മുംബൈ: പുണെയിലെ ഭിമ-കൊരെഗാവ് ഏറ്റുമുട്ടല്‍ കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി, മുംബൈ, പുണെ എന്നിവിടങ്ങളില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. പെഷ്വാ സൈന്യത്തിന് എതിരെ രണ്ടു നൂറ്റാണ്ട് മുൻപ് ദലിത് മെഹര്‍ വിഭാഗക്കാര്‍ നേടിയ വിജയത്തിന്റെ സ്മരണ ദിവസമായ ജനുവരി ഒന്നിന് പുണെയിലെ ഭിമ-കൊരെഗാവില്‍ ദലിതുകള്‍ ഒന്നിച്ചുകൂടുന്നതിനിടെ നടന്ന ദലിത്-സവര്‍ണ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
സ്മരണ ദിനത്തിന് തലേദിവസം നടന്ന എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുത്തവരും സംഘാടകരാണ് അറസ്റ്റിലായവര്‍. തഷോര് ദാംഗുഡെ എന്നയാള്‍ നല്കിയ പരാതിയിലാണ് പൊലീസ് നടപടി.അറസ്റ്റിലായവരുടെ വീടുകളില്‍ നടത്തിയ തിരച്ചിലില്‍ മാവോബന്ധം തെളിയിക്കുന്ന ഇമെയിലുകളും മറ്റും കണ്ടെത്തി. ഡല്‍ഹിയില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസനേഴ്സ് (സി.ആര്.പി.പി) പൊതു സമ്പര്‍ക്ക സെക്രട്ടറിയായ മലയാളി റോണ ജേക്കബ് വില്‍സണ്‍ മാവോവാദി പ്രവര്‍ത്തനങ്ങളുടെ പേരില്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി.എന്‍. സായിബാബയുടെ ചുമതലകള്‍ വഹിക്കുന്ന ആളാണെന്നും പോലീസ് കണ്ടെത്തി.
ഇയാൾ വർഷങ്ങളായി പോലീസ് നിരീക്ഷണത്തിലാണ്. മുംബൈയില്‍ മറാത്തി ദലിത് പ്രസിദ്ധീകരണമായ ‘വിരോധി’യുടെ പത്രാധിപരും റാഡിക്കല്‍ അംബേദ്കര്‍ സംഘടന സ്ഥാപകനുമായ സുധീര്‍ ധാവ്ലെ എന്നിവരും നാഗ്പുര്‍ സര്‍വകലാശാല പ്രഫസര്‍ ഷോമ സെന്‍, ഗഡ്ചിറോളിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ മഹേഷ് റാവത്ത്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പ്യൂപ്പിള്‍സ് ലോയേഴ്സ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ഗഡ്ലിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
Post Your Comments