
നാഗ്പൂര്‍: ആര്‍എസ്‌എസ് തൃതീയവര്‍ഷ ശിക്ഷാ വര്‍ഗിന്റെ സമാപന യോഗത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിന് മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജി ഏറെ വിമർശനങ്ങൾക്ക് വിധേയനായി. ആര്‍എസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നേരിട്ടും അല്ലാതെയും ഗൗരവമായി അറിഞ്ഞപ്പോള്‍ മുന്‍ സര്‍വ സൈന്യാധിപന്‍ പറഞ്ഞു, ‘നിങ്ങളെ ഞാന്‍ അഭിസംബോധന ചെയ്യുന്നു, നിങ്ങള്‍ മികച്ച പരിശീലനം നേടിയവരാണ്, യുവാക്കളാണ്. ദയവായി സമാധാനത്തിന് പ്രാര്‍ഥിക്കൂ. നമ്മുടെ മാതൃരാജ്യം അതാവശ്യപ്പെടുന്നു, അതാണ് ഈ സമയം വേണ്ടത്,’ മുഖര്‍ജി പറഞ്ഞു.
‘മാതൃരാജ്യവുമായി താദാത്മ്യം പ്രാപിക്കലാണ് ദേശീയത. താദാത്മ്യം പ്രാപിക്കല്‍ രാജ്യത്തോടുള്ള ആരാധനയാണ്.നമ്മുടെ ദേശീയത സംഗമങ്ങളുടെയും ലയനങ്ങളുടെയും നീണ്ട പ്രക്രിയയിലൂടെ രൂപപ്പെട്ടതാണ്. നമ്മുടെ വൈവിധ്യവും ബഹുസ്വരതയും മറ്റുള്ളവരുടേതില്‍നിന്ന് വേറിട്ടതാണ്. നമ്മുടെ ദേശീയതയെ മതത്തിന്റെയോ ഏതെങ്കിലും സിദ്ധാന്തങ്ങളുടെയോ അടിസ്ഥാനത്തില്‍ നിര്‍വചിക്കാന്‍ ശ്രമിച്ചാല്‍ ഫലം ശരിയായ ദേശീയതയില്‍ വെള്ളം ചേര്‍ക്കലാവും,’ മുഖര്‍ജി പറഞ്ഞു.
ദേശീയതയും ദേശസ്നേഹവും ഇഴപിരിക്കാനാവാത്ത വിധം കൂടിപ്പിണഞ്ഞതാണ്. അതുകൊണ്ടുതന്നെ അവയെ വെവ്വേറെയാക്കി ചര്‍ച്ച ചെയ്യാനുമാവില്ല. 2500 വര്‍ഷം നമ്മെ വിവിധ ഭരണാധികാരികള്‍ കീഴടക്കി ഭരിച്ചു. എന്നിട്ടും 5000 വര്‍ഷത്തിലേറെ പഴക്കമുള്ള നമ്മുടെ സംസ്‌കാരം നാശമില്ലാതെ തുടരുന്നു. അങ്ങനെ ഭരിച്ചവരെയെല്ലാം നമ്മള്‍ ഒന്നുകില്‍ നമ്മില്‍ ലയിപ്പിച്ചു, അല്ലെങ്കില്‍ മാറ്റിയെടുത്തു.ഒരു പതാകയ്ക്കു കീഴില്‍ ഒട്ടേറെ മതങ്ങളും ഭാഷകളും ചേരുന്നു. ദിനവും നമുക്കു ചുറ്റും അക്രമങ്ങള്‍ വര്‍ധിക്കുന്നു.
എല്ലാത്തരം, വാക്കുകൊണ്ടും ശരീരംകൊണ്ടുമുള്ള ആക്രമണങ്ങളെ നമ്മുടെ പൊതു വേദികളില്‍നിന്ന് ഇല്ലാതാക്കണം. നമുക്ക് ക്ഷോഭത്തില്‍നിന്നും ആക്രമണങ്ങളില്‍നിന്നും സമാധാനത്തിലേക്ക് മാറണം. നമുക്ക് സൗഹാര്‍ദ്ദത്തിലേക്കം സന്തോഷത്തിലേക്കും നീങ്ങണം’ അദ്ദേഹത്തിൻറെ പ്രസംഗം രാജ്യം ഇന്നലെ കേട്ടത് അതീവ ശ്രദ്ധയോടെയാണ്. ‘ഞാന്‍ ഇവിടെ വന്നത് ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറിന് ആദരവ് അര്‍പ്പിക്കാന്‍ വേണ്ടിയാണ്’ എന്നാണു മുഖർജി സന്ദർശക ബുക്കിൽ എഴുതിയത്.
Post Your Comments