KeralaLatest News

കെവിന്റെ കൊലപാതകം; പ്രതികരണവുമായി ചെന്നിത്തല

തിരുവനന്തപുരം: കോട്ടയത്ത് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത നാടാണോ കേരളമെന്നും ഇവിടെ രാജഭരണമല്ല നിലനില്‍ക്കുന്നതെന്നും പിന്നെന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇത്രയും സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് അതിക്രമങ്ങളും കൊലപാതകങ്ങളും തുടര്‍ച്ചയായി അരങ്ങേറുമ്പോള്‍ പോലീസ് മേധാവി നോക്കുകുത്തിയാകുകയാണ്. പോലീസിന്റെ പ്രധാന തസ്തികകളില്‍ ഏറാന്‍മൂളികളാണ് കാര്യങ്ങള്‍ നിശ്ചിയിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കെവിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി പോലീസാണ്. പ്രതികള്‍ക്ക് പോലീസുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

പോലീസ് അതിക്രമം എല്ലാ സീമകളും ലംഘിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ വീഴ്ചയിലുണ്ടായ ഉത്തരവാദിത്വത്തില്‍നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ല. മാധ്യമങ്ങളെ കുറ്റം പറയുന്നത് നിര്‍ത്തി ആദ്യം പോലീസിനെ നിലക്കു നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കെവിന്റെ മൃതദേഹം നട്ടാഞ്ചേരിയിലെ കെവിന്റെ വീട്ടിലെത്തിച്ചു. മൃതദേഹം വീട്ടിലെത്തിച്ചതോടെ നിരവധി ആളുകളാണ് കെവിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷമാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് മൂന്നു മണിക്ക് നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button