Kerala

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് ജന്മനാടിന്റെ ആവേശോജ്വലമായ സ്വീകരണം

കോട്ടയം: എവിടെ നിന്നൊക്കെ സ്വീകരണം ലഭിച്ചാലും സ്വന്തം നാട്ടില്‍ നിന്നും കിട്ടുന്ന സ്വീകരണത്തിന് ഒരു പ്രത്യേക മധുരമാണ്. ഇത്തരത്തില്‍ ഒരു മധുരം നുണയുകയാണ് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അദ്ദേഹത്തിന്റെ മാതൃവിദ്യാലയമായ ഇളംകാവ് ഗവ. യുപി സ്‌കൂളില്‍ വമ്പിച്ച സ്വീകരണമണ് കുമ്മനത്തിന് ലഭിച്ചത്. ഞായറാഴ്ച വൈകീട്ട് തിരക്കിട്ട പരിപാടികള്‍ക്കൊടുവിലാണ് അദ്ദേഹം സ്‌കൂളിലെത്തിയത്.

read also: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തി

‘സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും നല്‍കിയ ഈ സ്വീകരണം ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതാണ്. ഒന്നാം ക്ലാസുമുതല്‍ അഞ്ചുവരെയാണ് താന്‍ ഈ സ്‌കൂളില്‍ പഠിച്ചത്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ ചടങ്ങില്‍ നന്ദി പറയാനാണ് ആദ്യം സ്റ്റേജില്‍ കയറിയത്. കാണാതെ പഠിച്ചാണ് എത്തിയത്. നന്ദി പറഞ്ഞ് പകുതിയായപ്പോള്‍ പ്രസംഗം മറന്നു. കുട്ടികള്‍ കളിയാക്കി. സാരമില്ലെന്നു പറഞ്ഞ് അധ്യക്ഷനായ എം.പി.ഗോവിന്ദന്‍നായര്‍ തോളില്‍ത്തട്ടി ആശ്വസിപ്പിച്ചു. ക്ലാസ് ടീച്ചര്‍ സരോജനിയമ്മ അഭിനന്ദിച്ചു. പറഞ്ഞിടത്തോളം നന്നായിരുന്നുവെന്ന അവരുടെ വാക്കുകള്‍ ആശ്വാസം പകരുന്നതായി. പിന്നീട് വാശിയായി. കൊച്ചുകൊച്ചു പ്രസംഗങ്ങള്‍ നടത്താന്‍ പഠിച്ചു. ഏഴ്, എട്ട് ക്ലാസുകളിലായപ്പോഴേക്കും സമ്മാനങ്ങളും ലഭിച്ചുതുടങ്ങി. തന്റെ ജീവിതത്തില്‍, സരോജനിയമ്മ ടീച്ചറുടെ അഭിനന്ദനവാക്കുകള്‍ക്ക് ഏറെ പ്രയോജനമുണ്ടായി’- കുമ്മനം അനുസ്മരിച്ചു.

ജനിച്ച നാട്ടില്‍നിന്നാണ് തനിക്ക് പൊതുപ്രവര്‍ത്തനത്തിനുള്ള ഊര്‍ജം പകര്‍ന്നുകിട്ടിയതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തുടര്‍ന്ന് തറവാട്ട് വീട്ടിലെത്തിയ കുമ്മനത്തെ സഹോദരങ്ങളും ബന്ധുക്കളും ചേര്‍ന്നാണ് സ്വീകരിച്ചത്. കുമ്മനം നാട്ടിലെത്തുമെന്ന വിവരമറിഞ്ഞതു മുതല്‍ കുമ്മനം ഇളംകാവ് ദേവീ ക്ഷേത്രത്തിനു സമീപമുള്ള പാര്‍വതി മന്ദിരം വീട് ഉത്സവലഹരിയിലായിരുന്നു.

രാവിലെ നാട്ടകം ഗസ്റ്റ് ഹൗസില്‍ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരണച്ചടങ്ങോടെയാണു ജില്ലയില്‍ കുമ്മനത്തിന്റെ പരിപാടികള്‍ക്കു തുടക്കമായത്. ക്ഷേത്രദര്‍ശനവും ഉദ്ഘാടനച്ചടങ്ങുകളും കഴിഞ്ഞു വൈകുന്നേരത്തോടെ വീട്ടിലെത്തി. സുഹൃത്തുക്കള്‍, ബി.ജെ.പി. പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ തറവാട്ടു വീട്ടില്‍ കുമ്മനത്തെ കാണാനെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button