റിയാദ് : സൗദിയിൽ ലൈസൻസ് അപേക്ഷകരുടെ വൻതിരക്ക്. സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അനുമതി നൽകിയതോടെ നിരവധി സ്ത്രീകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കുന്നത്. തിരക്ക് വർധിച്ചതോടെ പെരുന്നാൾ തലേന്നും അപേക്ഷകൾ സ്വീകരിക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.
പെരുന്നാളവധി ആയെങ്കിലും വ്യാഴാഴ്ച വരെ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചത്. സ്ത്രീകള്‍ ഡ്രൈവിംഗ് പരിശീലനം നേടുന്നതിന്റെയും ലൈസന്‍സ് കരസ്ഥമാക്കുന്നതിന്റെയും വീഡിയോ സൗദി ട്രാഫിക് വിഭാഗം പുറത്ത് വിട്ടു. ജിദ്ദ, റിയാദ്, ദമാം, തബൂക്ക് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം വനിതാ ഡ്രൈവിംഗ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഈ പഠിതാക്കള്‍ക്കും ലൈസന്‍സ് അനുവദിക്കും.
ഈ മാസം ഇരുപത്തിനാലിനാണ് സൗദിയില്‍ ആദ്യമായി വനിതകള്‍ വാഹനമോടിക്കാന്‍ ആരംഭിക്കുന്നത്. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് സൗദി ലൈസന്‍സ് അനുവദിക്കാന്‍ ആരംഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. വിദേശ വനിതകള്‍ ഉള്‍പ്പെടെ നിരവധി വനിതകള്‍ക്ക് ഇതിനകം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു. ഫിന്ലന്റില്‍ നിന്നുള്ള ലോറയാണ് സൗദി ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ആദ്യ വിദേശ വനിത. ഡ്രൈവിംഗ് പരിജ്ഞാനവും കാഴ്ച ശക്തിയും പരിശോധിച്ച ശേഷമാണ് സൗദി ലൈസന്‍സ് നല്‍കുന്നത്.
Post Your Comments