India

തൊഴില്‍ ഭിക്ഷാടനം : മാസവരുമാനം ലക്ഷങ്ങള്‍ : ഭിക്ഷാടനം തൊഴിലാക്കി മാറ്റിയവരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

മുംബൈ : ഭിക്ഷാടനം തൊഴിലായി തിരഞ്ഞെടുത്ത് ലക്ഷങ്ങള്‍ സമ്പാദിക്കുന്നവരെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭിക്ഷാടനത്തിലൂടെ ലക്ഷങ്ങള്‍ കൊയ്ത ഇന്ത്യന്‍ ഭിക്ഷാടകരെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഭാരത് ജയ്ന്‍ – ഭാരത് ജയ്നാണ് (49) ഇന്ത്യയിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരന്‍. മുംബൈയിലെ പരേല്‍ മേഖലയിലാണ് ഇയാള്‍ ഭിക്ഷാടനം നടത്തുന്നത്. 70 ലക്ഷം രൂപ വിലയുള്ള രണ്ട് അപ്പാര്‍ട്ട്മെന്റുകള്‍ ഇയാള്‍ക്ക് സ്വന്തമായുണ്ട്. കൂടാതെ ഒരു ജ്യൂസ് ഷോപ്പും വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ നിന്ന് പതിനായിരം രൂപ മാസം വാടകയിനത്തില്‍ ലഭിക്കും. ഒരു പ്രൊഫഷണല്‍ ഭിക്ഷാടകനായ ഇയാള്‍ മാസം ഏകദേശം 60,000 രൂപ വരെയാണ് സമ്പാദിക്കുന്നത്. പത്താം ക്ലാസ്സിലും പന്ത്രണ്ടിലും പഠിക്കുന്ന രണ്ട് മക്കളും ഭാര്യയും പിതാവും സഹോദരനുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം.

മലാന – ഭിക്ഷാടന സ്ഥലത്ത് ഓട്ടോറിക്ഷയിലാണ് ഇയാളെത്തുന്നത്. തുടര്‍ന്ന് വസ്ത്രം മാറി 8 മുതല്‍ 10 മണിക്കൂര്‍ വരെ ഭിക്ഷാടനം നടത്തും. അതിനു ശേഷം വീണ്ടും ഓട്ടോയില്‍ തന്നെ തിരികെ വീട്ടിലേയ്ക്ക് പോകും.

കൃഷ്ണ കുമാര്‍ ഗീതെ – മുംബൈയിലെ ചാര്‍നി റോഡരികുകളിലാണ് ഇയാള്‍ ഭിക്ഷാടനം നടത്തുന്നത്. ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഫ്ളാറ്റാണ് ഇയാള്‍ക്ക് സ്വന്തമായുള്ളത്. സഹോദരനോടൊപ്പമാണ് താമസം.

സാംബാജി കലേ – സോലാപൂരില്‍ ഒരു ഫ്ളാറ്റ്, രണ്ട് വീടുകള്‍, കൃഷിഭൂമി എന്നിവ സ്വന്തമായുള്ള ഭിക്ഷാടകനാണ് സാംബാജി കലേ. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും ഇയാള്‍ക്കുണ്ട്.

സര്‍വാതിയ ദേവി – പാട്നയിലെ പ്രശസ്തയായ ഭിക്ഷാടകയാണ് സര്‍വാതിയ ദേവി. അശോക് സിനിമാസിന്റെ പിന്നിലാണ് ഇവരുടെ താമസം. രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തയായ ഭിക്ഷാടകയാണിവര്‍. വര്‍ഷം 36,000 രൂപ ഇന്‍ഷ്വറന്‍സ് പ്രീമിയമായി ഇവര്‍ അടയ്ക്കുന്നുണ്ട്. കൂടാതെ ഭിക്ഷാടനം നടത്തി ഒരു മകളെ വിവാഹം കഴിച്ചയയ്ക്കുകയും ചെയ്തു. രാജ്യത്തുടനീളം യാത്ര ചെയ്യുന്ന ഇവര്‍ നിരവധി പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ലക്ഷ്മി ദാസ് -1964 മുതല്‍ ലക്ഷ്മിദാസ് കൊല്‍ക്കത്തയില്‍ ഭിക്ഷാടനം നടത്തുന്നുണ്ട്. 16 വയസ്സുള്ളപ്പോഴാണ് ഇവര്‍ ഭിക്ഷാടനം ആരംഭിക്കുന്നത്. ഇപ്പോള്‍ ലക്ഷങ്ങളുടെ ബാങ്ക് ബാലന്‍സ് ഇവര്‍ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button