പ്രണയിച്ച് വിവാഹം കഴിയ്ച്ചതിന്റെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ട കെവിന് എന്ന യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ആളിക്കത്തുന്നത് പൊലീസിന് നേരെയുള്ള രോഷം കൂടിയാണ്. വെള്ളത്തില്‍ വീണാണ് മരിച്ചതെന്ന വിവരമാണ് ആദ്യം പുറത്ത് വന്നത്. എന്നാല്‍ മരണം കൊലപാതകം തന്നെയെന്ന് സ്ഥിതീകരിക്കുന്ന തെളിവുകള്‍ കെവിന്റെ ശരീരത്തില്‍ നിന്നും തന്നെ ലഭിച്ചിട്ടുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
എന്നാല്‍ ഇതില്‍ സ്ഥിതീകരണം നടത്താത്ത പൊലീസ് പിന്നില്‍ നിന്ന് ഒളിച്ചുകളിയ്ക്കുകയാണോ എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞെങ്കിലും കെവിന്റെ ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്ക് വിട്ടിരിക്കുകയാണ്. ഇതിന്റെ ഫലം കൂടി പുറത്ത് വന്നാല്‍ മാത്രമേ മരണകാരണം സ്ഥിതീകരിക്കാനാകൂ എന്നും പൊലീസ് പറയുന്നു. എന്നിരുന്നാലും ഇതിനു മുന്നോടിയായി ഉയരുന്ന ചോദ്യങ്ങള്‍ തന്നെയാണ് പൊലീസ് ഒളിച്ചുകളി നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ബലം കൂട്ടുന്നത്.
ഭര്‍ത്താവ് കെവിനെ കാണാനില്ലെന്ന് പറഞ്ഞ് നീനു പൊലീസില്‍ പരാതി നല്കാന് ചെന്നപ്പോള്‍ ആദ്യം ലഭിച്ച മറുപടിയില്‍ നിന്ന് തന്നെ പൊലീസിന്റെ നിരുത്തരവാദിത്വപൂര്ണ്ണമായ പെരുമാറ്റം പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ജില്ലയില്‍ നടക്കുകയാണ് അത് കഴിയട്ടെ എന്നായിരുന്നു ഇവിടെ നിന്നും ലഭിച്ച മറുപടി. സംഭവത്തിന് ശേഷം മണിക്കൂറുകള്‍ക്കകം കെവിന്റെ മൃതദ്ദേഹം കണ്ടെടുത്തു. കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍ വികൃതമായാണ് ശരീരം ലഭിച്ചത്. തന്റെ സഹോദരനാണ് ഇതിന് പിന്നിലെന്ന് പൊലീസിനോട് നീനു വ്യക്തമാക്കിയെന്നതും ഈ അവസരത്തില്‍ ഓര്‍ക്കണം. അപ്പോഴും പൊലീസ് അന്വേഷണം ഊര്ജ്ജിതപ്പെടുത്തിയിരുന്നില്ല.
നീനുവിന്റെ സഹോദരന് ഷാനുവിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വാര്‍ത്തയും പൊലീസിന്റെ ഈ അനാസ്ഥയും ചേര്‍ത്ത് വായിച്ചാല്‍ തന്നെ പിന്നില്‍ ഒളിച്ചു കളി നടക്കുന്നുവെന്ന് വ്യക്തമാണ്. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് സര്‍ജന്റെ ഭാഗത്ത് നിന്നുമുള്ള പ്രാഥമിക നിഗമനം എന്തെന്ന് പുറത്ത് വിടാനും പൊലീസ് തയാറായില്ല. വെള്ളം ഉള്ളില്‍ ചെന്നാണ് മരണമെങ്കിലും ശരീരത്തില്‍ ബലപ്രയോഗം നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.
കെവിന്റെ മൃതദ്ദേഹത്തില്‍ നിന്നും കണ്ട പാടുകള്‍ തന്നെ മര്‍ദ്ദനം നടന്നിട്ടുണ്ടെന്നതിനുള്ള സൂചനയാണ് നല്‍കുന്നത്. കണ്ണുകളുടെ മുകളില്‍ മുറിവുകളും കരിനീലിച്ച് കിടക്കുന്നതിന്റെ പാടുകളുമുണ്ട്. വലത് കാലിന്റെ മുട്ടിലും പരുക്കേറ്റിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ മാത്രം സൂചിപ്പിച്ച് പൊലീസ് തന്നെ പ്രധാന വിവരങ്ങള്‍ മുക്കുകയായിരുന്നോ എന്നും സംശയുണ്ട്. കേസില്‍ പ്രതികളെ സംരക്ഷിയ്ക്കാനായി രാഷ്ട്രീയ സ്വാധീനവും നടക്കുന്നുണ്ടോ എന്ന ആരോപണവും ശക്തമാണ്.
കെവിന് രക്ഷപ്പെട്ട് ഓടുന്ന വഴി വെള്ളത്തില്‍ വീണ് മരിച്ചതാകാം എന്ന് പൊലീസ് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമോ എന്നും സംശയമുയരുന്നുണ്ട്. ഇപ്പോള്‍ പിടിയിലായിരിക്കുന്ന നീനുവിവ്റെ സഹോദരനെയും അച്ഛനെയും പൊലീസ് കൃത്യമായ രീതിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ നടന്നതെന്തെന്ന വിവരങ്ങള്‍ പുറത്ത് വരൂ. ഇവര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളുള്ളത് പൊലീസ് അന്വേഷണത്തെ ബാധിച്ചാല്‍ അത് പുറത്ത് വരാനിരിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വരെ പ്രതിഫലിക്കും. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും അന്വേഷണ സംഘത്തെ നയിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തിയേ തീരൂ.
Post Your Comments