Latest News

തിരുവനന്തപുരം ജില്ലയില്‍ നാളെ ഒ.പി. പ്രവര്‍ത്തിക്കുന്നതല്ല

തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ, രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ പണിമുടക്കിന്റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജൂണ്‍ 4-ാം തിയതി തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലേയും ഒ.പി. സേവനം നിര്‍ത്തിവയ്ക്കുന്നു. അത്യാഹിത സേവനങ്ങളും, കിടത്തി ചികിത്സയും, ശസ്ത്രക്രിയയും മുടങ്ങില്ല. സ്വകാര്യ ആശുപത്രികളുടെ ഏകോപനസമിതിയാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. ആശുപത്രികളില്‍ സമാധാന അന്തരീക്ഷം ഉറപ്പ് വരുത്തുക, രോഗികളുടെ ജീവന്‍ പന്താടരുത് എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പ്രതിഷേധം നടത്തുന്നത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ഈ പ്രതിഷേധത്തിന് പൊതുജനങ്ങളുടെ പിന്തുണ ഏകോപനസമിതി ചെയര്‍മാന്‍ ഡോ. മാര്‍ത്താണ്ഡ പിള്ള, കണ്‍വീനര്‍ ഡോ. അലക്‌സ് ഫ്രാങ്ക്‌ളിന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ നടന്ന മിന്നല്‍ പണിമുടക്കും തുടര്‍ന്നുണ്ടായ അതിക്രമങ്ങളും രോഗികളെ വല്ലാതെ വലച്ചിരുന്നു. അത്യാസന്ന നിലയില്‍ അഡ്മിറ്റ് ചെയ്തിരുന്ന രോഗികളില്‍ പലര്‍ക്കും ജീവന് തന്നെ ആപത്തുണ്ടാക്കുന്നതായിരുന്നു ഈ നടപടി. പലരെയും അടിയന്തിരമായി മറ്റു ആശുപത്രികളിലേക്ക് മാറ്റേണ്ട സാഹചര്യവും ഉണ്ടായി. ഇതിനുപോലും പലരും തടസം നിന്നു. ഇത് രോഗികള്‍ക്കും ആശുപത്രിക്കും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിച്ചു. സമരത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആശുപത്രികളെ സമാധാന മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഏകോപനസമിതി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button