടികളും മരടിലെ കിഡ്സ് വേള്‍ഡ് എന്ന ഡേകെയറിലെ ആയയുമായ ലത (34) എന്നിവര്‍ മരണപ്പെട്ടിരുന്നു. വാന്‍ ഡ്രൈവര്‍ അനില്‍കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അനില്‍കുമാറിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തിരുന്നു. മരട് കാട്ടിക്കുളം റോഡിലെ ക്ഷേത്രക്കുളത്തിലേക്കായിരുന്നു സ്‌കൂള്‍ വാഹനം മറിഞ്ഞത്.
അപകടകരമായ സാഹചര്യത്തില്‍ റോഡിന് സമാന്തരമായി കുളമുണ്ടായിട്ടും അവിടെ സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാത്തത് വീഴ്ചയായി അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ അനില്‍കുമാര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കില്‍ അവരെയും പ്രതി ചേര്‍ക്കുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments