Latest NewsKerala

നടിയെ ആക്രമിച്ച കേസ്: ദിലീപ് സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ വൈകിയതെന്തെന്ന് കോടതി, സർക്കാരിന്റെ കണ്ടെത്തൽ ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദിലീപിന്റെ നടപടി സംശയകരമാണെന്ന തരത്തില്‍ സര്‍ക്കാര്‍ കോടതിയില്‍. ദിലീപിന്റെ കേസ് അന്വേഷിക്കുന്നതിനെ സംബന്ധിച്ച കൃത്യമായ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച്‌ ഇതിന് മുന്‍പ് ആഭ്യന്തര സെക്രട്ടറിക്കും ദിലീപ് കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെടാന്‍ ഇത്രയും കാലതാമസം എന്താണെന്ന് കോടതി ആരാഞ്ഞു. ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേരളാ പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാണ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത്. ആദ്യം പിടിയിലായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി പ്രഥമ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീടാണ് ദിലിപീന് പങ്കുണ്ടെന്ന് സംശയമുയരുന്നത്. ശേഷം ദിലീപിനെ അറസ്റ്റ് ചെയ്യുകയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

കേരളാ പോലീസിനെ വിശ്വാസമില്ലെന്ന നിലപാട് ദിലീപിന്റെ ഹര്‍ജിയിലുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രോസിക്യൂഷന്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണിതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ദിലീപിന്റെ ഹര്‍ജി അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും. ഈ സമയം സിബിഐ നിലപാട് അറിയിക്കും. നിരപരാധിയായ തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നാണും ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ആക്രമണത്തിനിരയായ നടി നേരത്തെ പ്രത്യേക കോടതിയില്‍ വിചാരണ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്നാണ് നടിയുടെ ആവശ്യം. ഈ ഹര്‍ജിയില്‍ 18ന് വിധി പറയും. അതിന് ശേഷം വിചാരണ ആരംഭിക്കുകയും ചെയ്യും. ഇപ്പോള്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ ഉടന്‍ തുടങ്ങിയേക്കില്ല. കേസിന്റെ വിചാരണ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ ദിലീപ് പുതിയ ആവശ്യം ഉന്നയിച്ചത് കേസ് വൈകിപ്പിക്കാന്‍ ആണെന്നാണ്‌ പ്രോസിക്യൂഷന്റെ ആരോപണം.

എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുന്പ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്നാണ് ദിലീപിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നത്. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച്‌ ദിലീപിന് രക്ഷപെടാന്‍ പഴുതില്ലെന്നാണ് മുതിര്‍ന്ന അഭിഭാഷകര്‍ അടക്കം വ്യക്തമാക്കിയത്.

അതുകൊണ്ട് തന്നെ കേരളാ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തെ താരം ഭയക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പള്‍സര്‍ സുനിക്ക് പിന്നിലെ വ്യക്തികളെ പുറത്തു കൊണ്ടു വന്ന് തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ദിലീപിന്റെ നീക്കം.പന്ത്രണ്ട് പേജുള്ള കത്തായിരുന്നു ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്.

ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പൊലീസിന് കൈമാറിയിരുന്നു എന്നാല്‍ ഇതെല്ലാം മറച്ചുവച്ച്‌ തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. റൂറല്‍ എസ്‌പി എവി ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്‌പി സുദര്‍ശന്‍, ഡിവൈഎസ്‌പി സോജന്‍ വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ ദിലീപ് ആവശ്യമുന്നയിച്ചിരുന്നു. പിന്നീട് എവി ജോര്‍ജ് വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കുടുങ്ങി. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചത്.ഒക്ടോബര്‍ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്.

യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങള്‍ കത്തില്‍ അക്കമിട്ടു നിരത്തിയിരുന്നു. ആ വാദങ്ങള്‍ തന്നെയാകും ദിലീപ് ഹൈക്കോടതിയിലും ഉയര്‍ത്തുക. 2017 ഏപ്രില്‍ പത്തിനാണ് പള്‍സര്‍ സുനിയുടെ ആളുകള്‍ തനിക്കെതിരെ ഭീഷണിയുയര്‍ത്തി സംവിധായകന്‍ നാദിര്‍ഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നേരിട്ടുകണ്ട് പരാതി നല്‍കുകയും ചെയ്തു. ഏപ്രില്‍ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയില്‍ ഫോണ്‍ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി.

ഇതുവരെയും ഇവ പരിശോധിക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും കത്തില്‍ പറയുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button