ദുബായ്: സമ്മാനങ്ങള്‍ നല്‍കാമെന്ന വ്യാജ വാഗ്ദാനമടങ്ങിയ ഫോണ്‍ സന്ദേശം വഴി പണം തട്ടാന്‍ ശ്രമിച്ചതിന് 43 പ്രവാസികള്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. 43 ഏഷ്യന്‍ വംശജരാണ് സംഭവത്തില്‍ പിടിയിലായത്. യുഎഇയിലെ ടെലികോം കമ്പനിയില്‍ ജോലി ചെയ്യുന്നവരാണെന്ന വ്യാജേനയാണ് ഇവര്‍ പണം തട്ടാന്‍ ശ്രമിച്ചത്. യുഎഇ നിവാസികളായിട്ടുള്ളവരുടെ ഫോണിലേക്ക് വമ്പന്‍ സമ്മാനങ്ങള്‍ നേടു എന്ന സന്ദേശമയച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് ദുബായ് ,അജ്മാന്‍ എന്നിവിടങ്ങളിലായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ദുബായ് പോലീസ് അറിയിച്ചു.
സമ്മാനം കൈപ്പറ്റുന്നതിന് മുന്‍പ് വന്‍ തുക ഓണ്‍ലൈനായി അയക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ഇവരുടെ രീതി.ഇവരില്‍ നിന്ന് 90 മൊബൈല്‍ ഫോണുകളും 70 സിം കാര്‍ഡും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് 31 വരെയുള്ള സമയത്ത് ഇത്തരത്തില്‍ 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെന്നും 7,80,000 ദിര്‍ഹത്തിന്‌റെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments