Kerala

എടപ്പാൾ പീഡനക്കേസിൽ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം : പ്രതികരണവുമായി പ്രമുഖ നിർമാതാവ്

മലപ്പുറം : എടപ്പാൾ പീഡനക്കേസിൽ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ നിർമാതാവ് കെ.ടി കുഞ്ഞുമോൻ. പ്രതികരിക്കാനും വേണം നമുക്ക് സുരക്ഷിതത്വം എന്ന കുറിപ്പിലൂടെ അദ്ദേഹം പോലീസ് നടപടിയെ രൂക്ഷമായി വിമർശിക്കുന്നു. കൂടാതെ നിരപരാധിയായ ഒരു തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത വേളയിൽ തിയറ്റർ ഉടമകളുടെ സംഘടനകളോ ചലച്ചിത്ര രംഗത്തുള്ളവരോ സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ച് കൊട്ടിഘോഷിക്കുന്ന സിനിമാ താരങ്ങളോ സാഹിത്യകാരന്മാരോ ആരും തന്നെ പ്രതികരിക്കുകയോ ശബ്‌ദിക്കുകയോ ചെയ്തില്ലാ എന്നത് അത്യന്തം ഖേദകരമാണെന്നും അദ്ദേഹം പറയുന്നു

കുറിപ്പിന്റെ പൂർണരൂപം ചുവടെ :

പ്രതികരിക്കാനും വേണം നമുക്ക് സുരക്ഷിതത്വം !…

മലപ്പുറത്തെ ഒരു സിനിമാ തിയറ്ററിൽ വെച്ച് പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ പീഡിപ്പിച്ച വാർത്ത ഏവരും ഞെട്ടലോടെയാണ് അറിഞ്ഞത് .അതിനേക്കാൾ ഞെട്ടലുണ്ടാക്കിയത് ഇത്രയും ഹീനമായ കൃത്യം പൊലീസിനെ അറിയിക്കുന്നതിൽ കാല താമസം വരുത്തി എന്ന് ആരോപിച്ചു കൊണ്ടു പ്രസ്തുത തിയറ്റർ ഉടമയെ അറസ്റ്റു ചെയ്തു എന്നതാണ്. ഇത്തരുണത്തിൽ ഒന്നോർക്കുന്നത് നന്നായിരിക്കും.

കുട്ടിയെ പീഡിപ്പിച്ച വ്യക്തി ധനവാനും ഉന്നതങ്ങളിൽ പിടിപാടുള്ള ആളുമായിരിക്കും. എന്ന് കരുതി ഇത്തരത്തിൽ ഒരു ഹീനകൃത്യം നടന്നതായി പോലീസിനെ അറിയിച്ച ആളെ അല്ലെങ്കിൽ സംഭവം നടന്ന സ്ഥലത്തിന്റെ ഉടമയെ ശിക്ഷിക്കുന്നത് നമ്മുടെ നിയമ സംവിധാനത്തിന് തന്നെ ഭീഷണിയാണ് . ഈ സംഭവം മാധ്യമങ്ങൾ വെളിച്ചത്തേക്ക് കൊണ്ട് വന്നില്ലായിരുന്നുവെങ്കിൽ ആരോരുമറിയാതെ തേഞ്ഞു മായ്ഞ്ഞു പോകുമായിരുന്നു. ഇവിടെ മാധ്യമങ്ങൾ കാണിച്ച സാമൂഹ്യ പ്രതിബദ്ധതയെ പ്രത്യേകം പ്രശംസിച്ചേ മതിയാവു.

കുറ്റക്കാരൻ ഉന്നതനെങ്കിൽ അയാളെ രക്ഷിക്കുവാനും, ഉന്നത അധികാരികളുടെ ശ്രദ്ധയിൽ ഇത്തരം കാര്യങ്ങൾ എത്തിക്കാതെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർ തന്നെ കുറ്റവാളിക്ക് പകരം നിരപരാധികളെ കുറ്റവാളികളാക്കാൻ ഒത്താശ ചെയ്യുന്ന രീതിയും ഇന്ത്യയിലാകമാനമുണ്ട് .അത് കാരണം പൊലീസിനാകെയും സർക്കാരിന് തന്നെയും ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ ദുഷ്‌പേര് വരുത്തി വെക്കും.

മാത്രമല്ല ഭാവിയിൽ ഇത്തരം ഹീനവും നികൃഷ്ടവുമായ കുറ്റകൃത്യങ്ങളെക്കുറിച്ചു അറിഞ്ഞാൽ തന്നെ സാധാരണക്കാരൻ അത് അധികാര സ്ഥാനങ്ങളിൽ ഉള്ളവരെ അല്ലെങ്കിൽ നിയമപാലകരെ അറിയിക്കുവാൻ മടിക്കും.പകൽ വെളിച്ചത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടാലും സാധാരണ പൗരന്മാർ ഭയത്താൽ മൗനം പാലിക്കും.

യഥാർത്ഥത്തിൽ പൊലീസ് ആദ്യം ഈ കേസ് കൈകാര്യം ചെയ്ത രീതിയെ ഒരു മുന്നറിയിപ്പായി വേണം നോക്കി കാണാൻ. കാരണം നമ്മൾ കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയും കാരുണ്യവുമൊക്കെ നമ്മളെ തന്നെ കുറ്റവാളികളാക്കും എന്നത് തന്നെ. ഒരു സിനിമാ തിയറ്ററിൽ ഇത്തരത്തിലൊരു സംസ്കാര ശൂന്യമായ ഹീനകൃത്യം നടന്നതിന്റെ പേരിൽ നിരപരാധിയായ ഒരു തിയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത വേളയിൽ തിയറ്റർ ഉടമകളുടെ സംഘടനകളോ ചലച്ചിത്ര രംഗത്തുള്ളവരോ സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ച് കൊട്ടിഘോഷിക്കുന്ന സിനിമാ താരങ്ങളോ സാഹിത്യകാരന്മാരോ ആരും തന്നെ പ്രതികരിക്കുകയോ ശബ്‌ദിക്കുകയോ ചെയ്തില്ലാ എന്നത് അത്യന്തം ഖേദകരമാണ്.

വൈകിയാണെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ഡിജിപിയും തങ്ങളുടെ ശ്രദ്ധയിൽ ഇക്കാര്യം എത്തിയപ്പോൾ ദ്രുതഗതിയിൽ നടപടികൾ കൈകൊണ്ടത് ശ്ലാഘനീയം .എന്നാൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ , പ്രത്യേകിച്ച് താഴെക്കിടയിലുള്ള പൊലീസുകാരുടെ പ്രവർത്തിയാൽ അവരുടെ സ്വാർത്ഥ താല്പര്യത്താൽ ഉന്നതനായ ഒരു വ്യക്തിയുടെ മുഖം രക്ഷിക്കാൻ വേണ്ടി നിരപരാധികൾ കുറ്റവാളികളാവാൻ ഇടവരരുത്.

നമ്മുടെ നാട്ടിൽ ഒരുപാട് കച്ചവട -വിനോദ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട് . ഒരുപാട് മൾട്ടിപ്ലെക്‌സ് തിയറ്ററുകളുമുണ്ട് . ഈ സ്ഥാപനങ്ങളിൽ പതിനായിരക്കണക്കിന് ജീവനക്കാരുമുണ്ട്. ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥരെല്ലാം പല ദിക്കുകളിലും അന്യനാടുകളിലും ഉള്ളവരാണ്. നാളെ ഏതെങ്കിലും സ്ഥാപനത്തിൽ ഇങ്ങനെയൊരു ഹീന കൃത്യം നടന്നാൽ ഇക്കാര്യം അറിയിച്ചതിന്റെ പേരിൽ ആ സ്ഥാപനത്തിന്റെ ഉടമയെ അറസ്റ്റു ചെയ്യുമോ?

അങ്ങനെ ചെയ്‌താൽ ഏതു തൊഴിലുടമയാണ് സ്ഥാപനങ്ങൾ നടത്താൻ തയ്യാറാവുക.തൊഴിൽ അവസരങ്ങൾ ലഭിക്കുക. ഇത്തരം ഹീന കൃത്യങ്ങൾ നടക്കുമ്പോൾ സാധാരണക്കാർ പ്രതികരിക്കണമെങ്കിൽ അവർക്ക് തങ്ങൾ സുരക്ഷിതരാണെന്ന് വിശ്വാസം നൽകേണ്ടത് സർക്കാരിന്റെ ചുമതലയാണ്. എങ്കിലേ അവർ പ്രതികരിക്കാൻതയ്യാറായി വരൂ.

ഭാവിയിൽ പൊലീസിലെ ഏതെങ്കിലും വിഭാഗം ഈ രീതിയിൽ കട്ടവന് പകരം കിട്ടിയവനെ പ്രതിയാക്കിയാൽ അതിനു കൂട്ടു നിൽക്കുന്നവരെ സർവീസിൽ നിന്നും പിരിച്ചു വിടാനും അവർക്കു ജയിൽ ശിക്ഷ നല്കുവാനുമുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം. ഒപ്പം വിവരം നൽകുന്നവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും സർക്കാരിനുണ്ട്. എല്ലാം ശരിയാക്കും എന്ന് വാഗ്ദാനം നൽകിയ മുഖ്യമന്ത്രി അത് പ്രാവർത്തികമാക്കും

എന്ന് വിശ്വസിക്കുന്നു. നന്ദി

സ്നേഹപൂർവ്വം

കെ. ടി. കുഞ്ഞുമോൻ.

Also read :എടപ്പാള്‍ തീയേറ്റര്‍ പീഡനം; അന്വേഷണം ക്രൈംബ്രാഞ്ചിന്

shortlink

Related Articles

Post Your Comments

Related Articles


Back to top button