ബംഗളൂരു: മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശിയായ സുജിത് കുമാര്‍ എന്ന പ്രവീണിനെയാണ് പിടികൂടിയത്. മാര്‍ച്ച് ഒമ്പതിന് കേസുമായി ബന്ധപ്പെട്ട് കെ.ടി. നവീന്‍ കുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. നവീന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രവീണിനെതിരെ അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഇയാളെ രണ്ടാം പ്രതിയാക്കുന്നത്.
2017 സെപ്റ്റംബര്‍ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനുമുന്നില്‍ വെടിയേറ്റാണ് ഗൗരി കൊല്ലപ്പെട്ടത്. ആദ്യം കസ്റ്റഡിയിലെടുത്ത തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകനായ നവീനിനെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നേരത്തേ പിടിയിലായിരുന്ന പ്രവീണ്‍, ഗൗരി ലങ്കേഷ് വധത്തിലെ രണ്ടാം പ്രതിയാണ്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന പ്രവീണിനെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി എസ്.ഐ.ടി കോടതിയെ സമീപിക്കുകയായിരുന്നു.
കസ്റ്റഡിയില്‍ വാങ്ങിയ പ്രവീണിന്റെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തി. നവീനിനും പ്രവീണിനും കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് എസ്.ഐ.ടി വാദം. ഇരുവരും മറ്റു പ്രതികള്‍ക്ക് വേണ്ട സഹായം ചെയ്തുനല്‍കിയെന്നാണ് കണ്ടെത്തല്‍. നവീനിനെക്കാള് പ്രവീണിന് കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ അറിയാമെന്നും വിശദമായ ചോദ്യം ചെയ്യലിനുശേഷമേ ഇക്കാര്യങ്ങള്‍ വ്യക്തമാകൂവെന്നുമാണ് എസ്.ഐ.ടി അധികൃതര്‍ പറയുന്നത്.
Post Your Comments