കൊച്ചി: നാലാമതും കുട്ടി ഉണ്ടായതിന്റെ നാണക്കേട് ഭയന്ന് ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ദമ്പതികള്‍ ഇടപ്പള്ളി പള്ളി പാരിഷ് ഹാളിന് സമീപം ഉപേക്ഷിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ദമ്പതികളെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയെ തിരികെ വേണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കെലും, തിരികെ ലഭിക്കണമെങ്കില്‍ നിരവധി കടമ്പകള്‍ ഇവര്‍ കടക്കണം. കുട്ടിയെ ഏറ്റെടുത്ത സാമൂഹ്യക്ഷേമവകുപ്പ് അങ്കമാലി കറുകുറ്റിയിലെ ശിശുഭവന്‍ സിസ്റ്റേഴ്‌സ് ഒഫ് നസ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ജില്ല ശിശു സംരക്ഷണ ഓഫീസര്‍ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മാതാപിതാക്കള്‍ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി നാല് കുട്ടികള്‍ ഉണ്ടായതിലെ പരിഹാസം ഭയന്ന് ദുര്‍ബല നിമിഷത്തില്‍ കുട്ടിയെ ദൈവത്തിന് തിരികെ നല്‍കുകയായിരുന്നു എന്നാണ് ദമ്പതികളുടെ മൊഴി. കുഞ്ഞിനെ ഇനി പൊന്നുപോലെ നോക്കുമെന്ന് ഇവര്‍ ഉറപ്പും പറയുന്നു.
എന്നാല്‍ കുഞ്ഞിനെ തിരികെ കിട്ടാന്‍ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണോയെന്ന് നിയമപരമായി തെളിയിക്കണം. അതിന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡി.എന്‍.എ പരിശോധന വരെയുള്ള നടപടികളിലേക്ക് നീങ്ങിയേക്കാം. കുഞ്ഞിനെ ലഭിക്കാന്‍ ആദ്യം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. നിയമപരമായി കുട്ടിയെ നല്‍കാനുള്ള തടസങ്ങള്‍ മാറിയാലും അപകടകരമായ സാഹചര്യത്തില്‍ കുട്ടിയെ ഉപേക്ഷിച്ച ഇവര്‍ സുരക്ഷിതത്വത്തോടെ വളര്‍ത്തുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ബോദ്ധ്യമാകണം. മാതാപിതാക്കളുമായുള്ള സിറ്റിംഗിന് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ടായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക.
Post Your Comments