Gulf

സൗദിയിലെ കമ്പനി പൂട്ടി; ഭക്ഷണവും വെള്ളവുമില്ലാതെ കൊടും ദുരിതത്തില്‍ തൊഴിലാളികൾ

ദമാം: കമ്പനി പൂട്ടിയതിനെത്തുടർന്ന് സൗദിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിൽ കഴിയുന്നത് മലയാളികളടക്കം നിരവധി തൊഴിലാളികൾ. ഇവര്‍ ജോലി ചെയ്തിരുന്ന മെറ്റല്‍ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അനധികൃതമെന്നു കണ്ട് കഴിഞ്ഞ ഡിസംബര്‍ ഏഴിനു പൂട്ടിയതോടെയാണു ദുരിതം ആരംഭിച്ചത്.

ജുബൈലിനടുത്ത് അബു ഹൈദ്രിയയിയിലാണ് ഇവരുടെ ദുരിതജീവിതം. കോട്ടയം തലയോലപ്പറമ്പ് സ്വദേശി രാജീവ് രമേശന്‍, കൊല്ലം ഓച്ചിറ സ്വദേശി ജയകുമാര്‍, എടപ്പാള്‍ സ്വദേശി അബ്ദുള്‍ റഫീഖ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ ലാല്‍ജിത് യാദവ്, മുഹമ്മദ് ഉസ്മാന്‍, ഹന്‍സ്രാജ് കുമാര്‍, ഹേം ലാല്‍, നേപ്പാള്‍ സ്വദേശി ഗുരുങ്ങ് ബിസോ ബഹദൂര്‍ എന്നിവരാണ് പോര്‍ട്ടബിള്‍ ക്യാബിനില്‍ ജീവിതം തള്ളിനീക്കുന്നത്.

കമ്പനി പൂട്ടിയെങ്കിലും അതുവരെയുള്ള ശമ്പളം നല്‍കാനും ഇഖാമ പുതുക്കി നല്‍കാനും ഉടമ വിസമ്മതിച്ചു. ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയതോടെ ശമ്പള ബാക്കി ലഭിച്ചു. സുഹൃത്തുക്കളും ജീവകാരുണ്യ സംഘടനകളും കഴിവത് സഹായിച്ചെങ്കിലും ഏറെക്കാലം നീണ്ടില്ല. ഒന്നര മാസം മുമ്പ് ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാദേവ് ജുബൈല്‍ സന്ദര്‍ശിച്ചപ്പോള്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. ബന്ധുക്കള്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല.

പിന്നീട് രാജീവിന്റെ അമ്മ ഇതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെകണ്ട് പരാതി നല്‍കിയിരുന്നു. പരാതി നോര്‍ക്ക മുഖേന ഇന്ത്യന്‍ എംബസിക്കു നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെ കമ്പനിയുടെ അഭിഭാഷകന്‍ ഔട്ട് പാസ് ശരിയാക്കാമെന്നു വാഗ്ദാനം നല്‍കി. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി 2000 റിയാല്‍ വീതം നല്‍കി. പിന്നീട് സ്‌പോണ്‍സര്‍ക്കെതിരായ കേസ് പിന്‍വലിച്ചാലേ ഔട്ട്പാസ് കിട്ടൂ എന്നായി അഭിഭാഷകന്റെ നിലപാട്.

ഒടുവിൽ കേസ് പിൻവലിച്ചിട്ടു ഒന്നര മാസമായിട്ടും നാട്ടിലേക്കു പോകാനുള്ള രേഖകള്‍ ശരിയായിട്ടില്ല.പരിചയക്കാർ നൽകുന്ന ഭക്ഷണം പങ്കിട്ടാണ് എല്ലാവരും കഴിക്കുന്നത്. കൊടും ചൂടിൽ എയര്‍ കണ്ടീഷണറുണ്ടെങ്കിലും വൈദ്യുതി വരുന്നത് വല്ലപ്പോഴും കമ്പനി അധികൃതര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമാണ്. ഇത്രയേറെ ദുരിതത്തിൽ ജീവിക്കുന്ന ഇവർക്ക് എത്രയും വേഗം നാട്ടിൽ തിരിച്ചെത്തണം എന്നുമാത്രമാണ് ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button