തൃപ്പയാര്‍ : സുന്നത്ത് കര്‍മത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവത്തിനൊടുവില്‍ പിഞ്ചു കുഞ്ഞു മരിച്ചു എന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ ആണ് സംഭവം.ജനിച്ച് 29 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഇത് സംബന്ധിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയ്ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയതായും വിവരമുണ്ട്. തൃപ്രയാര്‍ തളിക്കുളം ഐനിച്ചോട്ടില്‍ പുഴങ്ങരയില്ലത്ത് യൂസഫിന്റേയും നസീലയുടേയും കുഞ്ഞാണ് മരിച്ചത്.
മെയ് 26 ന് ആയിരുന്നു കുഞ്ഞിന്റെ ചേലാകര്‍മം നടത്തിയത്. തൃപ്രയാര്‍ തളിക്കുളത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ വച്ചായിരുന്നു യൂസഫ്-നസീല ദമ്പതിമാരുടെ കുഞ്ഞിന്റെ സുന്നത്ത് കര്‍മം നടത്തിയത്. മെയ് 26 ന് ആയിരുന്നു ഇത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ തന്നെ ആയിരുന്നു സുന്നത്ത് കര്‍മം നടത്തിയത്.ചേലാ കര്‍മം നടത്തിയതിന് ശേഷം മൂക്കാല്‍ മണിക്കൂറോളം കുട്ടിയെ ക്ലിനിക്കില്‍ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.
അതിന് ശേഷം ജനനേന്ദ്രിയത്തില്‍ രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ തന്നെ വീണ്ടും മരുന്നുവച്ച് മുറിവ് കെട്ടുകയും ചെയ്തുവത്രെ. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം വീണ്ടും രക്തസ്രാവം ശ്രദ്ധയില്‍ പെടുകയായിരുന്നു. ഡോക്ടറെ വിളിച്ച് വിവരം പറഞ്ഞെങ്കിലും അത് അദ്ദേഹം ഗൗരവത്തില്‍ എടുത്തില്ല എന്നാണ് ആക്ഷേപം. രാത്രിയില്‍ പിന്നേയും കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ നിന്ന് രക്തസ്രാവം ഉണ്ടായി. ഈ വിവരം അറിയിക്കാന്‍ പല തവണ ഡോക്ടറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ല. പിറ്റേന്ന് രാവിലെ ആണ് ഡോക്ടറെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചത്.
തുടര്‍ന്ന് ഡോക്ടര്‍ കുഞ്ഞിന്റെ മുറിവ് വീണ്ടും മരുന്ന് വച്ച് കെട്ടുകയും സര്‍ജന്റെ വിദഗ്ധ ചികിത്സ തേടാന്‍ നിര്‍ദ്ദേശിക്കുകയും ആയിരുന്നു. സര്‍ജനായി പല ആശുപത്രികളില്‍ കയറിയിറങ്ങി ഒടുവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കുട്ടിയെ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അപ്പോഴേക്കും ശരീരത്തിലെ 93 ശതമാനം രക്തവും മുറിവിലൂടെ വാര്‍ന്നുപോയിരുന്നു എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments