Article

സക്കാത്തിനെക്കുറിച്ച് അറിയേണ്ടതെല്ലാം

റമദാന്‍ വ്രതങ്ങളുടെ നാളുകളിലൂടെ കടന്നു പോകുകയാണ് ഓരോ ഇസ്ലാം വിശ്വാസികളും. ഇസ്ലാമിന്റെ പഞ്ചസ്തഭങ്ങളില്‍ മൂന്നാമത്തേതാണ് സകാത്. സമ്പത്തിലെ എട്ട് ഇനങ്ങളില്‍ നിശ്ചിത അളവ് പൂര്‍ത്തിയാകുമ്പോള്‍ ചില നിബന്ധനകള്‍ക്കനുസൃതമായി സമൂഹത്തിലെ എട്ട് വിഭാഗങ്ങള്‍ക്ക് നല്‍കുന്നതിനായി ഇസ്ലാം നിയമമാക്കിയ ദാന പദ്ധതിയാണ് സകാത്.

ഒരു മുസ്ലിം തന്റെ കൈവശമുള്ള സ്വത്തിലെ, നിശ്ചിത അളവും ഒരു ചാന്ദ്ര വര്‍ഷവും പൂര്‍ത്തിയാക്കിയ എട്ട് ഇനങ്ങള്‍ക്ക് മാത്രം സകാത് നിര്‍ബന്ധമാകുന്നതാണ്. എന്നാല്‍, മുഖ്യ ഭക്ഷ്യാഹാരത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകേണ്ടതില്ല. വിളവെടുപ്പ് നടത്തിയ ഉടനെ സകാത് നല്‍കണമെന്നാണ് നിയമം..

സകാത് നിര്‍ബന്ധമാക്കിയതിനെക്കുറിച്ചു പരിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ വായിക്കാം. “നിങ്ങള്‍ നിസ്കാരം മുറപ്രകാരം നിര്‍വ്വഹിക്കുക, സകാത് നല്‍കുക, അല്ലാഹുവിനും റസൂലിനും സഹായികളും ആവുക” (അല്‍അഹ്സാബ് 33). “നബിയേ, അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സകാത് അവരുടെ സമ്പത്തുകളില്‍ നിന്ന് തങ്ങള്‍ സ്വീകരിക്കുക” (തൌബ 103).

ഇബനു അബ്ബാസ് (റ) പറയുന്നു. നബി (സ്വ) മുആദ് (റ) നെ യമനിലെ ഗവര്‍ണറായി നിയോഗിച്ച ശേഷം പറഞ്ഞു. “മുആദ്, പൂര്‍വ്വ വേദങ്ങള്‍ നല്‍കപ്പെട്ട ഒരു വിഭാഗത്തിലേക്കാണു നീ പോകുന്നത്. ആദ്യമായി അവരെ സത്യ സാക്ഷ്യത്തിലേക്ക് ക്ഷണിക്കുക. അവര്‍ അതംഗീകരിക്കുന്ന പക്ഷം ഒരു ദിവസം രാപ്പകലുകളിലായി അഞ്ചു നേരത്തെ നിസ്കാരം അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. അവരത് സ്വീകരിച്ചാല്‍, സമ്പന്നരില്‍ നിന്നും ധനം ശേഖരിച്ച് ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്ന നിര്‍ബന്ധദാനത്തെ കുറിച്ച് അവര്‍ക്ക് ബോധനം നല്‍കുക” (ബുഖാരി മുസ്ലിം).

സകാത് എന്ന പദത്തിന്റെ ഭാഷാര്‍ഥം ശുദ്ധീകരണമെന്നാണ്. ശുദ്ധി ശാരീരികം മാനസികം എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്. സകാതിലൂടെ ഈ രണ്ട് ശുദ്ധീകരണവും സാധ്യമാകുന്നുവെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. “അവരുടെ സമ്പത്തുകളില്‍ നിന്ന് നബിയേ, താങ്കള്‍ ദാനം വാങ്ങുക. അതവരെ (ശാരീരികമായി) ശുദ്ധി ചെയ്യും. തങ്ങള്‍ ആ ദാനം വഴി അവരെ (ആത്മീയ) സംസ്കരണത്തിന് വിധേയമാക്കും” എന്ന് ഖുര്‍ ആന്‍ പറഞ്ഞു.

കടപ്പാട്: റമദാന്‍ : പുണ്യങ്ങളുടെ പൂക്കാലം ഫേസ്ബുക്ക് പോസ്റ്റ്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button