ലോക സാമ്പത്തിക ശക്തികള്‍ക്ക് മുന്നില്‍ കരുത്ത് തെളിയിച്ച് ഇന്ത്യ മുന്നേറുമ്പോഴും ദൈവത്തിന്‌റെ സ്വന്തം നാടായ കേരളം നീങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സമ്പത്തും സമൃദ്ധിയും തന്നിരുന്ന ഭരണമായിരുന്നു മഹാബലി തമ്പുരാന്‌റെത്. എന്നാല്‍ കാലവും സ്ഥിതിഗതികളും മാറിയപ്പോള്‍ ഭരണവും ഭരിക്കുന്നവരും ജനങ്ങള്‍ക്ക് വേണ്ടി തന്നെയാണോ സേവനം നടത്തുന്നതെന്ന സംശയം രൂക്ഷമാവുകയാണ്. രാജ്യത്ത് തന്നെ കൂടുതല്‍ തുക കടം വാങ്ങുന്ന സംസ്ഥാനമായി കേരളം മാറുന്നു എന്നതിന്‌റെ സൂചന തന്നെയായിരുന്നു മാധ്യമങ്ങളിലൂടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വന്ന വാര്‍ത്തകള്‍.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരവിനേക്കാള്‍ ചെലവ് കൂടുതലുളള സംസ്ഥാനമാണ് കേരളമെന്നതായിരുന്നു വാര്‍ത്ത. ഇത് സംബന്ധിച്ച് കേരളത്തിലെ ധനസ്ഥിതി തീര്‍ത്തും ആശങ്കാ ജനകമാണെന്ന സിഎജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട് നിയമസഭയിലെത്തിയിരുന്നു. സംസ്ഥാനത്തിനുള്ള വരുമാനം 42000 കോടിയും ചെലവ് 44000 കോടിയും. 1480 കോടിയോളം രൂപ അധിക ചെലവ് കണക്കാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ഇത് ഏകദേശ കണക്ക് മാത്രം.വരും ദിവസങ്ങളിലെ കൃത്യമായ പരിശോധനയില്‍ തുക ഇനിയും കൂടുമെന്ന് ഉറപ്പ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ചെലവ് എന്നിവ സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തെക്കാള്‍ കൂടുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായി
ചൂണ്ടിക്കാണിക്കുന്നത്. 2016-17 ല്‍ കേരളത്തിലെ ആകെ നികുതി വരുമാനമെന്നത് 42177 കോടി രൂപയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജിവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായി തന്നെ 43650 കോടിയിലധികം തുക സര്‍ക്കാരിന് ചെലവഴിക്കേണ്ടി വന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ് ഇത്തരത്തില്‍ സര്‍ക്കാരിന്‌റെ ചെലവുകള്‍ വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. ഇത് തുകയുടെ വിനിയോഗമടക്കം കൃത്യമായി നിയമസഭയില്‍ അവതരിപ്പിക്കുവാന്‍ ധനമന്ത്രി തോമസ് ഐസക്കിന് സാധിച്ചു.
നികുതി വരുമാനവും നികുതി ഇതര വരുമാനവുമാണ് സര്‍ക്കാര്‍ ഖജനാവിനെ നിറക്കുന്നതില്‍ പ്രധാന ഘടകങ്ങള്‍. എക്‌സൈസ് , ഭൂനികുതി, വാഹന നികുതി തുടങ്ങിയവയ്ക്ക് പുറമെ നികുതിഇതരമായുള്ള വരുമാനവും കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതവും മറ്റ് ധനസഹായവുമാണ് സാമ്പത്തികമായി സംസ്ഥാനത്തിന് ബലം നല്‍കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ മോശമായ സാമ്പത്തിക സ്ഥിതിയാണ് നിലവിലുള്ളതെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോള്‍ ജനമനസുകളില്‍ ഉയരുന്നത് മറ്റൊരു ചോദ്യമാണ്. കേരളം നീങ്ങുന്നത് കടക്കെണിയിലേക്കോ ?.
സംസ്ഥാനത്തിനുള്ള വരുമാനത്തിന്‌റെ 70 ശതമാനം കൊണ്ട് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ നടത്താമെന്ന് കരുതിയ സര്‍ക്കാരിന് തെറ്റി. 76 ശതമാനം തുകയാണ് സര്‍ക്കാരിന് ഇതിനായി മാത്രം വേണ്ടി വന്നത്. കേന്ദ്രത്തില്‍ നിന്നുളള നികുതി വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടും സംസ്ഥാനത്ത് ഇക്കാര്യത്തില്‍ വര്‍ധനയുണ്ടാക്കാന്‍ കേരള സര്‍ക്കാരിന് സാധിച്ചില്ല. കേരളത്തിന്‌റെ കടം പെരുകിവരുന്ന സാഹചര്യത്തില്‍ ഇനി ചിന്തിക്കേണ്ടത് സര്‍ക്കാര്‍ ഇതിനെ എങ്ങനെ മറികടക്കും എന്നതാണ്. അതിനായി മികച്ച ധനസമാഹരണം നടത്തണമെന്നാണ് സര്‍ക്കാരിനോട് സിഎജി റിപ്പോര്‍ട്ട് അഭ്യര്‍ഥിച്ചിരിക്കുന്നത്.
2016-17 മാത്രം കേരളത്തിന് 1.89 ലക്ഷം കോടി രൂപയുടെ കടമാണ് ഉള്ളത്. അതായത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 75 ശതമാനത്തിലധികം വര്‍ധനയുണ്ടായി. ഇത് ഒന്നിച്ചടയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പലഭാഗത്ത് നിന്നും അഭിപ്രായം ഉണ്ടെന്നത് ശരി തന്നെ. പക്ഷേ 35692 കോടി രൂപ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലും 62,478 കോടി രൂപ 2024 മാര്‍ച്ചിനുള്ളിലും കേരളത്തിന് അടച്ച് തീര്‍ക്കണം. ഇതോടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടം കൂടുതലുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. കടത്തിന്‌റെ അളവ് നോക്കിയാല്‍ കേരളത്തിലുള്ള ഓരോരുത്തരും 53,008 രൂപയുടെ കടക്കരാണ്.
സര്‍ക്കാരിന് നേരത്തെയുള്ള കടം അടച്ച് തീര്‍ക്കാന്‍ തന്നെ നിലവില്‍ ലഭിച്ചിരിക്കുന്ന വായ്പകള്‍ കൊണ്ടേ സാധിക്കൂ. നിലവിലെ സാമ്പത്തിക വര്‍ഷത്തെ ഇത് സാരമായി ബാധിച്ചിരിക്കുന്നുവെന്ന് ഇനി എടുത്ത് പറയേണ്ട കാര്യമില്ല. എന്നിരുന്നാലും കടവും ആഭ്യന്തരമായ ഉല്‍പാദനവും തമ്മിലുള്ള അനുപാതം 25 എന്ന കണക്കില്‍ നിലനിര്‍ത്തുന്നത് മുതലുള്ള പോം വഴികള്‍ സര്‍ക്കാരിന് മുന്‍പിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വേണ്ടി വരുന്ന അനാവശ്യമായ ചെലവുകള്‍ കണ്ടെത്തി അവ ഒഴിവാക്കിയാല്‍ തന്നെ നല്ലൊരു ആശ്വാസം ലഭിക്കും.
സംസ്ഥാനത്തിന് പലരീതിയിലായി പിരിഞ്ഞ് കിട്ടാനുള്ള തുകകള്‍ ഏതെന്ന് കൃത്യമായി കണ്ടെത്തി അത് സമയബന്ധിതമായി ഖജനാവില്‍ എത്തിക്കണം. നികുതി ഇതര വരുമാനങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയും ഈയിനത്തില്‍ പുതിയ വരുമാന മാര്‍ഗം സൃഷ്ടിയ്ക്കാന്‍ കഴിയുമോ എന്നും ശ്രദ്ധിക്കണം. സാധാരണക്കാരന്‌റെ കുടുംബ ബഡ്ജറ്റ് താളം തെറ്റുന്ന വിധമുള്ള നികുതി വര്‍ധനവ് ഉണ്ടകാതിരിക്കട്ടെ. കേരളത്തിന്‌റെ സമ്പത്ത് വ്യവസ്ഥിതി ഇപ്പോള്‍ നേരിടുന്ന ഈ പ്രതിസന്ധി എത്രയും വേഗം നീങ്ങട്ടെ. അതിന് ഭരണകൂടത്തിന് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും നമ്മളാല്‍ കഴിയുന്ന വിധം പ്രവൃത്തിക്കുകയും ചെയ്യാം.
Post Your Comments