മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി നടത്തിയ ആളെ കേരളം അത്ര പെട്ടന്ന് മറക്കാനിടയില്ല. സംഭവം നടന്നിട്ട് ദിവസങ്ങളോളം കൃഷ്ണകുമാര്‍ ആരാണെന്നും മറ്റുമുള്ള വിവരങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളിലൂടെയും മറ്റ് രീതിയിലൂടെയും തപ്പിയിറങ്ങിയവരും ചുരുക്കമല്ല. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി പൊലീസ് കേസെടുത്ത ശേഷമാണ് കൃഷ്ണകുമാറിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. പൊലീസും നാട്ടുകാരും ഇദ്ദേഹത്തെ പറ്റി പറയുന്നത് ഒരേ വാക്കുകള്‍. മദ്യപാന ശീലമുള്ളയാളാണ് കൃഷ്ണ കുമാര്‍.കുടിച്ചു കഴിഞ്ഞാല്‍ ആരെയും അസഭ്യം പറയുകയും ഉള്ളില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് വാ തോരാതെ പറയുകയും ചെയ്യും.
കൂട്ടുകാരുമായിരുന്ന് മദ്യപാനവും പതിവാണ്. അടുത്തിടെ വീടു പണിയുടെ തിരക്കിലായിരുന്നു കുമാര്‍.വീടിന്‌റെ ഓട് മാറുന്നതിനും മറ്റ് പണികള്‍ നടത്തുന്നതിനുമായി ഇയാള്‍ ഒട്ടേറെ പണം ചെലവഴിച്ചിരുന്നു.കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഇയാള്‍ ദുബായില്‍ ജോലി ചെയ്യുകയാണ് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇടയ്ക്കിടെ അവധിയ്ക്കായി നാട്ടിലെത്തും. വന്നു കഴിഞ്ഞാല്‍ സുഹൃത്തുക്കളുമായി മദ്യപാനവും ആഘോഷവുമാണ്.ഇത്തവണ വന്നപ്പോള്‍ വീടിന്‌റെ മേല്‍ക്കുരയും മറ്റും മാറി ഷീറ്റിടുകയും വീടിന് മോടി കൂട്ടുകയും ചെയ്തിരുന്നു.
ചെറിയ വീടാണെങ്കിലും എസി അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇദ്ദേഹം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയാണെന്നും സൂചനയുണ്ട്. ഇത്തവണ വന്നപ്പോള്‍ മദ്യപാനം മാറ്റുന്നതിനായി ചികിത്സ വേണമെന്ന് കുടുംബക്കാര്‍ പറഞ്ഞെങ്കിലും വേഗം തിരികെ പോകണമെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. വീട്ടില്‍ വഴക്ക് പതിവായപ്പോള്‍ ഭാര്യ മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. അതിനിടെയാണ് മുഖ്യമന്ത്രിയെ വധിക്കാന്‍ കേരളത്തിലേക്ക് വരികയാണെന്നും ഭാര്യയെയും മകളെയും പീഡിപ്പിക്കുമെന്നും ഇയാള്‍ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയത്.
എന്നാല്‍ ഇതിനു ശേഷം താന്‍ മദ്യലഹരിയിലായിരുന്നതിനാലാണ് ഇങ്ങനെ പറഞ്ഞു പോയതെന്ന് ഇയാള്‍ ക്ഷമാപണം നടത്തിയിരുന്നു. പിണറായി വിജയനെക്കുറിച്ചും എം എം മണിയെക്കുറിച്ചും നടത്തിയ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയുന്നു എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വധഭീഷണി,അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.കിട്ടു എന്ന വിളിപ്പേരിലാണ് ഇയാള്‍ നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.വധഭീഷണി ഇന്‌റര്‍നെറ്റില്‍ തരംഗമായതോടെ ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് മലയാളികളായ യുവാക്കള്‍ അന്വേഷിച്ചെത്തിരുന്നു.
മാപ്പ് പറഞ്ഞെങ്കിലും കേസില്‍ നിന്ന് രക്ഷപെടാന്‍ കൃഷ്ണകുമാറിന് സാധിക്കില്ല. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കൃത്യമായ നിയമങ്ങളും മറ്റ് സംവിധാനങ്ങളും വരണമെന്നതിന്‌റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ഈ രീതിയില്‍ മാത്രമല്ല സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ പെരുകി വരികയാണ്. അത് തടയുന്നതിന് അധികൃതര്‍ കൃത്യമായ രീതികള്‍ നടപ്പിലാക്കുന്നതിനൊപ്പം ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ തങ്ങള്‍ മോശമായ കാര്യങ്ങള്‍ക്ക് ഇതിനെ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുകയും വേണം. അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ നമ്മുടെ നാടിന് സാധിക്കട്ടെ.
Post Your Comments