പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തില്‍ യുവ സുഹൃത്തിനെ പോലീസ് നുണപരിശോധനയ്ക്ക് വിധേയനാക്കാനൊരുങ്ങുന്നു. ജസ്‌ന നാടുവിട്ടുവെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ട് പോവുകയാണ് പോലീസ്. ജസ്‌നയുടെ യുവ സുഹൃത്തിന് പലതും അറിയാമെന്ന് പൊലീസ് വിലയിരുത്തുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൃത്യമായ മറുപടി നല്‍കുന്നുമില്ല. ഈ സാഹചര്യത്തില്‍ ശാസ്ത്രീയ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്. ജസ്‌നയെ കാണാതായതിനു തൊട്ടുമുന്‍പുപോലും ഇയാളുടെ ഫോണിലേക്ക് എസ്‌എംഎസ് സന്ദേശം പോയിട്ടുണ്ട്. അന്വേഷണ സംഘം പലതവണ ഇയാളെ ചോദ്യംചെയ്‌തെങ്കിലും ഇയാള്‍ ഒന്നും പറഞ്ഞില്ല.
പെണ്‍കുട്ടി എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ആവര്‍ത്തിച്ചുള്ള മറുപടി. ജസ്‌നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നതായും പൊലീസ് സൂചന നല്‍കി. മുക്കൂട്ടുതറയില്‍ നിന്ന് കുറച്ചു സമയം യാത്ര ചെയ്താല്‍ പരുന്തുംപാറയിലെത്താം. യുവാവുമായി മുമ്പും ജെസ്‌ന ഇവിടെ പോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംശയങ്ങള്‍ ബലപ്പെടുന്നു. അഗാധ ഗര്‍ത്തങ്ങള്‍ ഇവിടെയുണ്ട്. ഇവിടെയെല്ലാം പൊലീസ് പരിശോധന നടത്തും. നുണ പരിശോധനയ്ക്ക് യുവാവ് വിധേയനാകുമോ എന്നതും സംശയമാണ്. ജെസ്‌നയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യും.
ഈ സാഹചര്യത്തിലാണ് അന്വേഷണത്തെ പുതിയ തലത്തിലെത്തിക്കാന്‍ നുണ പരിശോധനയ്ക്ക് യുവാവിനെ വിധേയനാക്കാനുള്ള തീരുമാനം. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം യുവാവ് സമ്മതിച്ചാല്‍ മാത്രമേ ഇത്തരം പരിശോധനകള്‍ നടത്താനാകൂ. വിസമ്മതം അറിയിച്ചാല്‍ അത് സംശയിക്കാനുള്ള മറ്റൊരു കാരണവുമാകും. അങ്ങനെ വന്നാല്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്ന അവസ്ഥയും വരും. അതിനിടെ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേസന്വേഷണത്തിനു നിലവിലുള്ള തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം തികഞ്ഞ പരാജയമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ വിലയിരുത്തി.
ജസ്നയെ കാണാതായിട്ട് 79 ദിവസം പിന്നിട്ടും ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല. ഐജി മനോജ് ഏബ്രഹാം സംഘത്തിന്റെ മേല്‍നോട്ട ചുമതലയിലുണ്ടെങ്കിലും നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ല. കേസന്വേഷണച്ചുമതലയില്‍ നിന്നു ഡിവൈഎസ്‌പിയെ മാറ്റിനിര്‍ത്തുകയും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയും ചെയ്യണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറും. അതിനിടെ ജസ്‌നയെ കാണാതായതിന്റെ ദുഃഖത്തില്‍ കഴിയുന്ന തങ്ങളെ തളര്‍ത്തുന്ന രീതിയില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ അതില്‍നിന്നു പിന്മാറണമെന്നു സഹോദരി ജെസിയും ഫേസ്‌ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടിരുന്നു.
‘അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ ചേര്‍ത്തു പലരും കഥകള്‍ മെനയുകയാണ്. വസ്തുത അന്വേഷിക്കാന്‍ തയാറാകുന്നില്ല. പപ്പയെക്കുറിച്ചു മോശമായ പലതും പറയുന്നുണ്ട്. തനിക്കും സഹോദരനും പപ്പയെ പൂര്‍ണവിശ്വാസമാണ്. അമ്മ മരിച്ച ശേഷം കരുതലോടെയാണു പപ്പ ഞങ്ങളെ ശ്രദ്ധിച്ചിരുന്നത്. ജസ്ന തിരിച്ചുവരുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്. അപവാദപ്രചരണങ്ങള്‍ നടത്തുന്നവര്‍ അവരവരുടെ കുടുംബത്തില്‍ സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒന്നു ചിന്തിക്കുക. വെറുതെ കഥകള്‍ മെനയുന്നവര്‍ ഞങ്ങളും മനുഷ്യരാണെന്ന് ഓര്‍ക്കുക. ഇത്തരം ആരോപണങ്ങള്‍ അന്വേഷണത്തെ വഴിതിരിച്ചുവിടും. ‘- ജെസി പറയുന്നു.
ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്‌നയുടെ സ്ഥലമായ മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയിടങ്ങളിൽ പോലീസ് വിവരശേഖരണ പെട്ടി സ്ഥാപിച്ചു.തിരോധാനത്തെക്കുറിച്ചു പല അഭിപ്രായങ്ങളും നാട്ടില്‍ പരക്കുന്നുണ്ടെങ്കിലും ആരും പൊലീസിനെ അറിയിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണിത്. ഇതിനിടെ ജസ്‌നയെ കാണാതായതിന്റെ അഞ്ചാം ദിവസം ചെന്നൈയില്‍ കണ്ടതായി മലയാളിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. അയനാവരത്ത് വെള്ളല സ്ട്രീറ്റിലെ കടയില്‍ ഫോണ്‍ ചെയ്യുന്ന ജസ്‌നയെ കണ്ടുവെന്ന് സമീപവാസിയായ അലക്‌സാണു പറഞ്ഞത്.
ഇക്കാര്യം പിറ്റേദിവസം എരുമേലി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരത്തിലൊരു ഫോണ്‍ സന്ദേശം ലഭിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതും പൊലീസിനെ വിവാദത്തിലാക്കുന്നു.
Post Your Comments