India

ഭീകരരെ തുരത്താന്‍ ഇന്ത്യയുടെ ലേസര്‍ വിദ്യ : അതിര്‍ത്തികളില്‍ അദൃശ്യമതിലൊരുക്കി ഇന്ത്യ

ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ തുരത്താന്‍ ലേസര്‍ വിദ്യയുമായി ഇന്ത്യ. ത്രിപുരയില്‍ ബംഗ്ലാദേശുമായുള്ള അതിര്‍ത്തി സുരക്ഷയ്ക്കു ലേസര്‍ രശ്മികളും ഉപയോഗിക്കാന്‍ ബിഎസ്എഫ് പദ്ധതി. അതിര്‍ത്തിയില്‍ കമ്പിവേലികള്‍ സ്ഥാപിക്കാന്‍ കഴിയാത്ത ചതുപ്പു പ്രദേശങ്ങളിലും നദിയിലും ലേസര്‍ അധിഷ്ഠിത അദൃശ്യ അതിരുകള്‍ സ്ഥാപിക്കുന്നതു പരിഗണനയിലാണെന്നു ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. പിന്നീടു കമ്പി വേലികള്‍ ഉള്ളിടത്തേക്കും ലേസര്‍ കാവല്‍ വ്യാപിപ്പിക്കും.

നുഴഞ്ഞുകയറ്റം തടയാന്‍ അസമിലെ രാജ്യാന്തര അതിര്‍ത്തിയായ ധൂബ്രിയിലും സമാന സുരക്ഷ ഒരുക്കുന്നതു പരിഗണനയിലുണ്ട്. പഞ്ചാബ്, ജമ്മു എന്നിവിടങ്ങളില്‍ പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി മേഖലകളില്‍ ലേസര്‍ അതിരുകള്‍ നേരത്തേ സജ്ജമാക്കിയിരുന്നു. നുഴഞ്ഞുകയറ്റം തടയാന്‍ ഇത് ഏറെ സഹായിച്ചുവെന്നാണു വിലയിരുത്തല്‍.

ത്രിപുരയില്‍ 856 കിലോമീറ്റര്‍ നീളമുള്ള ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 840 കിലോമീറ്ററില്‍ കമ്പിവേലി സ്ഥാപിക്കാനുള്ള പദ്ധതിക്കു കേന്ദ്രം നേരത്തേ പച്ചക്കൊടി കാട്ടിയിരുന്നു. ഇതിനു പുറമേയാണു ലേസര്‍ കാവല്‍ കൂടി ഒരുക്കുന്നത്.

പഠാന്‍കോട്ട് നല്‍കിയ പാഠം

2016ല്‍ പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയ പാക്ക് ഭീകരര്‍ പഞ്ചാബ് അതിര്‍ത്തിയിലെ ചതുപ്പു പ്രദേശത്തു കൂടിയാണ് ഇന്ത്യയിലേക്കു കടന്നത്. കമ്പിവേലി ഇല്ലാതിരുന്ന ഇതുവഴിയുള്ള നുഴഞ്ഞുകയറ്റം ഇന്ത്യന്‍ സേനയുടെ കണ്ണില്‍പ്പെട്ടില്ല. തുടര്‍ന്നാണ്, അതിര്‍ത്തി മേഖലകള്‍ ലേസര്‍ രശ്മികള്‍ കൊണ്ടു സുരക്ഷിതമാക്കാന്‍ സേന നടപടിയാരംഭിച്ചത്.

അതിര്‍ത്തിയെ ലേസര്‍ രശ്മികള്‍ കൊണ്ടു സുരക്ഷിതമാക്കാന്‍ ഇസ്രയേല്‍ സാങ്കേതിക വിദ്യയാവും ഇന്ത്യ ഉപയോഗിക്കുക. ലേസര്‍ രശ്മിയുടെ അദൃശ്യ സുരക്ഷാവലയം ഭേദിച്ചാലുടന്‍ സെന്‍സറുകള്‍ ഇതു തിരിച്ചറിയുകയും കണ്‍ട്രോള്‍ റൂമില്‍ അപായസന്ദേശം നല്‍കുകയും ചെയ്യും. ലേസര്‍ തടസ്സപ്പെടുത്തുന്ന നീക്കത്തിന്റെ ചിത്രങ്ങള്‍ ക്യാമറകള്‍ കണ്‍ട്രോള്‍ റൂമിലെത്തിക്കും. രാത്രിയിലും കടുത്ത മൂടല്‍മഞ്ഞിലും പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഇതിനായി സ്ഥാപിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button