തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കെവിൻ ജോസഫ് എന്ന യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധവുമായി മുന്‍ കളക്ടറും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രെവറ്റ് സെക്രട്ടറിയുമായ പ്രശാന്ത് നായര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. അഹങ്കാരവും, ദേഷ്യവും, താൻപെരുമയും, ധാർഷ്ട്യവും, പരസ്പരം അപമാനിക്കലും, തെറി പറയലും, പരിഹസിക്കലും, വേദനിപ്പിക്കലും, കൊല്ലലും എല്ലാം ഫാഷനബിളായ നല്ല ബെസ്റ്റ് സമൂഹമായി കേരളം മാറി എന്ന് നമ്മൾ ഇനിയെങ്കിലും വ്യസനസമേതം തിരിച്ചറിയണം. ജിമിക്കിക്കമ്മല് പോലെ ഇതും ചര്‍ച്ച ചെയ്യപ്പെടണമെന്നും പക്ഷേ നമ്മള് ചര്‍ച്ച ചെയ്യില്ല എന്നും പ്രശാന്ത് നായർ വ്യക്തമാക്കി.
Read Also: ബൈക്ക് അപകടത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകന് മരിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കേരള മോഡൽ കൊലമാസ്സാണ്.
ഇരുന്നൂറുവർഷം മുൻപ് ആധുനിക അമേരിക്കയിൽ അടിമക്കച്ചവടം സ്വീകാര്യമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലാണ് പലയിടത്തും സ്ത്രീകൾ വോട്ടാവകാശം നേടിയത്. മാറ്റം പൊതുവേ നന്മയുടെ ദിശയിലേക്കായിരുന്നുവെങ്കിലും ‘എന്താ വാര്യരേ നന്നാവാത്തേ?’ എന്ന് ചോദിപ്പിക്കുന്ന ഒറ്റപ്പെട്ട പോക്കറ്റുകളും ഉണ്ട്. ഉദാഹരണത്തിന് ശൈശവ വിവാഹം ഇന്നും നടക്കുന്ന ചെറുസമൂഹങ്ങളുണ്ട്. ജാതിഭ്രാന്തും മതഭ്രാന്തും മൂത്ത് മനുഷ്യർ തമ്മിൽ കൊല്ലുന്ന നാടുകളുണ്ട്. സതി അനുഷ്ഠിക്കുന്നത് കിടിലമാണെന്ന് വിശ്വസിക്കുന്ന ടീംസുണ്ട്. കഴിഞ്ഞ ആഴ്ച പോലും മോചിപ്പിക്കപ്പെട്ട അടിമകളുണ്ട്. എന്നാൽ ഈ കൂതറ പോക്കറ്റുകൾ സത്യത്തിൽ നമ്മളെ വല്ലാതെ അസ്വസ്ഥരാക്കേണ്ടതില്ല. ബൗധികമായും ഭൗതികമായും പിന്നോക്കം നിൽക്കുന്ന, മാറ്റങ്ങൾ എത്താൻ വൈകിയ സ്ഥലങ്ങളിൽ അധികം വൈകാതെ മാറ്റത്തിന്റെ കാറ്റടിച്ചോളും.
പക്ഷേ നാറ്റത്തിന്റെ കാറ്റടിക്കുന്നുണ്ട്, പുരോഗമിച്ചു എന്ന് അഹങ്കരിക്കുന്ന കേരളസമൂഹത്തിൽ. ‘എല്ലാം തികഞ്ഞ’ കേരളസമൂഹത്തിന്റെ ലേറ്റസ്റ്റ് പരിണാമം നേരത്തെ പറഞ്ഞ നന്മയുടെ ദിശയിലേക്കല്ല. ഒറ്റപ്പെട്ട പോക്കറ്റുകളുടെ കാര്യവുമല്ല പറഞ്ഞ് വരുന്നത്. അഹങ്കാരവും, ദേഷ്യവും, താൻപെരുമയും, ധാർഷ്ട്യവും, പരസ്പരം അപമാനിക്കലും, തെറി പറയലും, പരിഹസിക്കലും, വേദനിപ്പിക്കലും, കൊല്ലലും എല്ലാം ഫാഷനബിളായ നല്ല ബെസ്റ്റ് സമൂഹമായി കേരളം മാറി എന്ന് നമ്മൾ ഇനിയെങ്കിലും വ്യസനസമേതം തിരിച്ചറിയണം. പ്രതിലോമപരമായ ഒരു വലിയ സാമൂഹ്യ പരിവർത്തനത്തിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. ജിമിക്കിക്കമ്മൽ പോലെ ഇതും ചർച്ച ചെയ്യപ്പെടണം. പക്ഷേ നമ്മൾ ചർച്ച ചെയ്യില്ല. നമ്മൾ പകരം രാഷ്ട്രീയപ്പാർട്ടി പറയും (ആരും ഇക്കാലത്ത് രാഷ്ട്രീയം പറയാറില്ല. കാരണം രാഷ്ട്രീയത്തെയും, രാഷ്ട്രീയ പാർട്ടിയെയും, രാഷ്ട്രീയനേതാവിനെയും തമ്മിൽ തിരിച്ചറിയാത്ത പിഞ്ച് മനസ്സുകളാണ് എല്ലായിടത്തും)
വ്യക്തികളോ, പാർട്ടികളോ, സംഘടനകളോ, പ്രസ്ഥാനങ്ങളോ അല്ല ഇന്നത്തെ പ്രശ്നം – കാരണം, അവയൊക്കെ തിരിച്ചറിയാൻ പറ്റാത്ത വിധം വെറുപ്പും അസഹിഷ്ണുതയും ക്രൗര്യവും മാൽസര്യവും ലാവിഷായി കുത്തിനിറച്ചവയാണ്. സത്യത്തിൽ അവയൊന്നും വേർതിരിച്ചറിയാൻ പോലും പറ്റുന്നില്ല. പോരാത്തതിന് പല ഐറ്റംസും വ്യാജമാണ്. ലേബലിൽ സ്കോച്ച് വിസ്കിയും അകത്ത് പട്ടച്ചാരായവും – എങ്കിലും ലേബലിനോടുള്ള വിധേയത്തം കാരണം മിണ്ടാൻ പറ്റാത്ത മദ്യപാനിയുടെ അവസ്ഥയിലാണ് ശരാശരി മലയാളി.
ഇന്നത്തെ ശത്രുവായി നിങ്ങൾ കാണുന്നതല്ല യഥാർത്ഥ കാലിക ശത്രു. എന്റെയും നിന്റെയും ഉള്ളിലെ, വറ്റിക്കൊണ്ടിരിക്കുന്ന, ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആർദ്രതയാണ് പ്രശ്നം. പരസ്പരം കൂടിവരുന്ന അകാരണമായുള്ള വെറുപ്പാണ് ഇഷ്യു. അസഹിഷ്ണുതയാണ് പ്രോബ്ലം. അതിന്റെ പരിഹാരം തിരിച്ച് ഇരട്ടി വെറുപ്പും അസഹിഷ്ണുതയും പ്രകടിപ്പിച്ച് ചേരിതിരിയലാണെന്ന് വിശ്വസിക്കുന്ന നിഷ്കുകളാണ് ഇന്നത്തെ സാമൂഹ്യഅധഃപതനത്തിന് ചുക്കാൻ പിടിക്കുന്നത്. ഒരുത്തന്റെ ജനനവും, ജീവിതവും, വേഷവും, വിശ്വാസവും, എന്തിന് പേരുപോലും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന, മറ്റൊരു വ്യക്തിയുടെ പെഴ്സണൽ വിഷയങ്ങളിൽ നിർലജ്ജം ഇടപെടാമെന്ന് ശഠിക്കുന്ന മതവിശ്വാസികളും സമാന സ്വഭാവം കാണിക്കുന്ന വ്യാജപുരോഗമനബുജികളുമാണ് കേരളത്തിന്റെ ഐശ്വര്യം. രണ്ടും തീവ്ര ലൈൻ!
കരുണയും ആർദ്രതയും ഇല്ലെങ്കിൽ പിന്നെന്ത് ഉണ്ടായിട്ടെന്ത് കാര്യം? സമൂഹത്തിന്റെ പൊതുബോധത്തിൽ നിന്ന് ആർദ്രത വറ്റിയാൽ, ഇപ്പൊ സാരമില്ല, നമുക്കത് പിന്നീട് സൗകര്യം പോലെ വീണ്ടെടുക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്. ഈയൊരു സാധനം പോയാൽ പോയതാണ്. പരിണാമത്തിൽ മനുഷ്യന് വാല് എന്നെന്നേക്കും നഷ്ടപ്പെട്ട പോലെ.
ആർദ്രതയും സ്നേഹവും കരുണയും ഇല്ലാത്തിടത്ത് മനുഷ്യർ അപമാനിക്കപ്പെടും, തെറി പറയപ്പെടും, വേദനിക്കപ്പെടും, കൊല്ലപ്പെടും. അച്ഛൻ മകളെ കൊല്ലും, മകൻ അമ്മയെ കൊല്ലും, മക്കളെയും, മരുമക്കളെയും പേരക്കുട്ടികളെയും കൊല്ലും, പോലീസുകാർ ആരെയും കൊല്ലും – ഇതെല്ലാം അവരവരുടെ ശരികളായി ആഘോഷിക്കപ്പെടും. ഇത് കണ്ടും കേട്ടും പഠിച്ച് നാളെ നമ്മുടെ മക്കളുടെ തലമുറക്ക് തീരെ ഇല്ലാത്ത ഒന്നായിരിക്കുമോ കരുണയുള്ള മനസ്സ്?
ഇത്രയും പറഞ്ഞ് വെച്ചാലും, ‘ഞാനല്ല ടീച്ചറേ അടി തുടങ്ങിയത്, മറ്റവനാ കുഴപ്പക്കാരൻ’ എന്ന് പറയുന്ന ഒന്നാം ക്ലാസ്സുകാരൻ ചെക്കന്റെ പക്വതയാണ് ഒരു ശരാശരി മലയാളി പ്രദർശിപ്പിക്കുക. നമ്മളൊക്കെ പണ്ടേ പെർഫെക്റ്റ് എന്ന ഭാവം. അതുകൊണ്ട് തന്നെയാണ് കേരള മോഡൽ ഓഫ് അധഃപതനം കൊലമാസ്സായി തുടരുന്നത്. ഈ ഫേസ്ബുക്ക് തന്നെ കേരളസമൂഹത്തിന്റെ പരിച്ഛേദമാണ്. ഒരാളും അവനവന്റെ അധഃപതനം മറ്റാരുടെയും അധഃപതനം കൊണ്ട് ന്യായീകരിക്കരുത് എന്നേ പറയാനുള്ളൂ.
Post Your Comments