വിവാഹത്തട്ടിപ്പ് ഇന്ന് വര്‍ധിച്ചു വരുന്ന കുറ്റകൃത്യമാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍. കാലങ്ങളായി ഇത്തരം കേസുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കിലും ഇതിനെതിരെ ശക്തമായ നിയമം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വിദേശ രാജ്യങ്ങളില്‍ വിവാഹ തട്ടിപ്പ് മൂലം പെട്ടുപോകുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. ഈ കുറ്റകൃത്യത്തെ ചെറുക്കാനായി ശക്തമായ നിയമം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹം തന്നെ. ഏതാനും ദിവസം മുന്‍പാണ് വിദേശത്തുള്ള ഭര്ത്താക്കന്മാര് ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാനുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. വിദേശത്തുള്ളവര്‍ വിവാഹം കഴിച്ചാല്‍ അത് ഒരാഴ്ച്ചയ്ക്കുള്ളില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും പാസ്പോര്ട്ടില് രേഖപ്പെടുത്തണെമന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. വിദേശത്തുള്ള ഭര്ത്താക്കന്മാര് ഭാര്യമാരെ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ പെരുകി വന്ന പശ്ചാത്തലത്തിലാണിത്. വാട്ട്സാപ്പ് വഴി വിദേശത്തുള്ള ഭര്‍ത്താവ് മൊഴി ചൊല്ലി എന്നതടക്കമുള്ള വാര്‍ത്തകള്‍ കഴിഞ്ഞയിടെ മാധ്യമങ്ങളില്‍ പെരുകിയിരുന്നു. കൂടാതെ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളുകളുടെ പാസ്പോര്‍ട്ട് അസാധുവാക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി പാസ്പോര്‍ട്ട് നിയമത്തിലും മാറ്റങ്ങള്‍ വരുത്തും.
വിദേശത്തുള്ള ഭര്ത്താക്കന്മാര് പങ്കാളികളെ ഉപേക്ഷിക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാനലിനെ നിയോഗിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജ്, രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, മേനക ഗാന്ധി എന്നിവരുള്‍പ്പടെയുള്ളവരാണ് പാനലിലുള്ളത്. നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച്ച പ്രത്യേക മീറ്റിങ്ങും നടത്തി. ഭാര്യമാരെ ഉപേക്ഷിക്കുന്നവര്‍ക്ക് സ്വത്തുക്കളില്ലെങ്കില്‍ കുടുംബസ്വത്തില്‍ നിന്ന് പങ്ക് പിടിച്ചെടുക്കണമെന്നായിരുന്നു മീറ്റിങ്ങില്‍ സുഷമ സ്വരാജും മേനക ഗാന്ധിയും ആവശ്യപ്പെട്ടത്. പക്ഷേ ഇത് നിയമ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. 2015 വരെ 3328 പരാതികളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഭര്ത്താക്കന്മാര്ക്കെതിരെ വന്നിരിക്കുന്നത്.
നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന വിവാഹ തട്ടിപ്പ് കേസുകള്‍ ജനങ്ങളില്‍ ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. നിയമം പ്രാബല്യത്തില്‍ കൊണ്ടു വരുന്നതിനൊപ്പം ഒരു വസ്തുത കൂടി സര്‍ക്കാര്‍ ഉറപ്പിച്ച് പറയുന്നു. വിവാഹം സംബന്ധിച്ച പരാതിയിന്മേല് സമന്‍സ് അയച്ചിട്ടും കൈപ്പറ്റിയില്ലെങ്കില്‍ ഇത്തരക്കാരെ കുടുക്കാനുള്ള നിയമവും സര്‍ക്കാര്‍ കൊണ്ടു വരുന്നുണ്ട്. ഇത്തരത്തിലുള്ളവരുടെ സമന്‍സ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനും ഇതിനു ശേഷം സ്വീകരിച്ചതായി പരിഗണിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. തെറ്റായ മേല്‍വിലാസം നല്കി ഭാര്യമാരെ പറ്റിക്കുന്ന ഭര്ത്താക്കന്മാര്ക്ക് ഈ നിയമം ശരിക്കും തിരിച്ചടിയാകും. വിവാഹത്തിനായി നുണ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമം എത്രത്തോളം തടയിടുമെന്ന് കണ്ടു തന്നെ അറിയണം. വിവാഹത്തട്ടിപ്പില്‍ കുരുങ്ങി ജീവിതം വഴിയാധാരമാകാന്‍ ഇനി ഒരു സ്ത്രീയ്ക്കും ഇട വരരുത്.
കേന്ദ്ര സര്‍ക്കാര്‍ ഈ നിയമം തിരക്കിട്ട് നടപ്പാക്കുമ്പോഴും ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്. ഇത്തരത്തില്‍ തട്ടിപ്പിനിരയായവരുടെ ആയിരക്കണക്കിന് കേസുകളാണ് കോടതികളില്‍ കെട്ടികിടക്കുന്നത്. പുതിയതായി കൊണ്ടു വരുന്ന നിയമം ഈ കേസുകളിലും ബാധകമാണെന്ന വിജ്ഞാപനം നടത്തി കേസുകള്‍ അതിവേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. വിവാഹം നടന്നയാളാണോ എന്ന വസ്തുത കഴിവതും എല്ലാ രേഖകളിലും ഉള്‍പ്പെടുത്തണം. വിവാഹ ബന്ധം വേര്പെടുത്തയിട്ട് മറ്റ് വിവാഹം കഴിക്കാത്ത ആളാണെങ്കില്‍ വിവാഹ മോചിതന്‍ അല്ലെങ്കില്‍ മോചിത എന്ന് വസ്തുത കഴിവതും ഉള്‍പ്പെടുത്താനും നിയമം കൊണ്ടുവരണം. വിവാഹ തട്ടിപ്പ് തടയുന്നതിന് ഒരു പരിധി വരെ ഇതും സഹായിക്കും.
മനുഷ്യ ജീവിതത്തിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങളില്‍ ഒന്നാണ് വിവാഹം. അതില്‍ ചുവട് തെറ്റിയാല്‍ ഒരാള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ തിരിച്ചടികള്‍ ചെറുതല്ല. വിദേശരാജ്യങ്ങളില്‍ മിക്കതും വിവാഹം സംബന്ധിച്ച നിയമങ്ങള്‍ ഇപ്പോഴും ശക്തമാണ്. പ്രവാസികളിലെ വിവാഹ തട്ടിപ്പ് മാത്രമല്ല സ്വദേശത്ത് നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെയും ശക്തമായ നിയമം കൊണ്ടുവരണം. ഇത്തരം തട്ടിപ്പുകള്‍ മുന്‍കൂട്ടി തടയാന്‍ സാധിക്കണമെങ്കില്‍ നുണ പ്രചരിപ്പിക്കുന്ന സംഗതിയെ അപ്പടെ ഇല്ലാതാക്കുന്ന തരത്തിലുള്ള നിയമങ്ങള്‍ ശക്തമാക്കിയേ മതിയാകൂ. സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന രേഖകളിലാണ് ഒരാളുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.
കടലാസുകളില്‍ മാത്രമല്ല സാങ്കേതിക വിദ്യ അതിന്റെ മൂര്‍ധന്യത്തിലെത്തി നില്ക്കുന്ന ഈ കാലത്ത് സര്‍ക്കാര്‍ നിയന്ത്രണങ്ങളോടും കൃത്യമായ ചട്ടങ്ങളോടും കൂടി ഒരാളുടെ വിവരങ്ങള്‍ ആവശ്യമെന്തെന്ന് കണ്ടെത്തി ഓണ്‍ലൈന്‍ വഴി കൈമാറുന്നതിനും നിയമം വരണം. കൂടാതെ ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതോടെ ഇത്തരം കുറ്റകൃത്യങ്ങള്‍ കുറഞ്ഞ് വരട്ടെ. വിവാഹമെന്നത് വെറും ചടങ്ങല്ലെന്നും സ്നേഹവും വിശ്വാസ്യതയുമാണ് അടിസ്ഥാനമെന്നും പണവും പ്രതാപവും വെറും മായാ കാഴ്ച്ചകളാണെന്ന സത്യം തിരിച്ചറിയാനും ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്ക് സാധിക്കട്ടെ.
Post Your Comments