കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കേരളത്തിൽ വീണ്ടും രണ്ടു മരണം കൂടി. പാലാഴി സ്വദേശി മധുസൂദനന്‍ (55), മുക്കം കാരശേരി സ്വദേശി അഖില്‍ (28) എന്നിവരാണ് മരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
മധുസൂദനന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും അഖില്‍ മെഡിക്കല്‍ കോളേജിലും വെച്ചാണ് മരിച്ചത്. ഇരുവരും മെഡിക്കല്‍ കോളേജിൽ ചികിത്സയില്‍ കഴിഞ്ഞ രണ്ടു രോഗികളെ സന്ദർശിക്കാൻ എത്തിയിരുന്നു. ഇവിടെ നിന്നാകാം വൈറസ് ബാധയേറ്റതെന്നാണ് സംശയം. അതിനിടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചു. 18 പേര്‍ക്ക് ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട് രോഗലക്ഷണവുമായി ഒന്‍പത് പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ പനി ബാധിച്ച് മരിച്ചിരുന്നു. മരണ കാരണം നിപയാണെന്ന് സംശയമുള്ളതുകൊണ്ട് മൃതദേഹം നാട്ടിലെത്തിക്കാതെ കൊല്‍ക്കത്തയില്‍ തന്നെ സംസ്‌കരിച്ചു. പാലക്കാട് മണ്ണാര്‍കാട് സ്വദേശിയായ സിജു പ്രസാദാണ് മരിച്ചത്.
48 പേരുടെ സാംപിള്‍ പരിശോധനാഫലം നെഗറ്റീവായതോടെ നിപ വൈറസ് ബാധയുടെ കാര്യത്തിൽ ആശങ്കയ്ക്ക് അയവ് വന്നിരുന്നു. അതിനുപിന്നാലെയാണ് രണ്ടു മരണം ഉണ്ടായത്.
Post Your Comments