Latest News

മൂന്നുവര്‍ഷത്തേക്ക് അഞ്ചു വന്‍പദ്ധതികളുമായി ഊര്‍ജവകുപ്പ്

തിരുവനന്തപുരം•വൈദ്യുതിമേഖലയുടെ സമഗ്രവികസനത്തിന് മൂന്നുവര്‍ഷം കൊണ്ട് നടപ്പാക്കാന്‍ അഞ്ചു വന്‍പദ്ധതികള്‍ക്ക് ഊര്‍ജവകുപ്പ് തുടക്കമിടുന്നു. സൗരോര്‍ജ്ജത്തില്‍ നിന്ന് 1000 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിടുന്ന ‘സൗര’ പദ്ധതി, സമ്പൂര്‍ണ എല്‍.ഇ.ഡി ലൈറ്റുകളാക്കുന്ന ‘ഫിലമെന്റ് രഹിതകേരളം’, വൈദ്യുതി വിതരണശൃംഖല നവീകരിക്കുന്നതിനും തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള ‘ദ്യുതി 2021’, പ്രസരണനഷ്ടം ഗണ്യമായി കുറയ്ക്കുന്ന ട്രാന്‍സ്ഗ്രിഡ് 2.0, സുരക്ഷാപരിശീലനപരിപാടികളും ഉള്‍പ്പെട്ടതാണ് ‘ഇ-സേഫ്’ എന്നിവയാണ് അഞ്ച് പദ്ധതികള്‍. അഞ്ച് പദ്ധതികള്‍ കോര്‍ത്തിണക്കിയ  ഊര്‍ജ്ജകേരളാ മിഷന്‍ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 14 ന് നിര്‍വഹിക്കും.  മൂന്ന് വര്‍ഷത്തിനുള്ളില്‍ സൗരോര്‍ജ്ജത്തില്‍ നിന്ന് 1000 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിടുന്നതാണ് ‘സൗര പദ്ധതി’.  ഇതിന്റെ ഭാഗമായി വീടുകള്‍, സര്‍ക്കാര്‍ – സ്വകാര്യ കെട്ടിടങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മേല്‍ക്കൂരകളില്‍, സൗരോര്‍ജ്ജനിലയം സ്ഥാപിച്ച് 500 മെഗാവാട്ടും ഭൂതല പദ്ധതിയിലൂടെ 200 മെഗാവാട്ടും സോളാര്‍ പാര്‍ക്കിലൂടെ 150 മെഗാവാട്ടും ഫ്‌ളോട്ടിംഗ് നിലയത്തിലൂടെ 100 മെഗാവാട്ടും കനാല്‍ടോപ്പ്-ഹൈവേ പദ്ധതികളില്‍ നിന്നായി 50 മെഗാവാട്ടും ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.

സി.എഫ്.എല്‍, ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവ എല്‍.ഇ.ഡി ലൈറ്റുകളാക്കുന്ന ‘ഫിലമെന്റ് രഹിതകേരളം’  പദ്ധതിയിലൂടെ  ഗാര്‍ഹിക ഉപഭോക്താവിന് എല്‍.ഇ.ഡി വിളക്കുകള്‍  വിതരണം ചെയ്യുകയും വില തവണകളായി വൈദ്യുതി ബില്ലിനൊപ്പം അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യും. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തില്‍ എല്ലാ തെരുവുവിളക്കുകളും എല്‍.ഇ.ഡി യിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.  ഈ പദ്ധതിയിലൂടെ ഏഴരക്കോടി എല്‍.ഇ.ഡി ബള്‍ബുകളും മൂന്നരക്കോടി എല്‍.ഇ.ഡി ട്യൂബുകളും വിതരണം ചെയ്യും.   വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും വൈദ്യുതിതടസ്സങ്ങള്‍ കുറയ്ക്കുന്നതിനും സുരക്ഷിതമായ ശൃംഖല ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിടുന്ന 4035.57 കോടി രൂപയുടെ പദ്ധതിയാണ് ‘ദ്യുതി 2021’.  ഫാള്‍ട്ട്  പാസ്സേജ് ഡിറ്റക്ടര്‍, എയര്‍ ബ്രേക്ക് സ്വിച്ചുകള്‍, ലോഡ് ബ്രേക്ക് സ്വിച്ചുകള്‍, റിംഗ് മെയിന്‍ യൂണിറ്റുകള്‍, കമ്പ്യൂട്ടര്‍ നിയന്ത്രിത വൈദ്യുത വിതരണ സംവിധാനങ്ങള്‍, ഉന്നത വോള്‍ട്ടിലുള്ള വൈദ്യുതിവിതരണ ലൈനുകള്‍, കവചിത ചാലകങ്ങള്‍, പോള്‍ടോപ്പ് വിതരണ ബോക്‌സുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ്  വിതരണമേഖലയെ നവീകരിക്കുന്നത്.

പ്രസരണ രംഗത്ത് ഇന്നനുഭവപ്പെടുന്ന ഞെരുക്കം ഒഴിവാക്കുന്നതിനും പ്രസരണനഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട്  10,000 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ്  ‘ട്രാന്‍സ്ഗ്രിഡ് 2.0’ പദ്ധതിയില്‍ നടപ്പാക്കുന്നത്. ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനത്ത് തെക്ക് വടക്ക് പവര്‍ഹൈവേ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും.  അധികമായി ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ള ഇടനാഴി ഉപയോഗപ്പെടുത്തി ലൈനുകളുടെ വോള്‍ട്ടേജ് നിലവാരം ഉയര്‍ത്തുകയും ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.  പ്രസരണലൈനുകളുടെ തകരാറുകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് വിദൂരനിയന്ത്രിത ഡ്രോണ്‍ നിരീക്ഷണ സംവിധാനവും ഇതില്‍ ഉള്‍പ്പെടുന്നു.
വൈദ്യുതി പ്രതിഷ്ഠാപനങ്ങളിലെ പ്രവൃത്തികള്‍ സുരക്ഷിതമായി നടപ്പാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദേശങ്ങളും സുരക്ഷാപരിശീലനപരിപാടികളും ഉള്‍പ്പെട്ടതാണ് ‘ഇ-സേഫ്’ പദ്ധതി. ഗുണമേന്മയുള്ള വൈദ്യുതി സുരക്ഷിതമായി ഉറപ്പാക്കുന്നതിന് പവര്‍ ക്വാളിറ്റി ഓഡിറ്റ്  നടത്തുക,  കുടുംബശ്രീ,  അയല്‍ക്കൂട്ടം, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ആശാവര്‍ക്കര്‍ എന്നിവ മുഖേന സുരക്ഷാബോധവത്ക്കരണ പരിപാടികള്‍  സംഘടിപ്പിക്കുക എന്നിവയാണ് പദ്ധതിയിലെ ഘടകങ്ങള്‍.  കെ.എസ്.ഇ.ബി, അനെര്‍ട്ട്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവര്‍ സംയുക്തമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.
ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന ഊര്‍ജകേരള മിഷന്‍ പ്രഖ്യാപന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ദേവസ്വം, സഹകരണം, ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  മുഖ്യപ്രഭാഷണം നടത്തും. ട്രാന്‍സ്ഗ്രിഡ് 2.0 ഡ്രോണ്‍ കൈമാറ്റവും ഇ-സേഫ് സുരക്ഷാവീഡിയോ പ്രകാശനവും നടക്കും.’സൗര’ പദ്ധതിയില്‍ രജിസ്‌ട്രേഷനായുള്ള വെബ്‌സൈറ്റിന്റെ  ലോഞ്ചിംഗ് വി.എസ്.ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും.  ‘ദ്യുതി 2021’ ന്റെ ഡിജിറ്റല്‍ മാപ്പ് പ്രകാശനവും ഡി.പി.ആര്‍ പ്രകാശനവും മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിക്കും.  സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ മാപ്പ് തയ്യാറാക്കാനുള്ള സാങ്കേതിക സഹായം നല്‍കിയത് സര്‍ക്കാര്‍ സംരംഭമായ ഇക്‌ഫോസ് ആണ്.  ഇക്‌ഫോസ് ഡയറക്ടര്‍ ഡോ.സി.ജയശങ്കര്‍ പ്രസാദിനും ഫാള്‍ട്ട് പാസേജ് ഇന്‍ഡിക്കേറ്റര്‍ വികസിപ്പിച്ചെടുത്ത കെ.എസ്.ഇ.ബി. ജീവനക്കാരായ ശ്രീറാം പി.വി, എ. സുനില്‍കുമാര്‍ എന്നിവര്‍ക്കും ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും.

ഊര്‍ജ്ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കെ.എസ്.ഇ.ബി.എല്‍ ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, അനെര്‍ട്ട്  ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.സി.  അനില്‍ കുമാര്‍, കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എന്‍.എസ്.പിള്ള, എനര്‍ജി  മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button