രാഷ്ട്രീയം എല്ലാവര്‍ക്കും അധികാരത്തിനു വേണ്ടിയുള്ള ഒന്നാണ്. മനസ്സറിഞ്ഞ് പൊതു പ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയക്കാര്‍ എത്രപേര്‍ ഉണ്ട് ഇന്ന് നമ്മുടെ ഇടയില്‍. എല്ലാവര്ക്കും വേണ്ടത് അധികാരം, പദവി, സമ്പത്ത്. ശമ്പളം മേടിക്കാത്ത പൊതു പ്രവര്‍ത്തന രംഗമായിരുന്നു ഇത്. ഇവിടെ സമരം ചെയ്ത് പോലും തങ്ങള്‍ക്ക് കൃത്യമായ ശമ്പളം വാങ്ങിക്കാന്‍ കഴിയാത്ത തൊഴിലാളികള്‍ ഉള്ള നാട്ടില്‍ യാതൊരു സേവന പ്രവര്‍ത്തിയും ചെയ്യാതെ ഇരട്ടിയില്‍ അധികം ശമ്പളം മാത്രമോ അഴിമതിയും കൈക്കൂലിയും ഒരു മടിയും കൂടാതെ വാങ്ങിയെടുക്കുന്ന ഈ രഷ്ട്രീയ നേതാക്കന്മാര്‍ നാട് മുടുപ്പിക്കുകയാണ്.
കൈ കൂപ്പി ഇളിച്ചു കാട്ടി ഇതു കാടും മേടും കടന്നെത്തി വോട്ട് ചോദിക്കാന്‍ മടിയില്ലാത്തവര്‍ അധികാരം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ കാട്ടികൂട്ടുകയെന്താണെന്നു അവര്‍ക്ക് പോലും അറിയില്ല. അതീവ സുരക്ഷയിലെ യാത്ര ചെയ്യു. എസി റൂമിലെ ഉറക്കമേ ശരിയാകൂ.. കണ്ണടയാണെങ്കില്‍ ഇരുപത്തയ്യായിരത്തിനു പുറത്ത് വില വരുന്നത് വേണം. തന്‍റെ സില്‍ബന്തികളെയും കുടുംബക്കാരെയും ജോലി നല്‍കിയും അല്ലാതെയും സഹായിച്ച് തന്‍റെ ‘കര്‍ത്തവ്യം’ പാലിക്കാന്‍ വെഗ്രതകാട്ടുന്ന ഈ രാഷ്ട്രീയക്കാര്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്താണ് ചെയ്യുന്നത്? അധികാരം കിട്ടാന്‍ വേണ്ടി വര്‍ഗ്ഗ ശത്രുവിനെയും കൂട്ട് പിടിക്കുകയും ഇല്ലെങ്കില്‍ മറുകണ്ടം ചാടുമെന്നു ഭയപ്പെടുത്തുകയും ചെയ്യുന്ന നാറുന്ന രാഷ്ട്രീയ കളികളാണ് എന്നും ഇവിടെ അരങ്ങേറുന്നത്. അതിന്റെ ബാക്കി പത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നടക്കുന്നത്.
ജനാധിപത്യത്തിന്റെ കാവലാളായി നിന്നുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കേണ്ടവര്‍ അധികാരത്തിന്റെ അപ്പ കഷണങ്ങള്‍ക്ക് പിന്നാലെ പായുകയാണ്. ചെങ്ങന്നൂരില്‍ ഇടതോ വലതോ എന്ന് ഉറപ്പിക്കാന്‍ കഴിയാതെ നില്‍ക്കുകയും ഒടുവില്‍ വലത് ബാന്ധവം തന്നെ മതിയെന്ന് തീരുമാനിക്കുകയും ചെയ്ത കെ എം മാണിയും കൂട്ടരും വീണ്ടും കോണ്‍ഗ്രസിനെ പിഴിഞ്ഞ് തുടങ്ങി. കൂടെ നില്‍ക്കാന്‍ രാജ്യ സഭ സീറ്റ് പോലും വിട്ട് കൊടുക്കേണ്ടി വന്ന ഗതികേടിലാണ് കോണ്‍ഗ്രസ്. എന്തിനു വേണ്ടിയാണ് ഈ അധികാരം? സ്വന്തം കീശ വീര്‍പ്പിക്കാനോ? 1980-99 കാലത്ത് ലോക്‌സഭയിലും പിന്നീട് 2004 മുതൽ ഇതുവരെ രാജ്യസഭയിലും അംഗമായിരുന്ന് രാജ്യത്തെയും പാർട്ടിയേയും സേവിച്ച പിജെ കുര്യന്‍ നിലവിൽ രാജ്യസഭാ ഉപാധ്യക്ഷനാണ്. എന്നാല്‍ ഇത്രയും കാലം സേവിച്ചതു മതി ഇനി യുവതുർക്കികള്‍ക്ക് സ്ഥാനം നല്‍കണമെന്നാണ് ആവശ്യം. എന്നാല്‍ അപ്പോഴും ഒരു ചോദ്യം വയലാര്‍ രവിയും എ കെ ആന്റണിയും രാജ്യസഭയില്‍ ഇരിക്കുമ്പോള്‍ പി ജെ കുര്യന്‍ മാത്രം മാറി നില്‍ക്കേണ്ടത് എന്തിനു? പ്രായത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് ആദ്യം മാറ്റേണ്ടത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയല്ലേ!!
പി ജെ കുര്യന് രാജ്യ സഭ സ്ഥാനാര്‍ഥിത്വം നല്‍കാതിരിക്കാനാണ് കേരള കോണ്‍ഗ്രസ്സിന് സീറ്റ് കൊടുത്തതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. അതിനായി എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും പലവട്ടം കളിച്ചിട്ടുണ്ടെന്നും പി ജെ കുര്യന്‍ തന്നെ വെളിപ്പെടുത്തി. എന്നാല്‍ യുഡിഎഫ് ശക്തിപ്പെടാന്‍ മാണി വേണമെന്നാണ് പ്രതിപക്ഷ നേതാവടക്കം പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. അതുകൊണ്ട് തന്നെ കുഞ്ഞാലികുട്ടിയുടെ നിര്‍ദ്ദേശവും താത്പര്യവും ഇവിടെ നടപ്പിലാക്കപ്പെട്ടു. അങ്ങനെ പതിവ് രീതികള്‍ മറന്ന് കേരള കോണ്‍ഗ്രസ്സിന് രാജ്യ സഭ സീറ്റ് നല്‍കാന്‍ തീരുമാനമായി. സീറ്റ് കൈമാറിയ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സിറ്റിംഗ് സീറ്റും വിട്ടു കൊടുത്ത് ജനകീയമാകുന്നതാണ് നല്ലതെന്ന പരിഹാസമാണ് മുരളീധരന്‍ ഉയര്‍ത്തിയത്. എന്തായാലും യുവ നേതാക്കളുടെ പരാതി പ്രവാഹത്തിനിടയിലും കേരള കോണ്‍ഗ്രസിന് പച്ചക്കൊടികാട്ടുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്.
രാജ്യ സഭാ സീറ്റ് സ്വന്തം കോട്ടയിലേക്ക് കിട്ടിയ സന്തോഷത്തില്‍ യു ഡി എഫിലേക്കുള്ള പാർട്ടിയുടെ പുനപ്രവേശം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് മാണി. കോട്ടയം ലോക്സഭാംഗമായ ജോസ് കെ മാണിയോ അച്ഛന്‍ മാണിയോ ഈ സീറ്റില്‍ മത്സരിക്കുന്നതെന്ന സംശയത്തിലാണ് പ്രവര്‍ത്തകര്‍. എന്നാല്‍ രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തതോടെ മാണി ജയിച്ചെന്നും യുഡിഎഫ് തോറ്റെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. എൽഡിഎഫിനു ഭരണത്തുടർച്ചയുണ്ടാകണമെന്നു കരുതി എടുത്ത തീരുമാനം പോലെയാണിതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫിനു നാഥനില്ലാത്ത അവസ്ഥയാണു നിലവിൽ. മൃതസഞ്ജീവനി കൊടുത്താലും യുഡിഎഫ് രക്ഷപെടില്ലയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. കേരളത്തിൽ കോൺഗ്രസ് തമ്മിലടിച്ചു തീരുമെന്നും ഉമ്മൻചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ഡൽഹിയിലേക്കു അയച്ചതു തെറ്റായ തീരുമാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇന്നല്ലെങ്കിൽ നാളെ മാണി യുഡിഎഫിൽ ചേരുമെന്ന് ഉറപ്പായിരുന്നു. എരണ്ടയെപ്പോലെയാണു മാണിയെന്നു താൻ നേരത്തേ പറഞ്ഞതാണ്. താറാവിന്റെ രൂപമാണ് എരണ്ടയ്ക്ക്. താറാവ് കരയിലും വെള്ളത്തിലും കാണും. എരണ്ടയാകട്ടെ എത്ര പറന്നാലും വെള്ളത്തിൽ തന്നെയാണു വന്നിറങ്ങുക. ഇതു തന്നെയാണു മാണിയും യുഡിഎഫിലേക്ക് എത്തുക വഴി ചെയ്തത്. ഇക്കാര്യം മനസ്സിലാക്കാൻ എൽഡിഎഫിനു സാധിക്കാതെ പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ യുഡിഎഫ് തകർന്നുവെന്നു പി.സി.ജോര്‍ജ് പറഞ്ഞു. ‘മാണിസം’ തീരാൻ പോവുകയാണ്. മകനും മകന്റെ ഭാര്യയും പറയുന്നതെല്ലാം ശരിയാണെന്നു സമ്മതിക്കുന്നതാണ് മാണിയുടെ ഇപ്പോഴത്തെ ജോലി. മാണി ഗ്രൂപ്പ് വീണ്ടും പിളരും. മാണിക്കും പി.ജെ.ജോസഫിനും ഇനി ഒന്നിച്ചു പോകാനാകില്ലെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കാലുവാരല്‍ രാഷ്ട്രീയ നയങ്ങള്‍ ശക്തമായി നടക്കുന്നയിടത്ത് പ്രശ്നം ഒത്തു തീര്‍പ്പാക്കിയത് കുഞ്ഞാലിബുദ്ധി. മലബാർ ക്വാട്ട, മുസ്ലീം പ്രാതിനിധ്യം, വനിതാ സംവരണം എന്നിങ്ങനെ അനവധി അവകാശ വാദങ്ങൾ ഉയര്‍ന്നപ്പോള്‍ ആരും കരയേണ്ടയെന്നും പറഞ്ഞ് മലപ്പുറത്തും വേങ്ങരയിലും ചെങ്ങന്നൂരും മാണി കൊടുത്ത പിന്തുണയ്ക്ക് എളിയ പ്രതിഫലമായി സീറ്റ് ദാനം നല്‍കി കടപ്പാട് തീര്‍ത്തിരിക്കുകയാണ് പികെ കുഞ്ഞാലിക്കുട്ടി. അഡ്വ. ജയശങ്കറുടെ ഒരു വാക്യം കടമെടുക്കുകയാണെങ്കില്‍ .. ‘കുര്യനെയും ചാക്കോയെയും ഒരുമിച്ചു വെട്ടിയ നിർവൃതി കുഞ്ഞൂഞ്ഞിന്, പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനായ സന്തോഷം ചെന്നിത്തലയ്ക്ക്. ആങ്ങള ചത്തിട്ടായാലും നാത്തൂൻ്റെ കണ്ണീരു കാണണം എന്നതാണ് കോൺഗ്രസുകാരുടെ പൊതുവികാരം.’
എന്തായാലും കുഞ്ഞാലികുട്ടി ജനറല്‍സെക്രട്ടറിയായും കെ എം മാണി പ്രസിടന്റായും ഉടന്‍ അധികാരത്തിലെത്തും. ഇരുവരും കൈകോര്‍ത്ത് പിടിച്ചു യുവ തുര്‍ക്കികളെ ആട്ടി അകറ്റുകയും അടുത്ത മന്ത്രി സഭയിലെ മുഖ്യമന്ത്രി പദത്തിനായി ഇപ്പോഴേ ഒരുക്കല്‍ തുടങ്ങി… ഈ രീതിയിലാണ് കോണ്ഗ്രസ് മുന്നോട്ട് പോകുന്നതെങ്കില്‍ 2021ൽ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി ആയിരിക്കും മുഖ്യമന്ത്രി!
രശ്മിഅനില്‍
Post Your Comments