ഖത്തര്‍: ഈ പള്ളിയില്‍ നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണത്തിനൊപ്പം വിലകൂടിയ സമ്മാനങ്ങളും സ്വന്തമാക്കാം. പറഞ്ഞുവരുന്നത് ഖത്തറിലെ പള്ളിയെ കുറിച്ചാണ് . അല്‍വാബിലെ ഈ മസ്ജിദിനോട് ചേര്‍ന്ന ഇഫ്താര്‍ വിരുന്നില്‍ നോമ്പ് തുറക്കാനെത്തുന്നവര്‍ക്ക് ടൊയോട്ട കാറടക്കം വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ഒരുക്കുന്നത്.
ഖത്തറിലെ അല്‍വാബിലുള്ള ജാമിഉല്‍ അഖവൈന്‍ മസ്ജിദില്‍ ശരാശരി 700 പേര്‍ വീതമാണ് ദിവസവും നോമ്പ് തുറക്കാനെത്തുന്നത്. മജ്ബൂസും ഹരീസും റിഗാഗും തുടങ്ങി സമൃദ്ധമായ ഭക്ഷണത്തോടൊപ്പം തീന്‍മേശയില്‍ തന്നെ ഒരു കൂപ്പണും ലഭിക്കും.പുറത്തിറങ്ങിയാല്‍ പള്ളിയുടെ കവാടത്തില്‍ നടക്കുന്ന നറുക്കെടുപ്പില്‍ ദിവസേന ഓരോ വിജയികളെ തെരഞ്ഞടുത്ത് സമ്മാനങ്ങള്‍ നല്‍കും.
റമദാനില്‍ ഇങ്ങനെ 15 മൊബൈല്‍ഫോണുകളും 15 ടാബ്ലറ്റുകളുമാണ് ദൈനംദിന സമ്മാനമായി നല്‍കുന്നത് .പള്ളിക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ടൊയോട്ട കാറാണ് ബംബര്‍ സമ്മാനമായി നല്‍കുന്നത്.റമദാന്‍ അവസാന ദിവസമാണ് കാറിനായുള്ള നറുക്കെടുപ്പ് നടക്കുന്നത്. നോമ്പ് തുറക്കാനെത്തുന്നവരെ കൂടുതല്‍ സന്തോഷിപ്പിക്കാനായി പള്ളിയുടെ നടത്തിപ്പുകാരായ രാജകുടുംബാംഗങ്ങളാണ് നോമ്പുകാര്‍ക്ക് സ്നേഹ സമ്മാനങ്ങള്‍ നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം രണ്ടു കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നതിന് പകരം ഇത്തവണ കൂടുതല്‍ ആളുകളുടെ സന്തോഷം ഉറപ്പു വരുത്താനാണ് റമദാന്‍ 30 ദിനങ്ങളിലും സമ്മാനം എന്ന ആശയം നടപ്പിലാക്കുന്നത്. ആതിഥേയനായ ശൈഖ് സുഹൈം അല്‍ഥാനി തന്നെ വിളമ്പുകാരന്റെ റോളിലാണ് ഇവിടെ നിറഞ്ഞു നില്‍ക്കുന്നത് .
Post Your Comments