ഡൽഹി: നാല് സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ആകെ 15 സംസ്ഥാനങ്ങളിലാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. ഹരിയാന, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. 57 രാജ്യസഭ സീറ്റുകളിൽ ഉത്തർപ്രദേശ്, തമിഴ്‌നാട്, ബീഹാർ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 41 സ്ഥാനാർത്ഥികൾ കഴിഞ്ഞ വെള്ളിയാഴ്ച എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നാല് രാജ്യസഭ സീറ്റുളള രാജസ്ഥാനിൽ അഞ്ച് സ്ഥാനാർത്ഥിളാണ് മത്സര രംഗത്തുളളത്. സീറ്റ് നില പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാമെന്നാണ് വിലയിരുത്തൽ. ജയിക്കാന്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടേണ്ടത് 41 വോട്ടാണ്. കോണ്‍ഗ്രസിന് മൂന്ന് സ്ഥാനാര്‍ത്ഥികളെയും കൂടി ജയിപ്പിക്കാന് 15 വോട്ട് അധികം വേണമെന്നിരിക്കെ, സ്വന്തം സ്ഥാനാര്‍ത്ഥിക്ക് പുറമെ സീ ന്യൂസ് ഉടമ സുഭാഷ് ചന്ദ്രയെന്ന സ്വതന്ത്രനെ കൂടി പിന്തുണച്ച ബിജെപിക്ക് 11 വോട്ട് കൂടി വേണം ജയിക്കാൻ.
രാജസ്ഥാനിൽ ചെറിയ പാർട്ടികളുടേയും സ്വതന്ത്രരുടേയും നിലപാട് നിർണായകമാകും. കര്‍ണ്ണാടകയിൽ നാല് സീറ്റുകളിലേക്കായി ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്. ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒരു സീറ്റിലും ജയിക്കുമെന്നാണ് വിലയിരുത്തൽ. നാലാമത് സീറ്റിലേക്ക് ജയിക്കാമെന്ന് കണക്ക് കൂട്ടിയ ജെഡിഎസിനെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ കുതിരക്കച്ചവടത്തിന് സാധ്യതയുളളതിനാൽ വിവിധ രാഷ്ട്രീയ പാർട്ടികൾ അവരുടെ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കർണ്ണാടകയിൽ ജെഡിഎസ് അവരുടെ 32എംഎല്‍എമാരെ ബെംഗളൂരുവിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. കുതിരക്കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് നേരത്തെ മാറ്റിയിരുന്നു.
Post Your Comments