യാത്രകളെ ഇഷ്ടപെടാത്തവരുണ്ടോ ? ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് തരുന്നത്. ആ യാത്രകളിൽ അൽപ്പം സാഹസികത കൂടി കലർത്തിയാൽ ഇരട്ടിമധുരമാണ് ഉണ്ടാവുക. അത്തരം ഒരു അനുഭവം പങ്കുവെയ്ക്കുന്ന സ്ഥലമാണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഒറ്റക്കൽപ്പാറ എന്നറിയപ്പെടുന്ന സാവൻ ദുർഗ.
ബാംഗളൂരിൽ നിന്നും അറുപതു കിലോമീറ്റർ പടിഞ്ഞാറ് ആയി മഗഡി റോഡ് നു സമീപത്ത് ആയി സ്ഥിതിചെയ്യുന്ന ഒരു ഏകശിലാസ്‌തംഭമാണ് (Monolithic Rock) സാവൻ ദുർഗ. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപാറകളിൽ ഒന്നായി സാവൻ ദുർഗ കണക്കാക്കപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 1226 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറ ഡെക്കാൺ പീഠഭൂമിയുടെ ഒരു ഭാഗമാണ്. ഇതിനു സമീപത്ത് കൂടെ അർക്കാവതി നദി ഒഴുകുന്നു. ബെംഗളുരു സിറ്റിയിൽ നിന്നും 54 കിലോമീറ്റർ അകലെയാണ് സാവൻദുർഗ്ഗ സ്ഥിതി ചെയ്യുന്നത്. രാം നഗരയിൽ നിന്നും 38 കിലോമീറ്ററും മഗഡിയിൽ നിന്നും 13 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.
കുന്നുകളും ക്ഷേത്രങ്ങളും ഉൾപ്പെടെ മനോഹരമായ ദൃശ്യങ്ങളാണ് സാഹസികരുടെ പ്രിയകേന്ദ്രമായ സാവൻ ദുർഗയിൽ ഒരുക്കിയിരിക്കുന്നത്. കൃത്യമായ പടവുകൾ ഒന്നും ഇവിടെ ഇല്ലാത്തതിനാൽ മലകയറ്റം എല്ലായിപ്പോഴും കൂടുതൽ ദുഷ്കരമായിരിക്കും. സാഹസികരെ വെല്ലുവിളിക്കുന്ന സാവൻദുർഗ്ഗയുടെ വിശേഷങ്ങൾ അറിയാം………!
സാവൻദുർഗ്ഗയെന്നാൽ
മരണത്തിന്റെ കുന്ന് എന്ന അർഥത്തിലാണ് പണ്ടുകാലം മുതൽത്തന്നെ സാവൻദുർഗ്ഗയെ വിശേഷിപ്പിച്ചിരുന്നത്. സാവിന ദുർഗ്ഗാ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത് സാവ് എന്നാൽ മരണം എന്നാണ് അർഥം. കൃത്യമായ പടവുകൾ ഒന്നും ഇവിടെ ഇല്ലാത്തതിനാൽ മലകയറ്റം എല്ലായ്പ്പോഴും കൂടുതൽ ദുഷ്കരമായിരിക്കും. അതുകൊണ്ടുതന്നെ ഇവിടെ നിന്നും താഴെ വീഴുന്നതിനും സാധ്യത കൂടുതലാണ്. ഇതുകൊണ്ടൊക്കെയാണ് പണ്ടുമുതലേ ഇതിനെ സാവൻദുർഗ്ഗ എന്നു വിളിച്ചിരുന്നത്. പുരാതന ലിഖിതങ്ങളിൽ സാവന്ദി എന്നും ഇതിനു പേരുണ്ട്.
സാവൻ ദുർഗയുടെ ചരിത്രം
ഹൊയ്സാല രാജവംശത്തിൻറെ കാലത്താണ് സാവൻദുർഗ്ഗ പ്രശസ്തമായത്. ഈ രാജവംശത്തിലെ സാമന്ത രായയാണ് 1543 ൽ സാവൻദുർഗ്ഗയുടെ മുകളിൽ ഒരു കോട്ട നിർമ്മിക്കുന്നത്. 1728 ൽ ഇത് കെംപെ ഗൗഡയുടെ അധികാരത്തിനു കീഴിലെത്തുകയും പിന്നീട് മൈസൂർ രാജാവ് അത് കീഴടക്കി ഹൈദർ അലിക്ക് സമ്മാനിക്കുകയും ചെയ്തു. തുടർന്ന് ഇത് ടിപ്പു സുൽത്താന്‍റെ കൈവശം എത്തി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ടിപ്പുവിൽ നിന്നും ഇത് ലോഡ് കോൺവാലിസ് പിടിച്ചടക്കുകയായിരുന്നു.
കറുത്ത മലയും വെളുത്ത മലയും
സാവൻദുർഗ്ഗയിലെ പ്രധാനപ്പെട്ട കാഴ്ചയാണ് ഇവിടുത്തെ രണ്ടു വലിയ കുന്നുകൾ. കരിഗുഡ്ഡയെന്നും ബിലിഗുഡ്ഡയെന്നും പേരായ ഈ കുന്നുകളുടെ പേരിന്റെ അർഥം കറുത്ത മല എന്നും വെളുത്ത മല എന്നുമാണ്. ഈ കുന്നുകളിലൂടെയുള്ള മലകയറ്റമാണ് ഇവിടുത്തെ പ്രധാന വിനോദം. മലകയറ്റം സാഹസികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ… ചിലയിടങ്ങളിൽ പാറകള്‍ക്കു നല്ല പിടുത്തമുണ്ടങ്കിലും ചിലയിടങ്ങളിൽ വഴുക്കും. കരിങ്കല്ലും ചെങ്കല്ലും ഒക്കെ ചേർന്ന പാറകളാണ് ഇവിടെയുള്ളത്.
ബെംഗളുരുവിലും മൈസൂരിലും ഉള്ള ആളുകളുടെ പ്രധാനപ്പെട്ട വീക്കെൻഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് സാവൻദുർഗ്ഗ. ഇവിടെ ട്രക്കിങ്ങ് നടത്തുന്നതിന് പ്രധാനമായും രണ്ടു വഴികളാണുള്ളത്. കരിഗുഡ്ഡ ട്രെയിലും ബില്ലിഗുഡ്ഡാ ട്രെയിലും. ബിലിഗുഡ്ഡ ട്രെയിൽ കടന്നു പോകുന്നത് കെംപെ ഗൗഡ നിർമ്മിച്ച കോട്ടയുടെ സമീപത്തുകൂടിയാണ്. കോട്ട ഇപ്പോൾ നശിച്ച അവസ്ഥയിലാണുള്ളത്. കോട്ടയുടെ ടവറിന്റെ അടുക്കൽ വരെ ട്രക്ക് ചെയത് എത്തുക എന്നത് സാഹസികതയും കായികക്ഷമതയും ഏറെ വേണ്ടുന്ന ഒന്നുതന്നെയാണ്. മറ്റു റൂട്ടിൽ നിന്നും വ്യത്യസ്തമായി മുന്നോട്ട് സഞ്ചരിക്കേണ്ട വഴികൾ ഇവിടെ പാറകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ കോട്ടയുടെ നാലു കവാടങ്ങൾക്കരുകിലായി നാലു ചെക് പോസ്റ്റുകളും കാണാൻ കഴിയും. ഇവിടെ നിന്നും കുറച്ചു ദൂരം കൂടി കുത്തനെ മുകളിലോട്ട് പോയാൽ നന്ദി മണ്ഡപയിലെത്താം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കരിഗുഡ വഴിയുള്ള ട്രക്കിങ്ങ് തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് വഴികളൊന്നും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഇതുവഴി പോകുന്നത് അപകടകരവും അതേസമയം ത്രില്ലിങ്ങുമാണ്. ബിലിഗുഡ്ഡയെ അപേക്ഷിച്ച് ഇത് സാഹസികവും കൂടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ലാബ് ക്ലൈംബിങ്ങ് പാതകൂടിയാണ് ഇവിടെയുള്ളത്. ബെള തിങ്കളു,സിമ്പിൾ മങ്കി ഡേ,ദീപാവലി,ക്ലൌഡ് 9 തുടങ്ങി വേറെയും ട്രക്കിങ് പാതകൾ ഇവിടെ കാണാം.
Post Your Comments