മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് ചുവടറപ്പിച്ച നേതാക്കളെ രാജ്യം കണ്ടിട്ടുണ്ട്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്‌റെ സത്ത ഉള്ളില്‍ നിന്ന് ചോരാതെ തന്നെ രാഷ്ട്രീയത്തിലും മികവ് തെളിയിക്കണമെന്നതാണ് ശരി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേരളം കേട്ടതും അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തന്നെ. മാധ്യ മ പ്രവര്‍ത്തനത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിച്ച വ്യക്തിയാണ് വീണാ ജോര്‍ജ് എംഎല്‍എ. വിവാദങ്ങള്‍ത്ത് തിരികൊളുത്തിയ സംഭവം ഉണ്ടായതും വീണയെ ചുറ്റിപറ്റി തന്നെ.
പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന്‌റെ മോശമായ അവസ്ഥ ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകനായ സൂരജ് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് പിന്നീട് അറസ്റ്റ് വരെ എത്തിയ സംഭവം. പത്തനംതിട്ട ബസ് സ്റ്റാന്‍ഡ് നഗരസഭയുടെ ഉത്തരവാദിത്വത്തിലുള്ളതാണെന്നും പറഞ്ഞ് വീണയെ ന്യായീകരിച്ചവരും കുറവല്ല. എന്നാല്‍ വീണയെന്ന ജനപ്രതിനിധിയോട് പൗരന്‍ എന്ന നിലയില്‍ അഭിപ്രായം തുറന്ന് പറഞ്ഞത് കുറ്റകരമാകുന്നതെങ്ങനെയെന്ന സംശയമാണ് ഇപ്പോള്‍ ജനമനസുകളില്‍ ഉയരുന്നത്.
വ്യക്തിഹത്യയോ സ്ത്രീ എന്ന നിലയില്‍ വീണയെ മോശമായി ചിത്രീകരിക്കുന്ന വാക്കുകളോ പോസ്റ്റില്‍ ഉപയോഗിച്ചിരുന്നില്ല. സ്വന്തം മണ്ഡലത്തിലെ പൊതു സ്ഥലങ്ങള്‍ ശോചനീയാവസ്ഥയില്‍ കിടന്നാല്‍ അതില്‍ ഇടപെടാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനും എംഎല്‍എ എന്ന നിലയില്‍ വീണക്ക് ഉത്തരവാദിത്വമില്ലേ ?.
ഏതൊരു പൗരനെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടങ്ങി വിമര്‍ശനങ്ങള്‍ വരെ വിളിച്ചു പറയാന്‍ പര്യാപ്തമാക്കിയ ഒന്നാണ് സമൂഹമാധ്യമങ്ങള്‍. മാധ്യമപ്രവര്‍ത്തനത്തിലുള്ള അനുഭവവും അതിന്‌റെ സ്വാതന്ത്ര്യവും അറിയാവുന്ന വീണ തന്‌റെ മുഖം രക്ഷിക്കാന്‍ വേണ്ടിയാണോ നിയമ നടപടികള്‍ക്ക് മുന്‍കൈ എടുത്തതെന്ന സംശയം ശക്തമാകുകയാണ്. പൊതു സ്ഥലങ്ങളുടെയും മറ്റ് വികസനങ്ങളുടെയും നടപടികള്‍ക്ക് പ്രധാന വരുമാന മാര്‍ഗമെന്നത് എംഎല്‍എ ഫണ്ടു തന്നെയാണെന്ന് ആരേയും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. ഇത്തരത്തിലുള്ള വിഷയങ്ങളിലല്ലാതെ ജനപ്രതിനിധികള്‍ക്ക് ഇടപെടാന്‍ ഏത് വിഷയമാണുള്ളത്.
നാളുകളായി ശോചനീയാവസ്ഥയില്‍ കിടക്കുന്ന ഒന്നാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡ്. അതിന്‌റെ അവസ്ഥ പൊതു ജന സമക്ഷം എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്താന്‍ പറ്റിയ വേദി തന്നെയായിരുന്നു സമൂഹ മാധ്യമം. തന്‌റെ അഭിപ്രായം തുറന്ന് പറയുക മാത്രം ചെയ്ത ആ ചെറുപ്പക്കാരന് മേല്‍ നിയമനടപടി എടുത്തത് അധികാരം കൈയിലുള്ളതു കൊണ്ടാണോ എന്ന ചോദ്യം വന്നാല്‍ എന്താണ് തെറ്റ് പറയാന്‍ സാധിക്കുക.
സ്ത്രീ എന്ന നിലയില്‍ മോശമായി ചിത്രീകരിക്കുന്ന വാക്കുകള്‍ അതിലില്ല എന്ന അഭിപ്രായം ശക്തമാണ്. അപ്പോള്‍ സംഭവത്തെ കേസ് എന്ന ദിശയിലേക്ക് കൊണ്ടുപോയി തടിയൂരുകയായിരുന്നോ ഈ ജനപ്രതിനിധി ചെയ്തത് ? . ലൈംഗികപരമായ അധിക്ഷേപമാണ് നടത്തിയതെങ്കില്‍ 354 വകുപ്പ് ഉപയോഗിച്ച് സൂരജിനെതിരെ കേസെടുക്കാം. എന്നാല്‍ ഇവിടെ അത് ഉപയോഗിച്ചിട്ടില്ല. സൂരജ് തന്‌റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
പ്രിയപ്പെട്ട എംഎല്‍എ മാഡം, ബ്യൂട്ടിപാര്‍ലറുകളും ഓര്‍ത്തഡോക്‌സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാല്‍ വളരെ ഉപകാരപ്രദമായിരുന്നു. മാഡത്തിന് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ആഡംബര വാഹനമുണ്ട്. അതല്ലെങ്കില്‍ സഭ വക, അല്ലെങ്കില്‍ മുത്തൂറ്റ് വക ആഡംബര വാഹനങ്ങള്‍ ധാരാളം ഉണ്ടായിരിക്കും. അറിയാതെ വോട്ടു ചെയ്തു പോയ പാവങ്ങള്‍ക്ക് വേറെ വഴിയില്ല മേഡം..
ഇതില്‍ ഏത് ഭാഗത്താണ് സ്ത്രീയെന്ന നിലയില്‍ വീണയെ സൂരജ് അപമാനിച്ചിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന വരികളിലെ സത്യമോ മിഥ്യയോ ആവാം ഒരുപക്ഷേ കേസ് എന്ന നടപടിയിലേക്ക് പോകാന്‍ അവരെ ചൊടിപ്പിച്ചത്. അങ്ങനെയെങ്കില്‍ ജനപ്രതിനിധികളെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നവര്‍ എന്നും ഇരുമ്പഴിക്കുള്ളില്‍ ആയിരിക്കണമല്ലോ ?. പൊതു ജനത്തിന് ഭരണകൂടത്തോട് തുറന്ന് പറയാനുള്ള സ്വാതന്ത്യത്തെ ബാധിക്കുന്ന ഒന്ന് തന്നെയല്ലേ ഈ സംഭവം.
അതിനിടെ മറുപടി എന്നവണ്ണം ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കാനും വീണ മറന്നില്ല. തനിക്കെതിരെ വന്ന സംഭവത്തിന്‌റെ തന്‌റെ ഭാഗം എന്തെന്ന് വിശദമാക്കി വീണയും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
സുഹൃത്തുക്കളെ, കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഞാന്‍ പത്തനംതിട്ട പോലീസ് മേധാവിക്ക് ഒരു പരാതി നല്‍കിയിരുന്നു.ഒരു ഫേസ്ബുക് അക്കൗണ്ടില്‍ നിന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്നതും,സ്ത്രീ എന്ന നിലയില്‍ എന്നെ അപമാനിക്കുന്നതും,അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്റിട്ടതിനെതിരെ ആയിരുന്നു പരാതി.ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ആരെങ്കിലും ഇങ്ങനെ ചെയ്തതായി കരുതുന്നില്ലെന്നും, ആരോ ഒരു പാര്‍ട്ടിയുടെ പേര് ദുരുപയോഗം ചെയ്തതായി ഞാന്‍ കരുതുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ ഐ പി സി 153 പ്രകാരം ഒരാളെ അറസ്റ്റ് ചെയ്തതായി ഞാന്‍ മനസിലാക്കുന്നു. ഐ പി സി 153വകുപ്പ് മതസ്പര്‍ധയും മതവിദ്വേഷവും വളര്‍ത്താന്‍ ശ്രെമിച്ചതിനെതിരെ ഉള്ളതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ചിലര്‍ ബോധപൂര്‍വം പ്രെചരിപ്പിക്കുന്നതായി ഞാന്‍ മനസിലാക്കുന്നു.എനിക്ക് ഒരു ബന്ധവും ഇല്ലാത്ത ഒരു സ്വകാര്യ ധനകാര്യ സ്ഥാപനവും ആയി ബന്ധപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം തിരഞ്ഞെടുപ്പ് കാലത്തുതന്നെ ചില മാധ്യമങ്ങള്‍ നടത്തിയിരുന്നു .ജനങ്ങള്‍ പുച്ചിച്ച്ചു തള്ളിയ ഈ അപവാദപ്രചാരണം വീണ്ടും തുടരാനാണ് ചിലര്‍ ശ്രമിക്കുന്നത്.
1. പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് മുനിസിപ്പാലിറ്റിയുടെ അധീനതയില്‍ ആണ്. അശാസ്ത്രീയമായി ചതുപ്പുനിലം മണ്ണിട്ട് നികത്തി ബസ്സ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചത് മുന്‍സിപ്പാലിറ്റിക്കു കോടികളുടെ ബാധ്യത ആണ് വരുത്തിവെച്ചിട്ടുള്ളത് .ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിലെ അപാകതയും,അഴിമതിയും,അശാസ്ത്രീയതയും,ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടി കാട്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്.മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ബസ് സ്റ്റാന്‍ഡില്‍ എം ല്‍ എ ക്കു മെയ്ന്റനന്‍സ് നടത്താന്‍ കഴിയില്ല .മുന്‍സിപ്പല്‍ ഭരണം കോണ്‍ഗ്രസിന്റെ കയ്യിലാണെന്നത് വള്ളംകളിനടത്തിഅപവാദ പ്രചാരണം നടത്തിയവര്‍ക്ക് അറിയാത്തതുമല്ല,
2.വികസന വിഷയങ്ങള്‍ ഉന്നയിക്കുന്നത് ജനങ്ങളുടെ അവകാശമാണ് ജനാധിപത്യബോധമുള്ള ,16 വര്ഷം മാധ്യമങ്ങളിലൂടെ ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്ന ഞാന്‍ അതില്‍ ജനങ്ങള്‍ക്കൊപ്പമേ നില്‍കുകയുള്ളൂ.
3.സ്ത്രീ എന്ന. നിലയില്‍ എന്നെ അപമാനിക്കാന്‍ ശ്രെമിച്ചതിനും മത വിദ്വേഷം പടര്‍ത്താന്‍ ശ്രെമിച്ചതിനും എതിരെയാണ് പരാതി.അല്ലാതെ വികസന പ്രശനംഉന്നയിച്ചതിനെതിരെയല്ല.സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളില്‍ കൂടി അവഹേളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ പ്രെസ്തവണയും അപവാദ പ്രചാരണം നടത്തുന്നവര്‍ ഓര്‍ത്താല്‍ നന്ന് .
സ്ത്രീത്വത്തെ അപമാനിക്കുന്ന മതവിദ്വേഷം പരത്തുന്ന വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റ് ഇട്ടതിനെതിരെ പൗരബോധമുള്ള ജനാധിപത്യ ബോധമുള്ള എനിക്ക് നിശ്ശബ്ദയാകാന്‍ കഴിയുമായിരുന്നില്ല. പൊതു പ്രവര്‍ത്തന രംഗത്തുള്ള സ്ത്രീകള്‍ക്കുവേണ്ടി ഇത്തരം ഇടപെടലുകള്‍ നടത്തേണ്ടത് എന്റെ ഉത്തരവാദിത്വം ആണെന്ന് ഞാന്‍ കരുതുന്നു.
മാധ്യമപ്രവര്‍ത്തകയെന്ന കുപ്പായത്തില്‍ നിന്നും രാഷ്ട്രീയമെന്ന കുപ്പായമണിഞ്ഞ വീണയ്ക്ക് ജനപ്രതിനിധിയെന്ന നിലയില്‍ ഇനിയും എത്രയോ ചോദ്യശരങ്ങള്‍ കേള്‍ക്കേണ്ടി വരും. എന്തായാലും ഇപ്പോല്‍ നടന്ന സംഭവം പൊതുജനത്തിന്‌റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തില്‍ അവസാനത്തേതാകട്ടെ. ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഉത്തരവാദിത്വത്തിന്‌റെ പട്ടിക മറ്റുള്ളവരുടെ തലയില്‍ കെട്ടി വയ്ക്കാതെ ജനക്ഷേമം നടത്താനാണ് ജനങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് വേണ്ടി താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഓരോ പ്രതിനിധികള്‍ക്കും കഴിയട്ടെ.
Post Your Comments