ആലുവ: എടത്തലയില്‍ യുവാവിനെ ക്രൂരമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആരോ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്ന് ഉസ്മാന്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ഉസ്മാനാണ് ആദ്യം മര്‍ദ്ദിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വാദിച്ച് ഉസ്മാന്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് ഉസ്മാന്‍ പറയുന്നതിങ്ങനെ. ജംക്ഷനില്‍ കൂട്ടുകാരനുമായി സംസാരിക്കുകയായിരുന്നു താന്‍. അപ്പോഴാണ് അവിടേക്ക് കാറില്‍ നാലു പേര്‍ എത്തുന്നത്. വന്നത് പോലീസുകാരാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല.
ജംക്ഷനില്‍ വെച്ച് തന്നെ ആക്രമിച്ച ശേഷം പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സ്‌റ്റേഷനില്‍ വെച്ച് അതിക്രൂരമായാണ് തന്നെ മര്‍ദ്ദിച്ചത്. വേറൊരാളുടെ കാലുകള്‍ക്കിടയില്‍ തന്‌റെ തല വെച്ചശേഷം നിലത്ത് കുനിച്ചിരുത്തി മുതുകില്‍ ഇടിച്ചു. മര്‍ദ്ദനത്തിനിടെ രക്തം ചര്‍ദ്ദിച്ചപ്പോഴാണ് ഇവര്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഉസ്മാന്‌റെ മുഖത്ത് സാരമായ പരുക്കറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. നട്ടെല്ലിനും മറ്റ് ശരീര ഭാഗത്തിനും ക്ഷതം സംഭവിച്ചിട്ടുണ്ടോ എന്ന പരിശോധനകള്‍ പുരോഗമിക്കുകയാണ്.
Post Your Comments