തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷൻ സംവിധാനത്തിൽ നിന്നും ഇടനിലക്കാരായ ഊരാളുങ്കല്‍ സൊസൈറ്റിയെ ഒഴിവാക്കിയതോടെ എം.ഡി ടോമിൻ തച്ചങ്കരിയെ നോട്ടപ്പുള്ളിയാക്കി സിപിഎം നേതാക്കള്‍. ഇടനിലക്കാരെ ഒഴിവാക്കി ബംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആര്‍.ടി.സി. കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പിട്ടതാണ് നേതാക്കളെ ചൊടിപ്പിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയ്ക്കു വേണ്ടി സിപിഎം നേതാക്കള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നാണ് സൂചന. ടിക്കറ്റൊന്നിന് 3.25 രൂപയാണ് ഇപ്പോൾ കമ്മീഷൻ ചിലവ്. മുൻപ് കെല്‍ട്രോണും ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്നപ്പോൾ ടിക്കറ്റൊന്നിന് കമ്മീഷൻ 15.50 രൂപയായിരുന്നു.
ആന്റണി ചാക്കോ എം.ഡി.യായിരുന്നപ്പോള്‍ അഞ്ചുവര്‍ഷം മുന്‍പാണ് കെല്‍ട്രോണുമായി കരാര്‍ ഒപ്പിട്ടത്. കെല്‍ട്രോണ്‍ ഈ കരാര്‍ ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്കും അവര്‍ അത് ബെംഗളൂരു ആസ്ഥാനമായ റേഡിയന്റ് എന്ന കമ്പനിക്കും നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ റിസര്‍വേഷന്റെ വെബ്സൈറ്റാകട്ടെ പല ദിവസങ്ങളിലും പണിമുടക്കുകയും ചെയ്യുമായിരുന്നു. കോടികളുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. തുടർന്നാണ് ബാംഗ്ലൂരിലുള്ള കമ്പനിക്ക് കരാർ നൽകാൻ തച്ചങ്കരി തീരുമാനിച്ചത്. അതേസമയം കെഎസ്ആര്‍ടിസിയില്‍ നിന്ന് കെല്‍ട്രോണ്‍ അധികമായി ഈടാക്കിയ 4.08 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി കത്തു നല്‍കിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ യാത്രാ ടിക്കറ്റ് ബുക്കിങ് സേവനദാതാക്കളായ റെഡ് ബസിലും ഇനി കെഎസ്ആർടിസിയുടെ ടിക്കറ്റുകൾ ലഭ്യമാകും. റെഡ്ബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന് 4.5 ശതമാനം സര്‍വീസ് ചാർജാണ് നൽകേണ്ടി വരിക.
Post Your Comments