ഇരിങ്ങാലക്കുട: വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട കനാല്‍ ബെയ്സില്‍ മോദിച്ചാല്‍ വീട്ടില്‍ വിജയന്‍(56) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകന്‍ വിനീതിനെ തിരഞ്ഞെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊല്ലുകയായിരുന്നു. ഞായാറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവമുണ്ടായത്. ബൈക്കുകളില്‍ എത്തിയ അക്രമിസംഘം വിജയനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തിയ സംഘം ആദ്യം വിനീതിനെ അന്വേഷിക്കുകയായിരുന്നു. എന്നാല്‍ മകന്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇത് വിശ്വസിക്കാതെ ഗുണ്ടകള്‍ വീടിനുള്ളില്‍ കയറി പരിശോധിച്ചു.തുടര്‍ന്ന് അച്ഛനും ഗുണ്ടകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീടുണ്ടായ പിടിവലിയില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് ഗുണ്ടകള്‍ വിജയനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ വിജയന്‍ മരിച്ചു.
മൂന്ന് ബൈക്കുകളിലായിട്ടാണ് അക്രമികള്‍ വിനീതിനെ ചോദിച്ചെത്തിയത്. ചുണ്ണാമ്പ് നിലത്തു പോയതുമായി ബന്ധപ്പെട്ട് വിനീതും കാട്ടൂര്‍ സ്വദേശികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു. ഇവര്‍ സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്നാണ് സൂചന. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Post Your Comments