ധനുസ്സ് എന്നാൽ വില്ല്. ഞാൺ വലിച്ചുമുറുക്കിയ വില്ലുപോലെ കാണപ്പെടുന്നതിനാലാണ് ഇതിന് ഈ പേര് വന്നത്. സന്ധി പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ ഈ യോഗ ഏറെ പ്രോയോജനപ്പെടും. ധനുരാസനത്തിന് മുന്നോടിയായി ചെയ്യാവുന്നതാണ് അർധ ധനുരാസനം. ഒരു കാലിന്റെ ആകൃതി വില്ലിന്റേതാകുന്നതിനാൽ അർധ ധനുരാസനം എന്ന പേര് കിട്ടി.
ധനുരാസനം ചെയ്യുന്ന രീതി :
കമിഴ്ന്ന് കിടക്കുക. കാലുകൾ ഉയർത്തുക. കൈകൾ കൊണ്ട് കാൽപ്പാദ സന്ധിയിൽ പിടിക്കുക. കാലുകൾ ശക്തിയായി പിന്നോട്ട് വലിച്ചുകൊണ്ട് വയറുമാത്രം നിലത്തുപതിക്കത്തക്കവിധത്തിൽ ഉയരുക. ദൃഷ്ടി മുന്നോട്ട്.
കാലിലെ സന്ധികൾക്കും പേശികൾക്കും നട്ടെല്ലിനും വലിവ് കിട്ടുന്നു. വയറിൽ ഭാരം വരുന്നതിനാൽ അവിടെ നല്ല മർദം കിട്ടുന്നു. ഉദരത്തിലെ അവയവങ്ങൾക്കും ഗ്രന്ഥികൾക്കും മർദം കിട്ടുന്നു. വയറ‌് കുറയുന്നു. കഴുത്തും ചുമലുകളും വിരിയുന്നു. ദഹനത്തിന് നല്ലതാണ്. ശരീരത്തിന് ആകൃതി നൽകുന്നു. പിരിമുറുക്കം കുറയ്ക്കുന്നു. ആർത്തവ പ്രശ്നങ്ങളകറ്റുന്നു. ശരീരത്തിന്റെ ഭാരം കുറയ്ക്കാനും സഹായകരമാണ്.
അർധ ധനുരാസനം ചെയ്യുന്ന രീതി :
കമിഴ്‌ന്നു കിടക്കുക. കൈകൾ മുന്നിൽ നിവർത്തി പതിച്ചുവയ്ക്കുക. വലതു കാൽമുട്ടിൽ മടക്കി 90 ഡിഗ്രിയിൽ ഉയർത്തുക. വലതു കൈകൊണ്ട് വലതു കാലിന്റെ ഞരിയാണിയിൽ പിടിക്കുക.
ശ്വാസം എടുത്തുകൊണ്ട് നല്ലവണ്ണം വലിയുക. കാൽപ്പാദം കൊണ്ട് കൈയിനെ പിന്നോട്ട് വലിക്കണം. അപ്പോൾ നെഞ്ച് ഉയർന്നുവരും. ഇടതു കൈയും ഇടതു കാലും മുട്ടുകൾ മടങ്ങാതെ കഴിയുന്നത്ര ഉയർത്തണം. ഉദരഭാഗം മാത്രമേ നിലത്തുണ്ടാകൂ. 30 സെക്കൻഡു വരെ ഈ സ്ഥിതിയിൽ സാധാരണം ശ്വാസം ചെയ്തുകൊണ്ട് നിലകൊള്ളുക.
വയറിന് കട്ടി കുറയും. കൈകാലുകളുടെ മാംസപേശികൾക്ക് ബലം കിട്ടുന്നു. നടുവുവേദന, കഴുത്തു വേദന മുതലായവയ്ക്ക് ഗുണം കിട്ടും. ഓരോ ഭാഗത്തെയും ശ്വാസകോശങ്ങൾക്ക് വലിവും വികാസവും ശക്തിയും കിട്ടുന്നു. ആസ്ത്മ വരാതിരിക്കാനും ഭേദപ്പെടാനും ഈ ആസനം ഗുണകരമാണ്.
Post Your Comments