Kerala

കേന്ദ്രസര്‍ക്കാറിനും കേരള സര്‍ക്കാറിനും ഹൈക്കോടതിയുടെ പ്രശംസ

കൊച്ചി: നിപ്പ വൈറസിനെ കുറഞ്ഞ കാലയളവിനുള്ളില്‍ പൂര്‍ണമായും പ്രതിരോധിക്കുന്നതില്‍ മികവു കാട്ടിയ ആരോഗ്യവകുപ്പിനെ പ്രശംസിച്ച് ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകര്‍ അവര്‍ ഏറ്റെടുത്ത ചുമതലകപ്പുറത്ത് നിസ്വാര്‍ത്ഥ സേവനമാണ് കാഴ്ചവെച്ചതെന്നും കോടതി അഭിനന്ദിച്ചു.

നിപ്പ വൈറസ് രോഗം സംബന്ധിച്ച തെറ്റിദ്ധാരണകള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ കോടതി സംതൃപ്തി അറിയിച്ചു. അടിയന്തിര സാഹചര്യത്തില്‍ ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കിയ കേന്ദ്രസര്‍ക്കാരിനേയും ഡിവിഷന്‍ ബെഞ്ച് അഭിനന്ദിച്ചു.

നിപ്പ വൈറസ് രോഗ ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ അതിനെതിരെ രംഗത്തു വന്ന പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ്ബ് വടക്കുംചേരി, ആയൂര്‍വേദ ചികിത്സകനായി അറിയപ്പെടുന്ന മോഹനന്‍ വൈദ്യര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. ഇവരുടെ വീഡിയോകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്.

നിപ്പ വൈറസ് ബാധ വിദേശമരുന്ന് കുത്തകകളുടെയും മറ്റു നിര്‍മ്മിതിയാണെന്ന അവകാശവാദം ഉയര്‍ത്തിയ ഇവരുടെ വീഡിയോ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി.ടി. രവി കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മെയ് ആദ്യവാരമാണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ രോഗ ബാധയെ തുടര്‍ന്ന് പതിനേഴു പേര്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button