കൊല്ലം: വീണ്ടും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ ഒരുകാലത്ത് പിടിച്ചുകുലുക്കിയ കേസായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്. ഇതില്‍ രസകരമായതും എന്നാല്‍ ഗൗരവമേറിയതുമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ചാരക്കേസിന് കാരണക്കാരന്‍ ഋഷിരാജ് സിംഗാണ് എന്നാണ് സെന്‍കുമാറിന്റെ പരാമര്‍ശം. 1994ല്‍ തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമ്മീഷണറായിരിക്കുന്ന സമയത്ത് ഋഷിരാജ് സിംഗിന് പോലീസ് ക്വാര്‍ട്ടേഴ്സോ വാടകവീടോ ലഭിക്കാത്തതിന്റെ കാരണമാണ് ഐഎസ്ആര്‍ഒ ചാരക്കേസെന്ന് സെന്‍കുമാര്‍ പറഞ്ഞു. സിഐഎയും ക്രയോജനിക് എന്‍ജിനുമൊന്നും ഇതിലില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
ഋഷിരാജ് വീടുനോക്കുന്ന സമയത്ത് തിരുവനന്തപുരത്ത് നല്ല വീടുകളൊക്കെ മാലിയില്‍ നിന്നുള്ളവര്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്ന് കണ്ടെത്തിയിരുന്നു. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കാന്‍ ഋഷിരാജ് സിംഗ് ആവശ്യപ്പടുകയും തുടര്‍ന്ന് മറിയം റഷീദ താമസിച്ചിരുന്ന സ്ഥലത്തെത്തുകയും പാസ്പോര്ട്ടില് ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. അങ്ങനെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫോണ്‍ നമ്പര്‍ ശേഖരിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസിലായത്. കേസിന്റെ തുടക്കം മുതല്‍ ഈ വിവരം മൂടിവെച്ചിരിക്കുകയായിരുന്നുവെന്നും മുന്‍ ഡിജിപി പറയുന്നു. അതേസമയം കൂടുതല്‍ കാര്യങ്ങള്‍ സംബന്ധിച്ച് താന്‍ പുസ്കതമെഴുതുന്നുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.
സിഐഎ ക്രയോജനിക് എന്ജിന് എന്നൊക്കെ പറയുന്നത് വലിയ തമാശയാണ്. സംഭവം നടക്കുമ്പോള്‍ ക്രയോജനിക എന്‍ജിനെ കുറിച്ച് യാതൊന്നും ഇന്ത്യക്ക് അറിയില്ലായിരുന്നു. അതറിയാവുന്ന ശാസ്ത്രജ്ഞരും ഐഎസ്ആര്‍ഒയിലുണ്ടായിരുന്നില്ല. ഇക്കാര്യം ചെയര്‍മാനായിരുന്ന മാധവന് നായര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അതേസമയം പിന്നീട് മുഖ്യമന്ത്രി ഇകെ നായനാര്‍ തന്നെ വിളിച്ച് ചാരക്കേസ് സിബിഐക്ക് നല്കിയ അനുമതി റദ്ദാക്കി സംസ്ഥാന പോലീസ് പുനരന്വേഷിക്കാന്‍ പോകുകയാണെന്ന് പറഞ്ഞു. നിയമപരമായി ഇതിന് സാധ്യതയില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഉണ്ടെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. അങ്ങനെ ആ കേസില്‍ അന്വേഷിച്ചതിന്റെ ഫലം തനിക്ക് അനുഭവിക്കേണ്ടി വന്നെന്നും സെന്‍കുമാര്‍ പറഞ്ഞു.
Post Your Comments