കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് നവവരന്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിയും കെവിന്റെ ഭാര്യയുടെ സഹോദരനുമായ ഷാനുവിന്റെ മൊഴി പുറത്ത്. തെന്മലയില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കെവിന്‍ ഓടിരക്ഷപ്പെട്ടെന്നും കെവിന്റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ലെന്നും ഷാനു പറഞ്ഞു. കെവിനെ കണ്ടെത്താന്‍ പറ്റാതായതോടെ സംഘത്തിലുള്ളവര്‍ തിരികെ വന്നുവെന്നും കെവിനൊപ്പം തട്ടിക്കൊണ്ട് വന്ന അനീഷിനെ കോട്ടയത്ത് ഇറക്കിവിട്ടെന്നും ഷാനു പറഞ്ഞു.
അതേസമയം കെവിന്റെ മരണത്തില്‍ പോലീസ് വലിയ അനാസ്ഥ കാണിച്ചുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കെവിന്‍ കൊലപാതക കേസില്‍ പ്രതികള്‍ കെവിനൊപ്പം തട്ടിക്കൊണ്ട് പോയ അനീഷ് ആണ് പോലീസിനെതിരെ കൂടുതല്‍ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
കെവിനെ തട്ടിക്കൊണ്ട് പോകുന്നതിനിടെ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു എസ്. ഐയെ വിളിച്ചുവെന്നാണ് അനീഷ് വ്യക്തമാക്കിയത്. തലേന്ന് പെട്രോളിംഗിനിടെ എസ്.ഐ ഷാനുവിനെ ചോദ്യം ചെയ്തപ്പോള്‍ ഷാനു എസ്.ഐക്ക് 10000 രൂപ നല്‍കിയതായും അനീഷ് പറഞ്ഞു.
കോട്ടയം മുതല്‍ പുനലൂര്‍ വരെയുള്ള 95 കിലോമീറ്റര്‍ ദൂരവും കെവിനെ മര്‍ദിച്ചതായി കഴിഞ്ഞദിവസം പുനലൂരില്‍ അറസ്റ്റിലായ പ്രതികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. മര്‍ദനമേറ്റു ബോധരഹിതനായി വീണ യുവാവിനെ ഷാനു ബൂട്ടിട്ട് ചവിട്ടിയെന്നും കൂട്ടു പ്രതികളുടെ മൊഴിയിലുണ്ട്.വലതുകണ്ണും പുരികവും അടിയേറ്റു കലങ്ങിയ നിലയിലായിരുന്നു. ഇടതു പുരികത്തിനു മുകളിലും മുറിവേറ്റിരുന്നു. മുഖത്തും താടിയിലും വീണ് ഉരഞ്ഞതിനു സമാനമായ പാടുകളുണ്ട്. വാരിയെല്ലിനു സമീപത്തും കാല്‍മുട്ടിലും മുറിവേറ്റ പാടുകളുണ്ട്. ഒരേ സ്ഥലത്തു തന്നെ നിരന്തരം മര്‍ദനമേറ്റതിനു സമാനമായ പാടുകളാണ് മൃതദേഹത്തിലുള്ളതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.
Post Your Comments