തിരുവനന്തപുരം•കോഴിക്കോട് എരഞ്ഞിപ്പാലം സരോജ് വിഹാറിലെ 77 വയസായ എന്‍. കമലാസനന്റെയേയും 71 വയസായ ഭാര്യയുടേയും മകളായ മാനസിക വെല്ലുവിളിയുള്ള പ്രിയ (37) ഇനി ഒറ്റയ്ക്കല്ല. ഭക്ഷണവും താമസവും ഉള്‍പ്പെടെ പ്രിയയ്ക്ക് ആജീവനാന്തം എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കമലാസനന്റെ അഭ്യര്‍ത്ഥന പ്രകാരം മാനസിക വെല്ലുവിളികള്‍ നേരിടുന്ന വനിതകള്‍ക്ക് ആജീവനാന്ത പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിന് അദ്ദേഹം നല്കിയ, കൊല്ലം ജില്ലയിലെ വെളിയം വില്ലേജില്‍ കായില എന്ന സ്ഥലത്തുള്ള 84 സെന്റ് (33.80 ആര്) സ്ഥലവും വീടും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്ത് ഉത്തരവ് പുറപ്പെടുവിച്ചു. മാത്രമല്ല ആ കുടുംബത്തിനോടുള്ള ബഹുമാനാര്‍ത്ഥം ഈ സ്ഥാപനത്തിന് പ്രിയ ഹോം ഫോര്‍ മെന്റലി ചലഞ്ച്ഡ് വുമണ്‍ എന്നാക്കി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
രക്ഷിതാക്കളുടെ കാലശേഷം മാനസിക വെല്ലുവിളിയുള്ളവരെ സംരക്ഷിക്കാന്‍ കേന്ദ്രം തുടങ്ങുന്നതിന് 84 സെന്റ് വസ്തുവും വീടും സൗജന്യമായി വിട്ടുനല്‍കാന്‍ തയ്യാണെന്ന് പറഞ്ഞ് കമലാസനന് മുഖ്യമന്ത്രിക്കും സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഈ വസ്തുവും വീടും ഉപയുക്തമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് സാമൂഹ്യനീതി ഡയറക്ടറോട് ആവശ്യപ്പെട്ടു. ചെറിയ അറ്റകുറ്റ പണികള്‍ നടത്തിയാല്‍ 10 വനിതകള്‍ക്ക് പുനരധിവാസം നല്കാന് ഉപകരിക്കുമെന്ന് കണ്ടെത്തി. സ്ഥല ലഭ്യതയുടെ കുറവ് മൂലം പുതിയ ക്ഷേമ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ വലിയ ബുദ്ധിമുട്ടായതിനാല്‍ ഈ സ്ഥലവും വീടും ഏറ്റെടുക്കാവുന്നതാണെന്ന് സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കി. തുടര്‍ന്നാണ് വസ്തുവും സ്ഥലവും സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തത്.
മാനസിക വെല്ലുവിളികളുള്ള 10 വനിതകള്‍ക്ക് താമസിക്കാന്‍ പറ്റുന്ന ഹോമാണ് സാമൂഹ്യനീതി വകുപ്പ് ഇവിടെയൊരുക്കുന്നത്. ഈ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയെ ചുമതലപ്പെടുത്തുന്നതാണ്. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനറായ കമ്മിറ്റിയില്‍ തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍, വാര്‍ഡ് മെമ്പര്‍, കമലാസനന് നിര്‍ദേശിക്കുന്ന ഒരാള്‍ എന്നിവരാണുണ്ടാവുക. സാമൂഹ്യനീതി വകുപ്പ് ഡയറക്ടറും കൊല്ലം ജില്ലാ കളക്ടറും ഭൂമിയും വസ്തുവും ഏറ്റെടുക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനം നല്‍കും.
Post Your Comments