Kerala

പി.ജെ.കുര്യനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ

പാലക്കാട്: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് വി.ടി ബല്‍റാം എം.എല്‍.എ. പാര്‍ലമെന്ററി അവസരങ്ങള്‍ ചിലര്‍ കുത്തകയാക്കുന്നതു കോണ്‍ഗ്രസിനു ഭൂഷണമല്ലെന്നു വി.ടി.ബല്‍റാം എംഎല്‍എ തുറന്നടിച്ചു. രാജ്യസഭയില്‍ മൂന്ന് ടേം പൂര്‍ത്തിയാക്കുന്ന, നേരത്തെ ആറ് തവണ ലോക്സഭയിലും അംഗമായിട്ടുള്ള പി.ജെ.കുര്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്ന് വിടവാങ്ങുമെന്നാണു താന്‍ പ്രതീക്ഷിക്കുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലാണു ബല്‍റാമിന്റെ പ്രതികരണം. ഈ ഒഴിവിലേക്കു ഷാനിമോള്‍ ഉസ്മാന്‍, ഡോ.മാത്യു കുഴല്‍നാടന്‍, ടി.സിദ്ധീഖ്, എം.ലിജു, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരില്‍ ആരെയെങ്കിലും തെരഞ്ഞെടുക്കണമെന്നാണു താന്‍ ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ബല്‍റാം പറഞ്ഞു.

പാര്‍ലമെന്ററി അവസരങ്ങള്‍ ചില വ്യക്തികള്‍ കുത്തകയാക്കുന്നതു ജനാധിപത്യത്തിനു പൊതുവിലും കോണ്‍ഗ്രസ് സംഘടനയ്ക്കു പ്രത്യേകിച്ചും ഭൂഷണമല്ല. പാര്‍ട്ടി എംഎല്‍എമാരുടെ വോട്ടുകൊണ്ടു വിജയം സുനിശ്ചിതമായ രാജ്യസഭയിലേക്കു ചിലര്‍ക്കു മാത്രം വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കേണ്ട കാര്യമില്ല- ബല്‍റാം പറഞ്ഞു.

കോണ്‍ഗ്രസില്‍ അടിമുടി മാറ്റമുണ്ടാകേണ്ട സമയമായിരിക്കുന്നു. നേതൃത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയുടേയും രാഷ്ട്രീയ മുന്‍ഗണനകളുടേയും സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റെയും കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം പാര്‍ട്ടി നേരിടാന്‍ പോകുന്നത് നിലനില്‍പ്പിന്റെ ഭീഷണിയാണ്- ബല്‍റാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button