വാഷിങ്ടണ്‍ : കിടക്കയില്‍ നിന്നും ഉറക്കമുണര്‍ന്ന ആ അഞ്ച് വയസ്സുകാരിക്ക് കാലുകള്‍ നിലത്തു കുത്താനായില്ല. അതിനു മുമ്പെ അവള്‍ കുഴഞ്ഞുവീണു. ബഹളം വെച്ച് നടന്നിരുന്ന അവള്‍ക്ക് ഉറങ്ങുംവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. ഇതായിരുന്നു മാതാപിതാക്കളെയും ആശങ്കയിലാക്കിയത്. അമേരിക്കയിലെ മിസ്സിസിപ്പിയിലായിരുന്നു സംഭവം.
രാത്രി പോലും ബഹളം വെച്ച് നടന്ന കുട്ടിയാണ് അഞ്ച് വയസ്സുകാരിയായ കെയ്ലിന്‍. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് തലമുടി കെട്ടിയൊതുക്കുമ്പോഴാണ് ചോരകുടിച്ച് കിടക്കുന്ന പേന്‍ചെള്ളിനെ വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഡോക്ടറെ കാണിക്കാനായി അമ്മ ജെസ്സീക്ക ഗ്രിഫിന്‍ ചെള്ളിനെ പിടിച്ച് കവറിനുള്ളിലാക്കി കൊണ്ടു പോയിരുന്നു.
അമ്മയുടെ സംശയം ശരിയായിരുന്നു. വിവിധ തരത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് കുട്ടിയുടെ രോഗം സംബന്ധിച്ച അനുമാനത്തിലെത്താന്‍ സാധിച്ചത്. അഞ്ചുവയസ്സുകാരിയായ കെയ്‌ലിനെ പിടികൂടിയത് അത്ര സാധാരണമല്ലാത്ത ടിക് പാരലസിസ് എന്ന അവസ്ഥ ആണ്. കുട്ടികളുടെ തലയിലെ ചെള്ളുകള്‍ ഇത്ര ഭീകരമായ അവസ്ഥയില്‍ അവരെ കൊണ്ടെത്തിക്കുമെന്നത് ഗ്രഫിന് മാത്രമല്ല ഈ വാര്‍ത്ത കേട്ട പല അമ്മമാര്‍ക്കും പുതിയ അറിവായിരുന്നു. സാധാരണ കാണുന്ന പേന്‍ പോലെയല്ലെങ്കിലും പേനിനെ പോലെത്തന്നെ മനുഷ്യശരീരത്തിലെ രോമങ്ങള്‍ക്കിടയിലും തലയിലെ മുടിയിലുമാണ് ഈ ചെള്ളിനെ കാണാനാവുന്നത്. തളര്‍ന്ന അവസ്ഥ തരണം ചെയ്ത് സാധാരണ നിലയിലേക്ക് കെയ്‌ലിന്‍ എത്തി തുടങ്ങിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്കാണ് കൂടുതലും ഇത്തരം ഒരവസ്ഥയുണ്ടാക്കുന്നത്. മുടി കൂടുതലുള്ള പെണ്‍കുട്ടികളുടെ തലയില്‍ ഇത്തരം ചെള്ളുകള്‍ക്ക് ഒളിക്കാന്‍ സാധിക്കുന്നതാണ് കാരണം. ‘പെണ്‍ പേന്‍ ചെള്ളുകളാണ് ഈ അവസ്ഥയുണ്ടാക്കുന്നത്. തലയിലെ ചോരയൂറ്റി കുടിക്കുന്ന ചെള്ളുകള്‍ ന്യൂറോ ടോക്‌സിന്‍ പുറത്തു വിടും. ഇതാണ് പക്ഷാഘാതത്തിന് വഴിവെക്കുന്നത്. പേന്‍ ചെള്ളിന്റെ ഉമിനീര്‍ ഗ്രന്ഥികലാണ് ഈ വിഷം പുറത്ത് വിടുന്നത്’, അമേരിക്കന്‍ ലിം ഡിസീസ് ഫൗണ്ടേഷന്‍ പറയുന്നു. കാലാണ് ആദ്യം തളര്‍ന്നു പോവുക. പിന്നീട് മറ്റ് പല അവയവങ്ങളിലേക്കും വ്യാപിക്കും. തലചുറ്റലും ചലന ശേഷി നഷ്ടപ്പെട്ട് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ വരെ ഇത് ഉണ്ടാക്കും.ശ്വാസം പോലും വലിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ വരെയെത്തി മരണ വരെ സംഭവിച്ചേക്കാം.
Post Your Comments