തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ വ്യാപക നാശം. വിവിധയിടങ്ങളിലായി ഏഴ് പേർ മരിച്ചു. തീരദേശത്ത് കടലാക്രമണവും ശക്തമാണ്. തിരുവനന്തപുരത്ത് മരങ്ങൾ വീണ് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിലും മഴയിലും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശമുണ്ടായി. മൂന്നാർ ആനച്ചാലിൽ ഉരുൾപൊട്ടിയെങ്കിലും ആളപായമില്ല. അപകടം വ്യാപകമായതോടെ ഹൈറേഞ്ച് മേഖലകളിലേയ്ക്കുള്ള യാത്രയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശക്തമായി വീശിയടിച്ച കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയോടൊപ്പം പറന്നുപോയ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. വെങ്ങാനൂര്‍ സ്റ്റേഡിയത്തിന് സമീപം ചരുവിളയില്‍ കുമാര്‍-ഷീബ ദമ്പതികളുടെ മകന്‍ രണ്ടുമാസം പ്രായമുള്ള വിനായക് ആണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റില്‍ ഷീറ്റ് മേഞ്ഞ വീടിന്റെ മേല്‍ക്കൂര മൊത്തത്തില്‍ പറന്നുപൊങ്ങി. മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന തൊട്ടിലിലുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞും തൊട്ടിലോടെ കാറ്റില്‍ പറന്നുപോയി.
വീടിനോട് ചേര്‍ന്നുനിന്ന തെങ്ങില്‍ തട്ടി ഷീറ്റ് നിന്നതിനാല്‍ അത്യാഹിതം ഒഴിവായി. സംഭവ സമയം ഷീബയും മറ്റു രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു. അമ്മയുടെ കണ്‍മുന്നിലായിരുന്നു സംഭവം. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അമ്ബരന്ന ഷീബ മനഃസാന്നിധ്യം വീണ്ടെടുത്ത് ഏണി ഉപയോഗിച്ച് തെങ്ങില്‍ തട്ടിനിന്ന ഷീറ്റില്‍ തൂങ്ങിക്കിടന്ന തൊട്ടിലില്‍നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചു.
കോഴിക്കോട് ചാലിയത്ത് കദീജ, കാസര്‍കോട് അഡൂര്‍ സ്വദേശി ചെനിയ നായിക് , കാസര്‍കോട് കുശാല്‍ നഗര്‍ സ്വദേശിയായ എല്‍കെജി വിദ്യാര്‍ഥിനി ഫാത്തിമ, തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ, ബാലരാമപുരം പുന്നക്കാട്ട് പൊന്നമ്മ, എടത്വ തലവടിയില്‍ വിജയകുമാര്‍, കണ്ണൂര്‍ പടിഞ്ഞാറയില്‍ ഗംഗാധരന്‍ എന്നിവരാണ് കാലവർഷ ക്കെടുതിയിൽ മരിച്ചത്.
Post Your Comments