മലപ്പുറം: പുണ്യ റമദാനിൽ നന്മ ചെയ്യാനൊരുങ്ങി ഒരു മാതാവ്. മകന്റെ പേരില്‍ ഒഴുക്കിയ കണ്ണീരത്രയും മായ്ച്ചുകളഞ്ഞു ഒരു കുടുംബത്തെ കരകേറ്റുകയാണ് ഇവർ. സ്വന്തം മകന്റെ ഘാതകനായി സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശിക്കു നിരുപാധികം മാപ്പുനല്‍കിയാണ് ഒറ്റപ്പാലം സ്വദേശി പാലത്തിങ്കല്‍ ആയിഷ നന്മയുടെ ആള്‍രൂപമായത്.
ആറുവര്‍ഷം മുമ്പാണ് സൗദിയില്‍ ആയിഷ ബീവിയുടെ മകന്‍ ആസിഫ് (24) കൊല്ലപ്പെട്ടത്. കേസില്‍, ഒപ്പം താമസിച്ചിരുന്ന യു.പി. സ്വദേശി മഹറം അലി സഫീറുള്ള(40)യ്‌ക്കു സൗദി കോടതി വധശിക്ഷ വിധിച്ചു.
സൗദിയിലെ അല്‍ഹസില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു സഫീറുള്ള. ഇതേ പമ്പിൽ സൂപ്പര്‍വൈസറായിരുന്നു ആസിഫ് . ഇരുവരും സുഹൃത്തുക്കളായിരുന്നു.
എന്നാല്‍, ഒരു രാത്രി ഉറങ്ങിക്കിടന്ന ആസിഫിനെ കറിക്കത്തികൊണ്ട് സഫറുള്ള കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു കേസ്. ജയിലില്‍ മാനസികനില തെറ്റിയ പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ഇതിനിടെയാണു കഴിഞ്ഞ നവംബറില്‍ കോടതി വധശിക്ഷ വിധിച്ചത്.
എന്നാല്‍, മാനസികനില തകരാറിലായതിനാല്‍ ശിക്ഷ നടപ്പാക്കാനായില്ല. തുടര്‍ന്ന്, കെ.എം.സി.സി. അല്‍ഹസ ഭാരവാഹികള്‍ പ്രതിയുടെ വിലാസം കണ്ടെത്തി യു.പിയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു. സൗദി നിയമപ്രകാരം, കൊല്ലപ്പെട്ടയാളുടെ ഉറ്റവര്‍ മാപ്പുനല്‍കിയാല്‍ പ്രതിയുടെ വധശിക്ഷ ഇളവുചെയ്യാനാകും. ഭാര്യയും രണ്ടു പെണ്‍മക്കളും പ്രായപൂര്‍ത്തിയാകാത്ത മകനുമാണു സഫീറുള്ളയ്‌ക്കുള്ളത്.
കൊല്ലപ്പെട്ട ആസിഫിന്റെ അമ്മാവന്‍ മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യു. പ്രവര്‍ത്തകനാണ്. പ്രതിയുടെ മാനസികാവസ്‌ഥ തകരാറിലായതു കണക്കിലെടുത്ത്, വിശുദ്ധമാസത്തില്‍ അയാള്‍ക്കു മാപ്പുനല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആയിഷ ഒരാവശ്യമേ മുന്നോട്ടുവച്ചുള്ളൂ. മാപ്പു നല്‍കാം, അതു പാണക്കാട്ടുവച്ചാകണം.
തുടർന്ന് സഫീറുള്ളയുടെ ഭാര്യ റസിയയും ആങ്ങളമാരും മലപ്പുറത്തേക്കു യാത്രതിരിച്ചു. ഇന്നലെ രാവിലെ പത്തരയോടെ ഇവര്‍ പാണക്കാട്ടെത്തി. ആസിഫിന്റെ ഉമ്മ ആയിഷ ബീവി, സഹോദരങ്ങളായ ഇബ്രാഹിം, അബ്‌ദുള്‍ ലത്തീഫ്, അമ്മാവന്‍ സെയ്‌തലവി തുടങ്ങിയവര്‍ നേരത്തേ ഇവിടെയെത്തിയിരുന്നു. ആസിഫിന്റെ ഉമ്മയെ കണ്ടതോടെ റസിയ കരഞ്ഞുകാല്‍ക്കല്‍ വീണു. ആശ്വസിപ്പിക്കാന്‍ ശ്രമിച്ച ആയിഷയും നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. “എന്റെ മകനെ അള്ളാഹു നേരത്തേ വിളിച്ചു. മറ്റൊരു ജീവന്‍ അതിനു പകരമാവില്ലല്ലോ. ഈ പുണ്യമാസത്തില്‍ ഞങ്ങള്‍ മാപ്പുതരുന്നു”-മകന്റെ ഓര്‍മയില്‍ വിതുമ്പി ആയിഷ പറഞ്ഞു. മാപ്പ് എഴുതിനല്‍കിയ രേഖയില്‍ ഒപ്പിട്ട് കെ.എം.സി.സി. ഭാരവാഹികള്‍ക്കു നല്‍കി. ആയിഷയോടും സഹായിച്ച മറ്റുള്ളവരോടും നന്ദി പറഞ്ഞ് റസിയയും സഹോദരങ്ങളും പാണക്കാട്ടുനിന്ന് ഇറങ്ങി.
Post Your Comments