കോട്ടയം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന് കെവിന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും അമ്മയ്ക്കും പങ്ക്. അറസ്റ്റിലായ നിയാസിന്റെ അമ്മയുടേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. നീനുവിന്റെ വീട്ടുകാര്‍ നിയാസിനെ നിര്‍ബന്ധിച്ചു കൊണ്ടുപോയെന്നും നീനുവിന്റെ അമ്മയും അച്ഛനും സഹോരന് ഷാനുവുമാണ് അന്ന് നിയാസിനെ വിളിക്കാന്‍ വന്നതെന്നും അവര്‍ പറഞ്ഞു.
നീനുവിന്റെ മാതാപിതാക്കളായ ചാക്കോയ്ക്കും രഹ്നയ്ക്കും കെവിനെ തട്ടിക്കൊണ്ടുപോകുന്ന ക്വട്ടേഷന്‍ സംബന്ധിച്ച് വിവരം ഉണ്ടെന്നാണ് പോലീസും സൂചിപ്പിക്കുന്നത്. തന്റെ മകനെ കുടുക്കിയതാണെന്നും നീനുവിനെ പരീക്ഷ കഴിഞ്ഞ് കൊണ്ടുവരാന്‍ വാഹനം വേണമെന്നായിരുന്നു ആവശ്യപ്പെട്ടാണ് നീനുവിന്റെ വീട്ടുകാര്‍ നിയാസിനെ വിളിക്കാനെത്തിയതെന്നും അറസ്റ്റിലായ നിയാസിന്റെ അമ്മ വ്യക്തമാക്കി.
സംഭവത്തില്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കെവിന്റെ ഭാര്യ നീനുവിന്റെ വീട്ടുകാര്‍ വന്ന ൈബക്കാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതിയായ നിയാസിനെ വിളിച്ചുകൊണ്ടു വരാനായി ഉപയോഗിച്ച ബൈക്കാണിത്. കേസന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് കെവിന്റെ അച്ഛന് രാജന് ആരോപിച്ചു. പോലീസ് സമയത്ത് ഇടപെട്ടായിരുന്നെങ്കില് തനിക്ക് മകനെ നഷ്ടപ്പെടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായിരുന്നു.
Post Your Comments