കോട്ടയം : കെവിന്റെ കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും നീനുവിന്റേയും കെവിന്റേയും പ്രണയം സംബന്ധിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കെവിന്റെ കൊലയിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ എന്തൊക്കെയാണെന്നുള്ളതിനെ കുറിച്ച് ഇരുവര്‍ക്കും നിയമോപദേശം നല്‍കിയ അഭിഭാഷകന്‍ പറയുന്നു.
ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകരായ റോയി ജോര്‍ജ്, ജെസിമോള്‍ ജോസഫ് എന്നിവരുടെ ഓഫീസില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു കെവിനും നീനുവും വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള നിയമോപദേശത്തിനായി എത്തിയത്. ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്നും അതിനു സഹായിക്കണം എന്നും അറിയിച്ചു കൊണ്ടു നിയമോപദേശം തേടാനാണ് ഇവര്‍ എത്തിയത്. തെന്മലയിലെ സ്വന്തം വീട്ടിലെ സാഹചര്യങ്ങളും ബന്ധുക്കളുടെ നിലപാടുകളും നീനു അഭിഭാഷകയെ ധരിപ്പിച്ചിരുന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞിട്ടു മതി തന്റെ വിവാഹം എന്നാണു തീരുമാനിച്ചിരുന്നത് എന്നും എന്നാല്‍ നീനുവിന്റെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ നിവര്‍ത്തിയില്ലാതെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ വന്നത് എന്നും ഇതിനു സഹായിക്കണം എന്നും കെവിന്‍ പറഞ്ഞു. തുടര്‍ന്നു കെവിനും നീനുവും ഓണ്‍ലൈന്‍ വിവാഹ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
അപേക്ഷ സമര്‍പ്പിച്ചാലും ഓണ്‍ലൈന്‍ രേഖകളുടെ അസല്‍ പകര്‍പ്പു കൂടി സബ് രജിസ്ട്രാര്‍ക്കു മുന്നില്‍ എത്തി ഫോട്ടോയില്‍ സാക്ഷ്യപ്പെടുത്തുകയും ഫീസ് അടയ്ക്കുകയും വേണമെന്നാണു ചട്ടം. കെവിന്‍ നട്ടാശേരിയിലെ താമസക്കാരനായതിനാല്‍ ഇക്കാര്യങ്ങള്‍ക്ക് ഇരുവരേയും കോട്ടയം രജിസ്ട്രാര്‍ ഓഫീസിലേയ്ക്ക് അയച്ചു. എന്നാല്‍ കളക്ട്രേറ്റിലെ പല ഓഫീസിലും കയറി ഇറങ്ങി എങ്കിലും ആരും അറ്റസ്റ്റ് ചെയ്തു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു എങ്കിലും ഒരുമിച്ചു കഴിയാന്‍ ആഗ്രഹിക്കുന്നതായുള്ള കരാറില്‍ നോട്ടറിയുടെ ഒപ്പും ഇരുവരും വാങ്ങിയിരുന്നു. അന്നു വൈകുന്നേരം കെവിന്‍ നീനുവിനെ അമലഗിരി ഹോസ്റ്റലിലാക്കി മാന്നാനത്തെ ബന്ധുവിന്റെ വീട്ടിലേയ്ക്കു മടങ്ങി. വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള രേഖയില്‍ ഗസറ്റ്ഡ് റാങ്കിങ്ങിലുള്ളയാളിന്റെ ഒപ്പു കിട്ടിയതായും രജിസ്റ്റര്‍ ചെയ്യാന്‍ എത്തുമെന്നും കെവിന്‍ ശനിയാഴ്ച വക്കിലിനെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയിലാണു കെവിനെ തട്ടികൊണ്ടു പോയതും പിന്നീട് കൊലപ്പെടുത്തിയതും.
Post Your Comments