Kerala

അവശയായ സ്ത്രീയ്ക്ക് വീട്ടമ്മ ഇരിയ്ക്കാന്‍ സീറ്റ് നല്‍കി : വീട്ടമ്മയ്ക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ

മൂവാറ്റുപുഴ: തിരക്കുള്ള ബസില്‍ യാത്ര ചെയ്തിരുന്ന അവശയായ സ്ത്രീയ്ക്ക് വീട്ടമ്മ ഇരിക്കാന്‍ സീറ്റ് നല്‍കിയതായിരുന്നു. എന്നാല്‍ അതിത്ര വിനയാകുമെന്ന് കരുതിയില്ല. വീട്ടമ്മയുടെ അരലക്ഷത്തോളം രൂപയാണ് നഷ്ടമായത്.  മൂവാറ്റുപുഴ പായിപ്ര മാനാറി മുണ്ടയ്ക്കല്‍ വീട്ടില്‍ സീതാലക്ഷ്മിയുടെ 46000 രൂപയാണ് നഷ്ടമായത്.

കഴിഞ്ഞ മെയ് 22ന് മൂവാറ്റുപുഴയില്‍ നിന്ന് പട്ടിമറ്റത്തേയ്ക്ക് യാത്ര ചെയ്യുമ്പാഴാണ് സംഭവം. ബസില്‍ നല്ല തിരക്കുണ്ടായിരുന്നത് കൊണ്ടാണ് കണ്ടാല്‍ അവശയെന്ന് തോന്നിക്കുന്ന സ്ത്രീയ്ക്ക് ഇരിയ്ക്കാനായി തന്റെ സീറ്റില്‍ സീതാലക്ഷ്മി സൗകര്യം ഒരുക്കി നല്‍കിയത്. പിന്നീട് വീട്ടില്‍ എത്തിയപ്പോഴാണ് എടിഎം കാര്‍ഡും പണവും പോയെന്ന കാര്യം തിരിച്ചറിഞ്ഞത്. സീതാലക്ഷ്മിയുടെ ബാഗില്‍നിന്ന് എടിഎം കാര്‍ഡ് കവര്‍ന്ന സ്ത്രീ 40,000 രൂപയാണ് പിന്‍വലിച്ചത്. ബാഗിലുണ്ടായിരുന്ന 6000 രൂപയും മോഷ്ടിച്ചിരുന്നു.

കാര്‍ഡ് പോയെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് മൂന്ന് തവണയായി എടിഎമ്മില്‍നിന്ന് 40,000 രൂപ നഷ്ടമായി. ഇതിന്റെ സന്ദേശം മൊബൈലില്‍ എത്തുകയും ചെയ്തു. തന്റെ കാര്‍ഡില്‍ തന്നെ പിന്‍ നമ്പര്‍ എഴുതി വെച്ചു എന്ന മണ്ടത്തരമാണ് സീതാലക്ഷ്മിയ്ക്ക് പണം നഷ്ടപ്പെടുത്തിയത്.

പണം പിന്‍വലിച്ച എടിഎം മെഷീനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. എസ്ബിഐ ശാഖയില്‍നിന്നും ഫെഡറല്‍ ബാങ്ക് ശാഖയില്‍നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നത്.

സീതാലക്ഷ്മി നല്‍കിയ പോലീസ് പരാതിയുടെ അടിസ്ഥാനത്തിലാണ് പണം മോഷ്ടിച്ചയാളെ തിരിച്ചറിഞ്ഞത്. എന്നാല്‍, പണം മോഷ്ടിച്ച സ്ത്രീയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോലീസ് ഇവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button