രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായ സമയമുണ്ടായിരുന്നു കേരളത്തിന്. എന്നാല്‍ അത് അല്‍പമൊന്നു കെട്ടടങ്ങി സമാധാന അന്തരീക്ഷം ഉടലെടുക്കാന്‍ തുടങ്ങിയപ്പോഴാണ് രക്ത തുള്ളികള്‍ വീണ്ടും കേരള മണ്ണിലേക്ക് വീണത്. കോട്ടയം മാന്നാനം സ്വദേശിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത നമ്മുടെ കാതുകളിലെത്തിയിട്ട് മണിക്കൂറുകളേ ആകുന്നുള്ളു. സമാധാന അന്തരീക്ഷം അടിമുടി തകരുന്ന കാഴ്ച്ച കേരളത്തിന് വീണ്ടും കാണേണ്ടി വന്നു. നീനു എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മാന്നാനം സ്വദേശി കെവിന്‍ വി ജോസഫിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായാണ് കൊലപ്പെടുത്തിയത്. പുനലൂരിന് സമീപം ചാലിയേക്കര തോട്ടില്‍ നിന്ന് കെവിന്‌റെ മൃതദ്ദേഹം കണ്ടെത്തി. ശനിയാഴ്ച്ചയാണ് കെവിന്‌റെ വീട്ടിലേക്ക് നീനുവിന്‌റെ സഹോദരന്‍ ഷാനുവും സംഘവും അതിക്രമിച്ച് കടക്കുകയും കെവിനെ തട്ടിക്കൊണ്ട് പോകുകയും ചെയ്തത്.
തന്‌റെ സഹോദരന്‍ ഷാനുവാണ് ഭര്‍ത്താവ് കെവിനെ തട്ടിക്കൊണ്ട് പോയതെന്ന് നീനു ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ ഇത് പൊലീസ് അവഗണിച്ചാണ് പെരുമാറിയത്. ഇതിനു ശേഷം പുറത്ത് വന്ന വാര്‍ത്തകളും സംഭവത്തില്‍ രാഷ്ട്രീയ ബന്ധമുണ്ടോ എന്ന് സൂചിപ്പിക്കുന്നവയായിരുന്നു. പരാതിയുമായി പൊലീസിനെ സമീപിച്ച നീനുവിനോട് മുഖ്യമന്ത്രിയുടെ പരിപാടി ജില്ലയില്‍ നടക്കുകയാണ് അതിനു ശേഷം നോക്കാമെന്ന പൊലീസ് ഭാഷ്യം പത്ര റിപ്പോര്‍ട്ടുകളായി വന്നിരുന്നുവെന്നും ഈ അവസരത്തില്‍ നാം ഓര്‍ക്കണം.
കെവിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലുള്ളവര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നുവെന്ന ആരോപണം ശക്തമാണ്. ഒരുപക്ഷേ ഇത് മൂലമാണോ പൊലീസ് ആദ്യ ഘട്ടത്തില്‍ പരാതി സ്വീകരിയ്ക്കാന്‍ തയാറാകാഞ്ഞതെന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. അടുത്തിടെ കേരളം കണ്ട പ്രധാന വിഷയങ്ങളായ ശ്രീജിത്ത് വധം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയ സ്വാധീനം തെളിഞ്ഞിരുന്ന വസ്തുതയാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പാര്‍ട്ടിയിലെ നേതൃസ്ഥാനം വഹിക്കുന്നവര്‍ തന്നെ പ്രതികളായ പാര്‍ട്ടിയാണ് സിപിഎം. വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ശിക്ഷ നടപ്പാക്കിയിട്ട് പോലും ഭരണസ്വാധീനത്തിന്‌റെ ബലത്തില്‍ ഇതേ നേതാക്കള്‍ പുറത്തിറങ്ങി നടക്കുന്ന വാര്‍ത്തകളും നാം കേട്ടിട്ട് അധികമായിട്ടില്ല.
രാഷ്ട്രീയ സ്വാധീനം സ്വന്തലാഭത്തിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ കളങ്കപ്പെടുന്നത് സാധാരണക്കാര്‍ക്കായി നിലകൊണ്ട മഹാ പ്രസ്ഥാനവും അതിന്‌റെ മഹിമയുമാണ്. രാഷ്ട്ര സേവനം നൂറു ശതമാനം സംശുദ്ധിയോടു കൂടി നടത്തുന്ന നേതാക്കഉുടെ സല്‍പേരിന്റെ മേലും ഇത്തരത്തിലുള്ള പ്രവര്‍ത്തനം മങ്ങല്‍ ഏല്‍പ്പിക്കുമെന്നും ഓര്‍ക്കണം. മേല്‍തട്ടില്‍ മാത്രമല്ല കീഴ് ഘടകത്തിലും പുഴുക്കുത്തുകള്‍ ഉണ്ടാകുമെന്നതും സത്യം തന്നെ. ഇത്തരത്തിലുള്ളവര്‍ എന്തിനും ഏതിനും പാര്‍ട്ടി സ്വാധീനം ഉപയോഗപ്പെടുത്തി കൊലക്കത്തിയ്ക്ക് മൂര്‍ച്ഛ കൂട്ടുമ്പോള്‍ നഷ്ടമാകുന്നത് ആ കുടുംബത്തിന് ഒരു ജീവനും മറ്റ് കുടുംബങ്ങള്‍ക്ക് തങ്ങള്‍ അനുഭവിക്കേണ്ട മനസമാധാനവുമാണ്. ഭരണ പക്ഷത്തിന്‌റെ സ്വാധീനം ഇത്തരം വിഷയങ്ങളില്‍ വര്‍ധിച്ചു വരുന്നത് കഴിഞ്ഞ മാസങ്ങളില്‍ നാം കണ്ടു കഴിഞ്ഞു. എന്താണ് ഇതിന് പിന്നിലെന്നും രാഷ്ട്രീയ ചരടു വലികളെ ആരാണ് നിയന്ത്രിക്കുന്നതെന്നുമുള്ള വിവരങ്ങള്‍ പുറത്ത് വന്നാലും ഇത് തുടര്‍ക്കഥകളായി തന്നെ നിലനില്‍ക്കുകയാണ്.
അണികളെ നിയന്ത്രിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ അവരില്‍ കാണുന്നത് പ്രവര്‍ത്തകരെയാണോ അതോ സ്വന്തം ചെലവില്‍ വളര്‍ത്തുന്ന ക്വട്ടേഷന്‍ ഗുണ്ടകളെയാണോ എന്നും കേരളം സംശയിച്ച് പോകുന്നു. വിദ്യാഭ്യാസത്തിന്‌റെ ലോകത്ത് സമയം ചെലവിടേണ്ട പ്രായത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പിന്നാലെ പോയി ജീവിതം ഹോമിക്കുന്നവര്‍ക്ക് പിന്നീട് ജീവിതമാര്‍ഗമെന്തെന്നു തിരഞ്ഞെടുക്കുമെന്ന് സംശയമുണരുകയും ജീവിക്കാന്‍ ആവശ്യമുള്ള പണം രാഷ്ട്രീയ പ്രേരിതമായ വാഗ്ദാനത്തിന് പിന്നാലെ എത്തുമ്പോള്‍ കൊലക്കത്തി കയ്യിലെടുക്കാനും ഇവര്‍ പ്രേരിതരാകുകയും ചെയ്യും.
കേട്ടയത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്ത് പ്രചരിച്ചതോടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മറ്റ് സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. ക്രമസമാധാനം തകരുന്നതോടൊപ്പം ജനജീവിതം സ്തംഭിക്കുന്ന നടപടികളും കേരളത്തില്‍ പതിവാണെന്ന് തെളിയിക്കുന്നതാണ് ഇവയൊക്കെ. കെവിന്‌റെ മൃതദ്ദേഹത്തില്‍ കാണിച്ച ക്രൂരത വരെ നാം ഈ അവസരത്തില്‍ ഓര്‍ക്കണം. മനുഷ്വത്വ ഹീനമായ പ്രവൃത്തികള്‍ തുടര്‍ക്കഥകളാകുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണോ എന്നും ജനമനസുകളില്‍ നിന്ന് ചോദ്യമുയരുന്നുണ്ട്. ഈ കേസിന്‌റെ അന്വേഷണം പുരോഗമിയ്ക്കുന്ന അവസരത്തിലെങ്കിലും രാഷ്ട്രീയ സ്വാധീനം കേസിനെ ബാധിക്കാതെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ കഴിയണം. കൊലപാതകങ്ങള്‍ തുടര്‍ക്കഥകളാകുന്ന നാടെന്ന പേര് നമ്മുടെ കേരളത്തിന്‍റെ മേല്‍ നിന്ന് മാറണം. രാഷ്ട്രിയത്തേക്കാള്‍ രാഷ്ട്രവും അതിലെ ജനങ്ങളുമാണ് പ്രധാനമെന്ന് തിരിച്ചറിഞ്ഞ് പെരുമാറാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ക്കും ഭരണ നേതൃത്വത്തിനും സാധിയ്ക്കട്ടെ.
Post Your Comments