ദോഹ: കാൽനടക്കാർ വാഹനം തട്ടി മരിക്കുന്നത് ഒഴിവാക്കാൻ അപകടങ്ങൾ ആവർത്തിക്കുന്ന സ്‌ഥലങ്ങൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതികളുമായി പൊതുഗതാഗത ഡയറക്‌ടറേറ്റ്. സ്‌പീഡ് ഹംപുകൾ നിർമിക്കുക, കാൽനടക്കാർക്ക് പ്രകാശം പ്രതിഫലിപ്പിക്കുന്ന കൈവളയങ്ങൾ നൽകുക , കൂടുതൽ തെരുവു വിളക്കുകൾ സ്‌ഥാപിക്കുക എന്നിവ നടപ്പിലാക്കാനാണ് ആലോചന.
Read Also: മാറേണ്ടത് നമ്മളാണ്, മാറ്റേണ്ടത് ഇവിടുത്തെ വ്യവസ്ഥിതിയെയാണ്
സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യത്തിൽ വിപുലമായ ബോധവൽക്കരണം നടത്താനും ആലോചനയുണ്ട്. ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമായി പൊതുഗതാഗത ഡയറക്‌ടറേറ്റിന്റെ മാധ്യമ പ്രചാരണവിഭാഗവും ഇൻഡസ്‌ട്രിയൽ ഏരിയയിൽ ബോധവൽക്കരണ പരിപാടികൾ നടത്തും. ഖത്തറിലെ പ്രധാന പാതകളിലായി 15 നടപ്പാലങ്ങൾ നിർമിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇവയുടെ നിർമാണം പൂർത്തിയാകുന്നതോടെ റോഡ് മുറിച്ചു കടക്കുമ്പോഴുള്ള അപകടങ്ങൾ പൂർണമായും ഒഴിവാക്കാനാകുമെന്ന് ട്രാഫിക് ഡിപ്പാർട്‌മെന്റ് മീഡിയ വിഭാഗം ഡയറക്‌ടർ കേണൽ മുഹമ്മദ് രാദി അൽ ഹാജിരി പറഞ്ഞു. ഇൻഡസ്‌ട്രിയൽ ഏരിയയിലാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്. ഇവിടുള്ള വഴികളിൽ വേണ്ടത്ര പ്രകാശം ഇല്ല. വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കാൽനടക്കാരും ഡ്രൈവറും ഇത് ശ്രദ്ധിക്കുന്നത്. അപകടമരണങ്ങൾ കൂടാൻ കാരണം ഇതാണെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments