തൃശ്ശൂര്‍: മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന എ.എം. പരമന്‍ (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളായിരുന്നു മരണകാരണം. സ്വാതന്ത്ര്യ സമര സേനാനിയും തൃശ്ശൂര്‍ ജില്ലയിലെ ആദ്യകാല തൊഴിലാളി നേതാവുമായിരുന്നു ഇദ്ദേഹം. 1987 മുതല്‍ 1992 വരെ ഒല്ലൂര്‍ എം.എല്‍.എയായിരുന്നു.
1926 ല്‍ ഐനി വളപ്പില്‍ മാധവന്റേയും ചിറ്റത്തുപറമ്പിൽ ലക്ഷ്മിയുടേയും മകനായാണ് ജനനം. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം, എ.ഐ ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എ.ഐ. ടി.യു.സിയുടെ ജില്ലാ സെക്രട്ടറിയും പ്രസിഡന്‍റുമായിരുന്നു. ദീര്‍ഘകാലം തൃശ്ശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചു.
ഓട്ടു കമ്പനിത്തൊഴിലാളി യൂണിയന്‍ ,രാജഗോപാല്‍ മില്‍, വനജാമില്‍, ലക്ഷ്മി മില്‍, അളഗപ്പ ടെക്സ്റ്റയില്‍സ്, നാട്ടിക കോട്ടണ്‍ മില്‍, തുടങ്ങി ഒട്ടേറെ വ്യവസായ സ്‌ഥാപനങ്ങളിലെ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. കൂടാതെ തൃശ്ശൂര്‍ നഗരത്തിലെ ഷോപ് എംബ്ലോയീസ് യൂണിയന്‍, ചുമട്ടുതൊഴിലാളി യൂണിയന്‍, ഓട് – മണ്‍പാത്ര വ്യവസായം, തഴപ്പായ നെയ്ത്തു, പ്ലാന്‍ടേഷന്‍ തുടങ്ങി നിരവധി യൂണിയനുകളുടെ നേതാവുമായിരുന്നു ഇദ്ദേഹം.
Post Your Comments