തിരുവനന്തപുരം : സിപിഎമ്മില്‍ വന്‍ അഴിച്ചുപണി നടത്താനൊരുങ്ങുന്നു. ഈ മാസം നാല് പുതിയ ജില്ലാസെക്രട്ടറിമാരെ തെരഞ്ഞെടുക്കും. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് ജില്ലാ സെക്രട്ടറിമാരെ അടുത്തു ചേരുന്ന ജില്ലാ കമ്മിറ്റി യോഗങ്ങള്‍ തിരഞ്ഞെടുക്കുക. 10-ന് തൃശ്ശൂരും 20-ന് എറണാകുളത്തും ഒന്‍പതിന് ആലപ്പുഴയിലും 12-ന് കൊല്ലത്തും ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരാന്‍ ഞായറാഴ്ച അവസാനിച്ച സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി യു.പി.ജോസഫും എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എന്‍.മോഹനനും തിരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. സജി ചെറിയാന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥിയായായതുമുതല് ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ആര്.നാസറാണ്. കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എസ്.വരദരാജന്, പി.രാജേന്ദ്രന്, എസ്.ജയമോഹന് എന്നിവര്‍ക്കാണ്് മുന്‍തൂക്കം.
തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന് കേന്ദ്ര കമ്മിറ്റിയിലേക്കും എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ്, കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഈ സ്ഥാനങ്ങള്‍ ഒഴിവുവന്നത്. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന് ചെങ്ങന്നൂരില്‍നിന്ന് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
Post Your Comments