India

എന്നെ പരിഹസിയ്ക്കുന്നവര്‍ രാജ്യത്തെയാണ് പരിഹസിക്കുന്നത് : വികാരധീനനായി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്നും നീക്കാന്‍ ഒരു പ്രതിപക്ഷ ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നെ പരിഹസിയ്ക്കുന്നവര്‍ ഒരു കാര്യം ആലോചിയ്ക്കണം. അവര്‍ എന്നെയല്ല ഈ രാജ്യത്തെയാണ് പരിഹസിയ്ക്കുന്നത്. വളരെയധികം വികാരധീനനായിട്ടായിരുന്നു അദ്ദേഹം ഇത്രയും പറഞ്ഞ് നിര്‍ത്തിയത്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് നേരിട്ട അപ്രതീക്ഷിത അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം

രാജ്യത്ത് ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷമായിരുന്നു കോണ്‍ഗ്രസിന്റേത് കേവലം 44 അംഗങ്ങള്‍ മാത്രമേ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനുള്ളൂ. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം മോദിയും കൂട്ടരും വിജയിക്കുകയും ചെയ്തു. എന്നാല്‍ കര്‍ണാടകത്തില്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് ചെറുതായി പിഴച്ചത് . ഇവിടെ രൂപം കൊണ്ട പ്രതിപക്ഷ ഐക്യം ബി.ജെ.പിയെ ചെറുതായി ഉലച്ചു.

മോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കവേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് മോദി രംഗത്തെത്തി. തന്നെയും ബിജെപിയെയും എതിര്‍ക്കുന്നവര്‍ രാജ്യത്തെ ആണ് എതിര്‍ക്കുന്നതെന്ന് പറയാനും അദ്ദേഹം മടിച്ചില്ല.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനും തന്നെ എതിര്‍ക്കാനുമായുള്ള കൂട്ടുകെട്ട് രാജ്യത്തെ തന്നെ എതിര്‍ക്കുന്നതാണെന്നാണ് മോദി അഭിപ്രായപ്പെട്ടത്. രാഷ്ട്രീയം കളിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും മോദി പറഞ്ഞു. ‘ദളിത് വിഭാഗക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കുംവേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം കോണ്‍ഗ്രസ് തമാശയായാണ് കാണുന്നത്. പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളെ നിന്ദ്യമായി കണക്കാക്കുകയും അവയില്‍ തടസ്സങ്ങളുണ്ടാക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

സ്ത്രീകള്‍ക്കുവേണ്ടി ശൗചാലയം നിര്‍മ്മിക്കുന്നത്, ശുചിത്വഭാരതം എന്ന ആശയം, സൗജന്യ എല്‍പിജി കണക്ഷന്‍ തുടങ്ങിയവയെല്ലാം കോണ്‍ഗ്രസിന് തമാശയാണ്. കുടുംബവാഴ്ച്ച നടത്തുന്നവര്‍ക്ക് ഇതെല്ലാം തമാശയായെ കാണാനാവൂ. അവര്‍ ഇന്ത്യയെ തന്നെയാണ് പരിഹസിക്കുന്നതും എതിര്‍ക്കുന്നതും. അവര്‍ക്ക് കുടുംബമാണ് രാജ്യം. എനിക്കാവട്ടെ രാജ്യമാണ് കുടുംബം,അതുകൊണ്ട് തന്നെ എന്നെ എതിര്‍ക്കുന്നത് രാജ്യത്തെത്തന്നെ എതിര്‍ക്കുന്നതിന് തുല്യമാണ്.’ മോദി പറഞ്ഞു.

അത്യാഗ്രഹികളാണ് രാഷ്ട്രീയത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. അങ്ങനെയുള്ളവര്‍ക്ക് പ്രീണനരാഷ്ട്രീയമേ വശമുള്ളു. ജനങ്ങളെക്കുറിച്ച് ചിന്തയുള്ളവര്‍ക്കേ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും കോണ്‍ഗ്രസിനെ പരാമര്‍ശിച്ച് മോദി അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷം ഹിന്ദു സമുദായക്കാരിലും സര്‍ക്കാര്‍ വിരുദ്ധ മനോഭാവമുണ്ടെന്നും സര്‍വേയില്‍ പറയുന്നു. നോട്ടുനിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍, വരുമാനത്തിലെ കുറവ് തുടങ്ങിയവയാണു സര്‍ക്കാരിനു വെല്ലുവിളി ഉയര്‍ത്തുന്നത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കിടയില്‍ കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് അസംതൃപ്തി വര്‍ധിക്കുകയാണ്. മോദി സര്‍ക്കാരിനെക്കുറിച്ചുള്ള മതിപ്പില്‍ അസംതൃപ്തിക്കാരുടെ എണ്ണം കൂടുകയുമാണ്.

ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കു പരാജയമുണ്ടാകുമെന്ന് അടുത്തിടെ പുറത്തുവന്ന സര്‍വേ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പു നടന്നാല്‍ മധ്യപ്രദേശില്‍ 49 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ടു മാത്രമാകും ലഭിക്കുമെന്നുമാണ്്പുറത്തുവന്ന വാര്‍ത്തകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button